
സ്വാശ്രയകോളേജ് അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാരുടെ ‘മഗ്നാകാര്‍ട്ട’ക്ക് ക്യാബിനറ്റിൻ്റെ അനുമതി. ചരിത്രം കുറിക്കുന്ന നിയമം ഉടൻ.- മന്ത്രി ഡോ .കെ ടി ജലീൽ
കേരളത്തിൽ ഓരോ വർഷവും മൂന്നുലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പ്ലസ് ടു പഠനം പൂർത്തിയാക്കി ബിരുദ പഠനത്തിന് അർഹത നേടുന്നത്. ഇവർക്കെല്ലാം ഉപരിപഠനത്തിന് നേരിട്ട് സർക്കാർ സംവിധാനത്തിൽ അവസരമൊരുക്കുന്നതിന് ഒരു സർക്കാരിനും കഴിയില്ല. അത്തരമൊരു സാഹചര്യത്തിലാണ് സ്വാശ്രയകോളേജുകൾ കേരളത്തിൽ ആരംഭിക്കുന്നത്.
- നിലവിൽ 1000-ലധികം സ്വാശ്രയ കോളേജുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവയിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ എണ്ണം അമ്പതിനായിരത്തിലധികം വരും. തികച്ചും അസംഘടിതരായ ഇക്കൂട്ടർപലവിധത്തിലുളള ചൂഷണങ്ങളും തൊഴിലിടങ്ങളിൽ നേരിടുന്നുവെന്ന ആക്ഷേപത്തിന് സ്വാശ്രയ കോളേജുകളോളം തന്നെ പഴക്കമുണ്ട്. അദ്ധ്യാപക-അനദ്ധ്യാപകരുടെ യോഗ്യത, ശമ്പളം, ലീവ്, ജോലി സ്ഥിരത, ജോലിഭാരം, മറ്റ്ആനുകൂല്യങ്ങൾ എന്നിവയെ സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങളൊന്നും തന്നെ നിലവിലില്ല.
ഇത്തരത്തിൽ മുഖ്യധാരാ വിദ്യാഭ്യാസ സംസ്കാരത്തിൽ നിന്ന് വേറിട്ട സേവനവേതനവ്യവസ്ഥയും അധ്യയനരീതിയും ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകാനിടയില്ല.അധ്വാനത്തിന്റെയും വിജ്ഞാനത്തിന്റെയും വിലയറിയുന്ന ഒരു സർക്കാരിന് ഇത്കണ്ടില്ലെന്നു നടിക്കാനാകില്ലെന്നതാണ് യാഥാർത്ഥ്യം.കുത്തഴിഞ്ഞു കിടക്കുന്ന സ്വാശ്രയ മേഖലയിൽ ഒരു നിയമനിർമ്മാണം അതുകൊണ്ടുതന്നെ അനിവാര്യമാണെന്ന് സർക്കാരിന് പൂർണബോധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് “Kerala Self Financing Colleges Teaching & Non Teaching Staff (Appointment and Terms and Conditions of Service) Bill 2020″എന്ന പേരിൽ ഒരു നിയമം കൊണ്ടു വരുന്നതിനുള്ള നടപടികൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് തുടക്കമിട്ടത്. പ്രസ്തുത നിയമത്തിനാണ് ഇന്നത്തെ ക്യാബിനറ്റ് അംഗീകാരം നൽകിയിരിക്കുന്നത്. ഈ വിവരം സന്തോഷത്തോടെയും അതിലേറെ അഭിമാനത്തോടെയും അറിയിക്കട്ടെ.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയുടെ ഏറ്റവും വലിയ ദൗർബല്യം തൊഴിൽ സ്ഥിരത, ന്യായമായ വേതനം, സാമൂഹിക സുരക്ഷ എന്നിവയെ സംബന്ധിച്ച അരക്ഷിതാവസ്ഥയാണ്. ഇതിനൊരു പ്രതിവിധിയും സമാശ്വാസവുമായ വഴി പെട്ടെന്നൊരു നിയമനിർമാണത്തിലൂടെ കൊണ്ടുവരുമ്പോൾ സ്വാഭാവികമായും ചില പ്രശ്നങ്ങൾ ഉയർന്നുവന്നേക്കാം. കാരണം ഈ മേഖലയിലെ തൊഴിലുടമകൾക്ക് അവരുടേതായ അവകാശങ്ങളും താൽപ്പര്യങ്ങളും ലക്ഷ്യങ്ങളും ഉണ്ടാവുക സാധാരണമാണ്.
ജീവനക്കാരുടെ മേലുള്ള നിയന്ത്രണാധികാരം നഷ്ടപ്പെടുമെന്ന ആശങ്കയും പങ്കുവെക്കപ്പെട്ടേക്കാം.സ്വാശ്രയകോളേജുകളിലെ ജീവനക്കാരുടെ മേൽ അച്ചടക്ക നിയന്ത്രണം അതാത് മാനേജമെന്റുകളിൽ നിലനിർത്തുമ്പോൾ തന്നെ അച്ചടക്ക നടപടികൾക്ക് വിധേയരാകുന്ന അധ്യാപകർക്കോ അനധ്യാപകർക്കോ മാനേജ്‌മെന്റിന്റെ ഏതൊരു നടപടിക്കെതിരെയും ബന്ധപ്പെട്ട സർവകലാശാലയിൽ അപ്പീൽ നൽകാനുള്ള അവസരമാണ് ഈ നിയമം മൂലം കൈവരുന്നത്. സർവകലാശാലയുടെ സിൻഡിക്കേറ്റ് ഇത്തരം അപ്പീലുകളിൽ തീർപ്പു കൽപ്പിക്കുകയും, അത് മാനേജ്‌മെന്റിനും ജീവനക്കാർക്കും ഒരു പോലെബാധകമാവുകയും ചെയ്യുമെന്നാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്.
കേരളത്തിൽ ഉണ്ടായിട്ടുള്ള പുരോഗമന പരമായ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ക്കും ജനാധിപത്യ സംസ്കാരത്തിനും എതിരായ സമീപനങ്ങളാണ് പല സ്വാശ്രയകോളേജുകളിലും നിലനില്‍ക്കുന്നത്. ഇത് പരിഹരിയ്ക്കാനുള്ള വ്യവസ്ഥകള്‍ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അദ്ധ്യാപക-അനദ്ധ്യാപക വിഭാഗങ്ങളിലെ വിവിധ തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നവരും മാനേജ്മെന്റും തമ്മിൽ തസ്തിക, നിയമന കാലയളവ്, ശമ്പളവും ബത്തകളും അനുബന്ധ ആനുകൂല്യങ്ങളായ ശമ്പള സ്കെയിൽ, ഇൻക്രിമെന്റ്, ഗ്രേഡ്, സ്ഥാനക്കയറ്റം മുതലായവയെ സംബന്ധിച്ച പരസ്പര സമ്മത പ്രകാരമുള്ള നിബന്ധനകൾ ഉൾപ്പെടുത്തി കരാറിൽ ഏർപ്പെടണമെന്നാണ് പുതിയ നിയമത്തിൽ അനുശാസിച്ചിട്ടുള്ളത്.
ജോലി സമയം, ജോലി ഭാരം, തൊഴിൽ ദിനങ്ങൾ തുടങ്ങിയവ സർക്കാർ/എയ്ഡഡ് കോളേജുകളിലെ ജീവനക്കാർക്ക് സമാനമായിരിക്കുമെന്ന വ്യവസ്ഥയും, അവധി അവകാശങ്ങൾ ഉറപ്പുനൽകുന്ന നിബന്ധനയും, ജീവനക്കാരുടെ ക്ഷേമവും തൊഴിൽപരമായ മാന്യതയും ലക്ഷ്യമിട്ടുള്ളതാണ്.
അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ പരാതികൾ പരിഹരിക്കുന്നതിന് കോളേജ് കൗൺസിൽ, സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കമ്മിറ്റി, തുടങ്ങിയവയും സമാന ലക്ഷ്യത്തോടുകൂടി നടപ്പിലാക്കപ്പെടുന്നവയാണ്.ഈ രംഗത്തെ ഏതൊരു ജീവനക്കാരന്റെയും/ജീവനക്കാരിയുടെയും ഉത്കണ്ഠയാണ്, തൊഴിലില്‍ നിന്ന് പിരിഞ്ഞതിന് ശേഷമുള്ള പരാശ്രയമില്ലാത്ത ജീവിതാവസ്ഥ. സ്വാശ്രയ കോളേജുകളിൽ നിയമിക്കപ്പെടുന്ന എല്ലാവരെയും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിലുള്ള എംപ്ലോയീസ് ഫണ്ടിലും അതിനോടനുബന്ധിച്ചുള്ള പെൻഷൻ പദ്ധതിയിലും നിർബന്ധമായും ചേർത്തിരിക്കണം എന്ന വ്യവസ്ഥ ഈ നിയമത്തിൻ്റെ ഭാഗമാക്കിയിരിക്കുന്നത്, ജീവനക്കാരുടെ ആത്മവിശ്വാസം ഉയർത്തും എന്ന കാര്യത്തിൽ സംശയമില്ല.
മാത്രവുമല്ല എല്ലാ ജീവനക്കാരെയും ഭാരത സർക്കാരിന്റെ അംഗീകാരമുള്ള ഒരു ഇൻഷുറൻസ് കമ്പനിയുടെ ഇൻഷുറൻസ് പദ്ധതിയിലും ആറു മാസത്തിനുള്ളിൽ ചേർത്തിരിക്കണമെന്ന് നിയമം വ്യക്തമാക്കുന്നുണ്ട്. സ്വാശ്രയ കോളേജുകളിൽ നിയമിക്കപ്പെടാനുള്ള കുറഞ്ഞ പ്രായവും കൂടിയ പ്രായവും വിരമിക്കൽ തീയതിയും ബന്ധപ്പെട്ട റെഗുലേറ്ററി ബോഡി കാലാകാലങ്ങളിൽ നിശ്ചയിക്കുന്നപ്രകാരമായിരിക്കും.
സ്വാശ്രയ കോളേജുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതാവസ്ഥയും ഗുണമേന്മയെ സംബന്ധിച്ച ഉൽക്കണ്ഠയും പൊതു സമൂഹത്തിൽ നിലനിൽക്കുന്നുവെന്നത് വസ്തുതയാണ്. അതതു വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട റഗുലേറ്ററി സംവിധാനങ്ങൾ നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത ജീവനക്കാർക്ക് ഉണ്ടാകണമെന്ന വ്യവസ്ഥ ആക്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, ഈയൊരു അവസ്ഥാവിശേഷവുംകൂടി കണക്കിലെടുത്താണ്. നിലവിൽ സ്വാശ്രയ മേഖലയിൽ ജോലി ചെയ്തു വരുന്നവർക്ക് മതിയായ യോഗ്യത നേടുന്നതിന് സാവകാശം നൽകാനും നിയമം അനുശാസിക്കുന്നുണ്ട്.
പുതിയ നിയമനങ്ങൾക്ക് പൊതു വിജ്ഞാപനവും മെറിറ്റും നിയമത്തിൽ നിഷ്കർഷിക്കുന്നുണ്ട്. കോളേജുകളിൽ ആഭ്യന്തര ഗുണനിലവാര സമിതികളും അദ്ധ്യാപക-രക്ഷാകർതൃ സമിതികളും നിർബന്ധമാക്കാൻ നിയമത്തിൽ പറയുന്നുണ്ട്. ഗുണനിലവാരവും സുതാര്യതയുമാണ് ഇതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്.കോളേജ് ജീവനക്കാരുടെ നിയമനം, യോഗ്യത, സേവന-വേതന വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട വിശദവിവരങ്ങളടങ്ങിയ രജിസ്റ്റർ ബന്ധപ്പെട്ട സർവ്വകലാശാലകളിൽ സൂക്ഷിക്കണമെന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. പ്രസ്തുത ജീവനക്കാരുടെ സേവനം സർവ്വകലാശാലയുടെ അക്കാദമിക പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ ഇത് പ്രയോജനപ്പെടും. അക്കാദമിക് മേൽനോട്ടത്തോടൊപ്പം സ്വാശ്രയ കോളേജുകളുടെ പ്രവർത്തനങ്ങളുടെ നിരീക്ഷണ മേൽനോട്ടവും സർവ്വകലാശാലകളിൽ നിക്ഷിപ്തമാകുന്നുവെന്ന സവിശേഷതയും ബിൽ നിയമമാകുന്നതിലൂടെ സംജാതമാകും.
വിജ്ഞാനത്തിന്റെയും വിജ്ഞാനോൽപാദനത്തിന്റെയും കേന്ദ്രങ്ങളാകേണ്ട ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർ ചൂഷണത്തിന്റെയും വിദ്യാഭ്യാസ കച്ചവടത്തിന്റെയുംഇരകളാകാൻ പാടില്ലെന്നുള്ളതാണ് സർക്കാറിൻ്റെ പക്ഷം. ധൈഷണികരംഗത്ത്പ്രവർത്തിക്കുന്നവർക്ക് തൊഴിൽപരമായ മാന്യതയും നിയമപരമായ അവകാശസംരക്ഷണവും ഉറപ്പുനൽകുക എന്ന ചരിത്രപരമായ ദൗത്യമാണ് പുതിയ സ്വാശ്രയ ബിൽ നിറവേറ്റുന്നത്.
ഈ നിയമത്തെ സ്വാശ്രയമേഖലയിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ മാഗ്നകാര്‍ട്ട എന്നാകും ചരിത്രം രേഖപ്പെടുത്തുക.

മന്ത്രി ഡോ .കെ ടി ജലീൽ