
വാർദ്ധക്യത്തിൽ വിഷാദത്തിനുള്ള സാദ്ധ്യതകൾ കൂടുതലാണ്.വെളിച്ചമേകണം
അതിനെ കുറിച്ച് മനോരമയുടെ നല്ല പ്രായം സെഗ്‌മെന്റിൽ. സ്വീറ്റ് ഹോം പംക്തിയിൽ .
(One Minute Read)

മുതിർന്ന പൗരന്മാരിൽ വിഷാദ രോഗ സാദ്ധ്യതകൾ കൂടുതലാണ്. വൈകാരികാവസ്ഥകളെ നിയന്ത്രിക്കുന്ന തലച്ചോറിന്റ ഭാഗങ്ങളിലും, അതിന്റെ രാസഘടനയിലും പ്രായം സൃഷ്ടിക്കുന്ന വ്യതിയാനകളുടെ ഫലമാണിത് . പ്രതികൂല ജീവിത സാഹചര്യങ്ങളിൽ അത് കൊണ്ട് പലപ്പോഴും മനസ്സിന്റെ കരുത്ത് ചോർന്നു പോകാം. ചിലരിൽ അത് വിഷാദരോഗത്തിന്റെ തലത്തിലേക്ക് എത്തിയെന്നും വരും. പ്രീയപ്പെട്ടവരുടെ മരണം ,ആശ്രയിച്ചു കഴിയേണ്ടി വരുന്നതിന്റെ വിഷമം, രോഗങ്ങളുണ്ടാക്കുന്ന ക്ലേശങ്ങൾ, ഒറ്റപ്പെടലിന്റെ നോവുകൾ -ഇങ്ങനെയുള്ള ജീവിതസായാഹ്നപ്രതിസന്ധികൾ വിഷാദമുണ്ടാക്കാം

. മുതിർന്ന വ്യക്തി ഇത്തരമൊരു അവസ്ഥയിലായാൽ അത് വീടിന്റെ സന്തോഷത്തെ ബാധിക്കാം.ഒപ്പമുണ്ടെന്ന തോന്നലുണ്ടാക്കി വിഷാദത്തെ ലഘൂകരിക്കേണ്ട ചുമതല വീട്ടിലെ മറ്റുള്ളവർ ആത്മാർത്ഥതയോടെനിറവേറ്റണം .
പ്രായമായ വ്യക്തിയുടെ മനസ്സിനെ ബാധിക്കാനിടയുള്ള സംഭവങ്ങൾ ജീവിതത്തിലുണ്ടാകുമ്പോൾ

ശ്രദ്ധിക്കണം .അതിര് വിടുന്ന വിഷാദത്തിലേക്ക് വീഴുന്നുണ്ടോയെന്ന് നോക്കണം.
ആസ്വദിച്ചിരുന്ന എല്ലാത്തിലുമുള്ള താൽപ്പര്യം നഷ്ടമായി ഉൾ വലിയുന്നതും, ആരോടും മിണ്ടാതിരിക്കുന്നതുമൊക്കെ സൂചനയാണ് .പണ്ടില്ലാത്ത വിധത്തിലുള്ള കോപമോ ,സങ്കടമോ കാട്ടാം .ഉറക്കവും വിശപ്പും കുറയാം .തൂക്കം വല്ലാതെ
കീഴോട്ട് പോകാം .ജീവിച്ചിട്ട് എന്ത് കാര്യമെന്ന വർത്തമാനങ്ങൾ പറയാം .
മാതാവോ പിതാവോ മിണ്ടാട്ടമില്ലാതെ മുഖം മങ്ങി ഇരിക്കുന്നത് കാണുമ്പോൾ

ദ്വേഷ്യപ്പെടാനോ, അസഹ്യത പ്രകടിപ്പിക്കാനോ പോകരുത് .അവർ അനുഭവിക്കുന്ന വൈകാരിക സംഘർഷങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുക .വിഷാദത്തിൽ പെടുമ്പോൾ ചിലർക്ക് ആരോടും സംസാരിക്കണമെന്ന് തോന്നുകയില്ല .മറ്റ് ചിലർക്ക് സാന്ത്വനം വേണമെന്ന ആഗ്രഹം ഉണ്ടാകും.മനസ്സറിഞ്ഞു ഇടപെടാനാകണം .സ്നേഹ സാന്നിധ്യം എപ്പോഴും ഉണ്ടാകണം .ഉപദേശങ്ങളും, തത്വ ചിന്താപരമായ പറച്ചിലുകളും അനുചിതമായേക്കും .

പോയ കാലങ്ങളിലെ നല്ല കാര്യങ്ങൾ ഓർമ്മിപ്പിക്കാം .എത്ര മാത്രം പ്രീയപ്പെട്ടവരാണെന്ന് പറയാം. ആഹാരത്തിനോട് വിരക്തി കാട്ടുന്നവരെ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കണം. ഒന്നും വേണ്ടെന്ന വാശികളെ ശാന്തമായി നേരിടണം .ആത്മഹത്യാ പ്രവണത തിരിച്ചറിയണം .കരുതലോടെ കാക്കണം. വിഷാദത്തിന് വളമിടുന്ന ഘടകങ്ങൾ വീട്ടിൽ നിന്നുണ്ടെങ്കിൽ
അത് പരമാവധി പരിഹരിക്കണം .വിഷാദ രോഗമാണെങ്കിൽ വിദഗ്ധ
ചികിത്സ നൽകണം .ഉറക്കം വീണ്ടെടുക്കണം .


വിഷാദത്തിൽ വയോജനങ്ങൾക്ക് തുണയാവുകയും, പ്രതിവിധികൾ ലഭ്യമാക്കുകയും ചെയ്യുമ്പോഴാണ് കൂട്ടായ്മയുടെ പോഷക ശക്തി കുടുംബത്തിൽ അനുഭവപ്പെടുന്നത് .

ഡോ . സി ജെ ജോൺ