കോടതി സിറ്റിംഗ് സമയമാറ്റം അശാസ്ത്രീയവും,അപക്വവുമായ ആലോചന.

Share News

1 . കോടതി സമയക്രമം മാറ്റുന്നത് ചെറുത്തു തോൽപ്പിക്കേണ്ട ഒന്നാണ്. വിവിധ കാരണങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്ന്, കോടതി ജഡ്ജിമാർക്ക് , രാവിലെ കോടതി ഓഫിസുകൾ തുറക്കുന്ന സമയത്ത് പല വെരിഫിക്കേഷനുകളും നടത്തി വേണം കോടതിയിലിരിക്കുവാൻ എന്നതാകുന്നു. ജഡ്ജിമാർ കേസ് പഠിച്ച് വരുവാൻ അവർക്ക് സമയമില്ലാതാകും എന്നത് സുപ്രധാനമാണ്. മുന്നിൽ വരുന്ന കേസ് എന്തെന്ന് അറിയുവാൻ വേറെ സമയമില്ല.

2. രാവിലെ പത്തിന് തുറക്കുന്ന കോടതി ഓഫിസുകളിൽ അപ്പോൾ തന്നെ സിറ്റിംഗ് നടത്തുക പ്രായോഗികമല്ല, വെരിഫിക്കേഷനുകൾ നടത്താതെയുള്ള സബ്മിഷനുകൾക്ക് അഭിഭാഷകർ നിർബ്ബന്ധിതരാകുന്നത് കോടതികളെ നിസ്സഹായരാക്കും.

3. കോടതി സ്റ്റാഫിന് രാവിലെ പത്ത് മണി മുതൽ ആണല്ലോ വർക്കിംഗ് സമയം. അവർ ഓഫിസിലെത്തി ഫയലുകൾ മുറയിൽ നിന്ന് കണ്ടെത്തി വിളിക്കുവാൻ പെടുന്ന പ്രയാസങ്ങൾ ബെഞ്ചിലിരിക്കുന്ന ഓഫിസർമാർക്ക് ചിലപ്പോൾ മനസ്സിലായെന്നു വരില്ല. പത്ത് മണിക്ക് മാത്രമാണ് പലപ്പോഴും ഓഫീസുമുറികൾ പോലും തുറക്കപ്പെടുന്നത്. ചിതറിക്കിടക്കുന്ന കേസുകൾ അടുക്കി പെറുക്കി ലിസ്റ്റ് പ്രകാരം വിളിക്കുന്നത് സമയം വേണ്ടുന്ന പണിയാണ്. ബഹു. ഹൈക്കോടതിയിൽ ഒരേ തരത്തിലുള്ള കേസുകൾ മാത്രമായതിനാൽ താരതമ്യേന വേഗം നടക്കും, അത് മിനിമം ആയിരത്തിലധികം വ്യത്യസ്ത തരത്തിലുള്ള കേസുകൾ വിളിക്കേണ്ടുന്ന കീഴ്‌ക്കോടതികളിൽ പ്രായോഗികമല്ല. ബഹുഭൂരിപക്ഷവും സ്ത്രീ ജീവനക്കാർ ഉള്ള കാലമാണിത് എന്നതും സ്മരണീയമാണ്. അവർക്ക് ഓഫീസുകളിൽ മാത്രമല്ല ജോലികൾ എന്നത് തൽക്കാലം മറക്കാനാവില്ല!

4 . അഭിഭാഷകർക്കും സമയം ആവശ്യമാണല്ലോ. പ്രധാന കേസുകളിൽ രേഖകൾ ഫയൽ ചെയ്യുക, രാവിലെ എത്തുന്ന സാക്ഷികളോട് സംസാരിക്കുക, അവർക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുക, എന്നിവയൊക്കെ എപ്പോൾ ചെയ്യണമെന്നാണ് പത്തുമണി മുതൽ സിറ്റിങ് വയ്ക്കുമ്പോൾ കരുതേണ്ടത്? തന്നെയുമല്ല, പലപ്പോഴും അഭിഭാഷകർക്ക് രാവിലെ കേസ് ഫയൽ കോടതിയിൽ ഒന്ന് റഫർ ചെയ്യേണ്ടി വരിക സ്വാഭാവികമായ ഒരു കാര്യമാണ്. രാവിലെ അതിനും അവസരവും സമയവും ലഭിക്കുകയില്ല.

5. പ്രോസിക്യൂട്ടർ മാരുടെ അവസ്ഥയാണ് ഏറ്റവും ദുരിതകരം. പോലീസ് പലപ്പോഴും ഫയൽ രാവിലെയാണ് എത്തിക്കുക, അത് ഒന്ന് റഫർ ചെയ്യുവാൻ പോലും നിലവിലെ സമയം തന്നെ അപര്യാപ്തമാണ്. പത്തുമണിക്ക് സിറ്റിങ് ആരംഭിക്കുമ്പോൾ അവരുടെ അവസ്ഥയും വളരെ പരിതാപകരമാവും.

6.. ബുദ്ധിമുട്ടുന്ന മറ്റൊരു വിഭാഗം അഡ്വക്കേറ്റ് ക്ളാർക്കുമാരാണ്. രാവിലെ വന്നിരുന്നു അവധിയപേക്ഷയും മറ്റും കോടതികളിൽ ബോധിപ്പിച്ചില്ലായെങ്കിൽ ഓഫിസിൽ തിരികെ കയറാനാവില്ലല്ലോ. ഗുമസ്തന്മാർക്ക് അല്ലെങ്കിൽ തന്നെ ബഞ്ച് ഇറങ്ങാതെ ഒന്നും വയ്യാത്ത സാഹചര്യം ഇന്നുമുണ്ട്. ഇ-ഫയലിംഗ് സംവിധാനം അപഹരിക്കുന്ന സമയം എത്രയെന്നു ദൈവത്തിനു പോലും നിശ്ചയമില്ല.

7. പോലീസിനും അന്വേഷണ ഉദ്യോഗസ്ഥർക്കുമെല്ലാം രാവിലെ കേസുകൾ റഫർ ചെയ്യേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണല്ലോ. പത്തു മണിക്ക് ഓടിപ്പാഞ്ഞു വന്ന് കോടതിയിൽ എത്തുന്ന തിരക്കുള്ള പോലീസ് ഓഫിസർമാർക്ക് എന്താണ് കേസ് എന്ന് പോലും പരിശോധിക്കാനാവില്ല. അവരുടെ മൊഴികൾ പലപ്പോഴും നിർണായകവുമാണല്ലോ. ഡോക്ടർമാർ സാക്ഷികളാവുമ്പോഴും ഇത് സംഭവിക്കാം.

8. പത്ത് മണി മുതൽ ദീർഘസമയം കോടതികൾ സിറ്റിംഗ് തുടരുന്നത്, വിവിധ പ്രതിസന്ധികൾ കോടതികളിൽ ഉളവാക്കും. ജഡ്ജിമാരുടെ വ്യക്തിപരമായ ആവശ്യങ്ങൾ ഒന്നും തന്നെ നിറവേറ്റുവാൻ സാധിക്കാതെ വരാം. വിധിയെഴുതുന്നതിനും തയ്യാറാക്കുന്നതിനും ഏതു സമയം തെരഞ്ഞെടുക്കും എന്നതും പ്രശ്നമാകും. ലഘുഭക്ഷണ സമയം ഇപ്പോൾ തന്നെ ലഭ്യമല്ല.

9. ഒരു കീഴ്‌ക്കോടതിയും സ്ഥിരമായ സമയനിഷ്‌ഠ പുലർത്തുകയില്ല എന്നതാണ് കണ്ടുവരുന്നത്. അത് അവരുടെ കുറ്റം തന്നെയല്ല. കേസുകൾ കുമിഞ്ഞു കൂടി വലിയ തിരക്കാണ് കീഴ്‌ക്കോടതികളിൽ. ഭക്ഷണ സമയം പോലും അനുവദിക്കാറില്ല. അതി ദീർഘമായി കോടതിയിൽ ജഡ്ജ് കയറിയിരിക്കുന്നതോടെ ഷുഗർ, കൊളസ്ട്രൊൾ , ഉറക്ക പ്രശ്നവും എല്ലാം അഭിഭാഷകരെയും ജഡ്‌ജിമാരെയും ഒരുപോലെ ബാധിക്കുമല്ലോ .

10. ഇപ്പോൾ ഇ – കോർട്ട് എൻട്രികൾക്ക് അവ നടത്തുന്ന ജോലിക്കാർക്ക് സമയം ലഭിക്കുന്നതേയില്ല. അതും കൂടുതൽ അവതാളത്തിലാകുവാനേ സമയ പരിഷ്കരണം കൊണ്ട് സാധിക്കൂ.

11. കക്ഷികൾക്കുണ്ടാകുന്ന ദുരിതങ്ങൾ ഇതിനെല്ലാം അപ്പുറമാണ്! വക്കീലാഫിസിൽ കാലത്ത് ഏഴുമണിക്കെങ്കിലും അവർ എത്തണം, അഭിഭാഷകരും ജുനിയർമാരും വരണം. ദൂരെ സ്ഥലങ്ങളിൽ കേസിനു പോകേണ്ടവർ തലേന്ന് തന്നെ ക്യാമ്പ് ചെയ്യുകയും വേണം. കക്ഷികളുടെ ചിലവ് അധികരിക്കും.

സാക്ഷികൾ വരേണ്ടാത്ത, വിചാരണകൾ ഇല്ലാത്ത, ഹൈക്കോടതികൾ സമയമാറ്റം വരുത്തിയത് (അതും 10:30) പോലെ ഒന്നല്ല സാധാരണക്കാരെ തീർത്തും ദുരിതത്തിലാക്കുന്ന കീഴ് കോടതി സമയമാറ്റം.

ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികൾ നിലവിൽ ഏറെയുണ്ട്. സമയ പരിഷ്കരണം ദുരിതത്തിലാക്കുന്നത് അഭിഭാഷകരെ മാത്രമല്ല, കക്ഷികളെയും, പോലീസിനെയും, പ്രോസിക്യൂഷനെയും, സാക്ഷികളെയും, അഭിഭാഷകരെയും, ക്ലാർക്കുമാരെയും ജഡ്ജിമാരെയും സ്റ്റാഫ്‌ ജീവനക്കാരെയുമാണ്. സർവ്വോപരി നിയമ ലോകത്ത് വ്യാപരിക്കുന്നവരുടെ കുടുംബ ജീവിതത്തെയും ബാധിക്കാം! അതുകൊണ്ട് തന്നെ കേരളത്തിൽ കോടതികളുടെ സിറ്റിംഗ് സമയം മാറ്റുന്നതിനെപ്പറ്റി നടക്കുന്ന ആലോചനകൾ ഉടനടി അവസാനിപ്പിക്കണം.

അഡ്വ. അനിൽ ഐക്കര.

നിയമ ബോധി :: Niyama Bodhi

സാധാരണക്കാരനെ നിയമം പഠിപ്പിക്കുന്നതിനായുള്ള ഒരു കൂട്ടം അഭിഭാഷകരുടെ പരിശ്രമം.

Share News