ക്രിസ്ത്യാനികൾ പൊതുവെ, അനാർക്കിസ്റ്റുകളല്ല. നിയമം പാലിക്കുന്നവരും, ‘റൂൾ ഓഫ് ലോ’ എന്ന ആശയം സഭയിലും രാഷ്ട്രത്തിലും മുറുകെ പിടിക്കുന്നവരുമാണ്.

Share News

കത്തോലിക്കാ സഭയെ നിലനിർത്തുന്നത് യേശുക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണോ? അല്ല എന്നാണ് ഉത്തരം. വിശ്വാസം ജീവിക്കുന്ന മനുഷ്യസമൂഹം എന്ന നിലയിൽ, വിശ്വാസത്തെ ആഘോഷിക്കുന്ന കർമ്മങ്ങളും ആചാരക്രമങ്ങളുമുണ്ട്.

വിശ്വാസത്തിന്റെ ചൈതന്യം നിലനിർത്തുന്ന ആത്മീയതയും പ്രാർത്ഥനകളും ഇത്തരം ആചാരങ്ങളെ അർത്ഥവത്തായി അവതരിപ്പിക്കുകയും ജീവിതത്തിൽ അവ പാലിക്കാൻ വിശ്വാസികളെ സഹായിക്കുകയും ചെയ്യുന്നു. വിശ്വാസം വെളിച്ചമാകുന്നത് അതിനെ യുക്തിപൂർവം ഗ്രഹിക്കുമ്പോഴാണല്ലോ. ഇതിനു സഹായിക്കുന്ന ദൈവശാസ്ത്ര ചിന്തകളും സഭാ ജീവിതത്തിന്റെ ഭാഗമാണ്. മറ്റേതു മേഖലയിലും എന്നതുപോലെ സഭയിൽ വിശ്വാസികൾ ജീവിക്കേണ്ട ജീവിത ക്രമവും അതിനാവശ്യമായ പരിശീലനവുമുണ്ട്. വ്യക്തവും കൃത്യവുമായ സഭാ നിയമങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, ഇങ്ങനെ ചിട്ടയോടെയുള്ള ഒരു ജീവിതക്രമം സാധ്യമാകുമായിരുന്നില്ല.

സഭ ഒരു ഹായരാർക്കിക്കൽ കമ്യൂണിയൻ ആയതുകൊണ്ടും അതിന്റെ ചൈതന്യം കൂട്ടായ്മയുടേത് ആയതുകൊണ്ടും സഭാഗാത്രത്തിന്റെ ശിരസ്സായി യേശുക്രിസ്തു നിലനിൽക്കുന്നതുകൊണ്ടുമാണ് സഭയിലുള്ള എല്ലാ അംഗങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത്.

നിയതമായ കർത്തവ്യങ്ങളാൽ ഈ ബന്ധം ഉറപ്പിക്കപ്പെട്ടിരിക്കുന്നു. വിശ്വാസിക്കും വൈദികനും മെത്രാനും സമർപ്പിത ജീവിതം നയിക്കുന്നവർക്കും ഒരേ കർത്തവ്യമല്ല ഉള്ളത്. ഓരോരുത്തരും അവരവരുടെ കർത്തവ്യം പാലിക്കുവാൻ കടപ്പെട്ടിരിക്കുന്നു. അവ പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്ന നിയമ സംവിധാനവും ചട്ടങ്ങളും നടപടി ക്രമങ്ങളും സഭക്കുണ്ട്.

പുരോഹിതർ സഭയിൽ പുരോഹിതനായി തുടരണമെങ്കിൽ സഭയിൽ പുരോഹിതർ പാലിക്കേണ്ട ജീവിതക്രമവും കർത്തവ്യങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കണം. അതിനായി പരിശ്രമിക്കണം.

വീഴ്ചകളും പരാജയവും സംഭവിച്ചാൽ, സഭയിൽ അദ്ദേഹത്തിന്റെ ജീവിതക്രമം അനുശാസിക്കുന്ന വിധം നിയമപരമായി തിരുത്താൻ സന്നദ്ധനായിരിക്കണം. അങ്ങനെ സന്നദ്ധനാകാൻ താല്പര്യമോ ഉദ്ദേശ്യമോ ഇല്ലെങ്കിൽ, അവരെ പൗരോഹിത്യ ജീവിതക്രമതിൽനിന്നു സ്വതന്ത്രരാക്കി സാധാരണ വിശ്വസിയുടെ ജീവിതക്രമമോ സന്യാസ ജീവിതക്രമമോ സ്വീകരിക്കാൻ അവരെ പ്രേരിപ്പിക്കുകയും ഉപദേശിക്കുകയും അനുശാസിക്കുകയും ചെയ്യാൻ സഭക്കു കടമയും സംവിധാനങ്ങളുമുണ്ട്.

സഭാക്കോടതി, കാനോനിക്കൽ ട്രൈബ്യൂണൽ എന്നൊക്കെ പറയുന്ന സംവിധാനം സഭയിൽ നിരന്തരം പ്രവർത്തിച്ചുകൊണ്ടാണ് ഇരിക്കുന്നത്. എന്തെങ്കിലും സവിശേഷമായ സംഭവവികാസങ്ങൾ ഉണ്ടായാൽ ‘സ്പെഷ്യൽ ട്രൈബ്യൂണലുകൾ’ സ്ഥാപിക്കാനും സംവിധാനമുണ്ട്. ഇതൊന്നും അറിയാത്തവരാണ് കേരളത്തിലെ മാധ്യമ പ്രവർത്തകരെങ്കിൽ, ഇത്തരം കാര്യങ്ങൾ വായിച്ചു പഠിക്കുകയോ ചോദിച്ചു മനസ്സിലാക്കുകയോ വേണം.

കടുത്ത നിയമങ്ങളോ ക്രൂരമായ നടപടിക്രമങ്ങളോ ഇല്ലെങ്കിലും, കൃത്യമായ നിയമങ്ങളും അവ പാലിക്കുന്നതിനുള്ള സംവിധാനങ്ങളും സഭയിലുണ്ട്. മെത്രാന്മാരും മെത്രാൻ സമിതികളും സിനഡുകളും എല്ലാം ഈ നിയമ വ്യവസ്ഥയുടെ ഭാഗമാണ്. അവർക്കും, അവയോരോന്നിനും, കൃത്യമായ അവകാശങ്ങളും കടമകളും ചുമതലകളുമുണ്ട്.

സഭയിൽ പാലിക്കേണ്ട ഇത്തരം നിയമങ്ങളൊന്നും രാജ്യത്തിന്റെ ഭരണഘടനക്കോ നിലനിൽക്കുന്ന നിയമ വ്യവസ്ഥക്കോ വിരുദ്ധമല്ല. അങ്ങനെ ആകാതിരിക്കാനുള്ള ജാഗ്രതയും ശ്രദ്ധയും സഭയ്ക്കുണ്ട്. തിരുത്തലുകൾ ആവശ്യമില്ലാത്ത നിയമങ്ങളല്ല, ഒരോ കാലഘട്ടത്തിനും സാഹചര്യങ്ങൾക്കും അവ ഉയർത്തുന്ന വെല്ലുവിളികൾക്കും അനുസൃതമായി സഭാ ജീവിതത്തെ കരുപ്പിടിപ്പിക്കുന്ന നിയമങ്ങളാണ് സഭക്കുള്ളത്.

മെത്രന്മാർക്കും വൈദികർക്കും സന്യസ്തർക്കും വിശ്വാസികൾക്കും തങ്ങളുടെ ജീവിതക്രമവും കർത്തവ്യങ്ങളും അവകാശങ്ങളും ഉറപ്പാക്കുന്നത് സഭയുടെ നിയമങ്ങളാണ്. അവ മറച്ചുപിടി

ക്കേണ്ട കാര്യങ്ങളല്ല, മനസ്സിലാക്കി ജീവിക്കേണ്ട ജീവിത ക്രമമാണ്.

ക്രിസ്ത്യാനികൾ പൊതുവെ, അനാർക്കിസ്റ്റുകളല്ല. നിയമം പാലിക്കുന്നവരും, ‘റൂൾ ഓഫ് ലോ’ എന്ന ആശയം സഭയിലും രാഷ്ട്രത്തിലും മുറുകെ പിടിക്കുന്നവരുമാണ്.

സഭയുടെ ചട്ടക്കൂടുകൾ ഇഷ്ടമല്ലാത്തവർക്കു വ്യത്യസ്ത ജീവിതക്രമങ്ങൾ പാലിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യവും സഭ നൽകുന്നുണ്ട്. അതുകൊണ്ടാണ് ഒരാൾക്കു വൈദികവൃത്തി ഉപേക്ഷിച്ചു വിവാഹിതനായി സഭയിൽ അന്തസ്സോടെ ജീവിക്കാൻ കഴിയുന്നത്. ഇതൊന്നും കണ്ട് ആരും ഹാലിളകേണ്ട കാര്യമില്ല. ഇങ്ങനെയൊക്കെത്തന്നെയാണ് എല്ലാ മത സമുദായ രാഷ്ട്രീയ സംവിധാനങ്ങളും പ്രവർത്തിക്കുന്നത്.

ഫാ. വർഗീസ് വള്ളിക്കാട്ട്

Share News