
കൊമേഴ്സ് വിദ്യാഭാസം സ്കൂൾ തലത്തിൽ |വിദ്യാർത്ഥികൾക്ക് ഉൾക്കാഴ്ച നൽകുന്ന പദ്ധതിയും അവസരങ്ങളും ലഭ്യമാക്കണം | സാബു തോമസ്.
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ

ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ ആരംഭിച്ചത് 1946ൽ എറണാകുളത്തും. ബിസിനസ് സംവിധാനത്തിന്റെ ദ്രുതഗതിയിലുള്ള വികാസത്തോടെ വാണിജ്യത്തിന്റെ പ്രാധാന്യം വിദ്യാഭ്യാസം വർധിപ്പിക്കുകയും ക്രമേണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ എന്നിവ സ്ഥാപിക്കുകയും ചെയ്തു. ഇത്തരത്തിൽ പ്രാധാന്യം വർധിക്കുമ്പോഴും പ്രൈമറി സ്കൂൾ പാഠ്യപദ്ധതികളിലേക്ക് കൊമേഴ്സ് വിദ്യാഭ്യാസം എത്തിയിട്ടില്ല. സാമ്പത്തിക സാക്ഷരരും ബിസിനസ് വിദഗ്ധരുമായ തലമുറയെ വളർത്തിയെടുക്കാൻ കൊമേഴ്സ് പ്രാഥമിക വിദ്യാഭ്യാസത്തിൽ ഉൾകൊള്ളിക്കേണ്ടത് അനിവാര്യമാണ്.
ആഗോളവത്കരണവും നൈപുണ്യവികസനവും
കൊമേഴ്സ് വിദ്യാഭ്യാസം നവീകരിക്കുകയും ജനകീയമാക്കുകയും ചെയ്യേണ്ടത് മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥയുടെ അടിയന്തര ആവശ്യമാണ്. സേവനനികുതിയും ആദായനികുതിയുമൊക്കെ ആഗോള നിലവാരത്തിലേക്ക് ഉയരുന്നതും സങ്കീർണമാകുന്നതും മനസിലാക്കി വിദഗ്ധരായ ആളുകളെ പ്രശ്നപരിഹാരത്തിന് നിയോഗിക്കേണ്ടതാണ്.
ഇതിനാവശ്യമായ നൈപുണ്യം നേടാൻ കൊമേഴ്സ് വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തിയേ മതിയാകൂ. തൊഴിലില്ലായ്മ ലോകത്തെമ്പാടും ഉണ്ടെങ്കിലും വിദഗ്ധരായ ആളുകൾക്കുവേണ്ടി സർക്കാരുകളും കോർപറേറ്റുകളും പരതുകയാണ്. ഈ സാഹചര്യങ്ങൾ കൂടി വിലയിരുത്തിയാൽ മറ്റേതു വിജ്ഞാനശാഖയേക്കാളും പ്രാധാന്യം കൊമേഴ്സ് വിദ്യാഭ്യാസത്തിനുണ്ടെന്ന് നിസംശയം പറയാൻ കഴിയും.
ആവശ്യകതകൾ
കൊമേഴ്സ് വിദ്യാഭ്യാസത്തിലൂടെ ബജറ്റിംഗ്, സമ്പാദ്യശീലം, നിക്ഷേപം, പണത്തിന്റെ മൂല്യം എന്നിവയെക്കുറിച്ച് പഠിപ്പിക്കാൻ കഴിയും. ഇതിലൂടെ കുട്ടികൾക്ക് യുക്തിസഹമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ ഭാവിയിൽ സാധിക്കും. അക്കൗണ്ടിംഗ്, നികുതി കണക്കാക്കലുകൾ തുടങ്ങിയ പ്രായോഗിക കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കുന്നതിലൂടെ ഭാവിയിലും ഉന്നതവിദ്യാഭ്യാസത്തിലും മികവ് പുലർത്താൻ സഹായിക്കുന്നു. ഇത്തരത്തിലുള്ള പ്രായോഗിക കഴിവുകൾ നേടുന്നതിലൂടെ തൊഴിലവസരങ്ങൾ വർധിക്കുന്നതോടൊപ്പം സ്വയംതൊഴിൽ കണ്ടെത്താനും കുട്ടികളെ സഹായിക്കുന്നു.
കുട്ടികൾ സാധാരണയായി അവരുടെ കരിയറിനെക്കുറിച്ച് ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുന്നത് 12 മുതൽ 18 വരെയുള്ള പ്രായത്തിലാണ്. ഈ കാലഘട്ടത്തിലാണ് വിദ്യാർഥികൾ അവരുടെ താത്പര്യങ്ങളെക്കുറിച്ചും കഴിവുകളെക്കുറിച്ചുമെല്ലാം ബോധവാന്മാരാകുന്നത്. കൊമേഴ്സിനെക്കുറിച്ച് യാതൊരുവിധ അറിവും ലഭിക്കാത്ത കുട്ടികൾക്ക് അക്കൗണ്ടിംഗ്, സംരംഭകത്വം, മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ അവരുടെ തൊഴിലവസരങ്ങൾ നഷ്ടമാകാൻ സാധ്യതയുണ്ട്. കൊമേഴ്സ് വിഷയങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസകാലത്തെ സമ്പർക്കത്തിലൂടെ കുട്ടികൾക്ക് ആ മേഖലയിൽ താത്പര്യം ഉണ്ടാകുകയും ഭാവിയിലെ വിജയത്തിന് വഴിയൊരുക്കുകയും ചെയ്യും.
സയൻസ് വിഭാഗത്തിലെ വിഷയങ്ങളായ ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയവയും ഹ്യുമാനിറ്റീസ് വിഭാഗത്തിലെ ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്സ് വിഷയങ്ങളും പ്രാഥമിക വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പ്ലസ് ടുവിൽ കൊമേഴ്സ് തെരഞ്ഞെടുക്കുന്ന ഒരു വിദ്യാർഥിക്ക് അതുമായി ബന്ധപ്പെട്ട അടിസ്ഥാനധാരണ നൽകുന്ന ഒരു വിഷയവും പ്രാഥമിക വിദ്യാഭ്യാസത്തിൽ നൽകുന്നില്ല.
നേട്ടങ്ങൾ
കൊമേഴ്സ് വിദ്യാഭ്യാസത്തിലൂടെ വിദ്യാർഥികൾക്ക് പണം കൈകാര്യം ചെയ്യുന്നതിനും ബജറ്റിംഗിനും യുക്തിപരമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിനും ആവശ്യമായ അറിവ് ലഭിക്കുന്നു. വ്യക്തിപരമായ ചെലവുകൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാനും ഇതു സഹായിക്കും. സമ്പാദ്യത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ കൊമേഴ്സ് വിദ്യാഭ്യാസം സഹായിക്കുന്നു. വിവിധ നിക്ഷേപങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നേടുകയും കാലക്രമേണ അവരുടെ സമ്പത്ത് വർധിപ്പിക്കുന്നതിന് ശരിയായ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.
വിവിധ തരം അവസരങ്ങളെക്കുറിച്ച് വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നതിനാൽ കൊമേഴ്സ് വിദ്യാഭ്യാസം വിമർശനാത്മക ചിന്തയെയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവുകളെയും പ്രോത്സാഹിപ്പിക്കുന്നു. വിവിധ കരിയറുകളുടെ സാധ്യതകളെയും പ്രത്യാഘാതങ്ങളെയുംകുറിച്ച് മനസിലാക്കുന്നതിലൂടെ വിദ്യാർഥികളെ അവരുടെ വിദ്യാഭ്യാസത്തെയും തൊഴിൽപാതകളെയുംകുറിച്ച് ബോധവാന്മാരാക്കുന്നു.
വിദേശ രാജ്യങ്ങളിൽ
പല രാജ്യങ്ങളും കൊമേഴ്സ് വിദ്യാഭ്യാസം പ്രാഥമിക പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രൈമറി സ്കൂളുകളിൽ കൊമേഴ്സ് വിദ്യാഭ്യാസം സമന്വയിപ്പിക്കുന്നതിന് ഓസ്ട്രേലിയ വിവിധ സംരംഭങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അടിസ്ഥാന സാമ്പത്തിക സാക്ഷരത ആശയങ്ങൾ, ബജറ്റിംഗ്, സേവിംഗ്സ് എന്നിവ പാഠ്യപദ്ധതിയിൽ അവതരിപ്പിക്കുക എന്നതാണ് ഒരു സമീപനം. കൂടാതെ കോമൺവെൽത്ത് ബാങ്കിന്റെ ‘സ്റ്റാർട്ട് സ്മാർട്ട്’ പോലുള്ള പ്രോഗ്രാമുകൾ സംവേദനാത്മക പ്രവർത്തനങ്ങളിലൂടെ പണം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാൻ ലക്ഷ്യമിടുന്നു. യുകെയിൽ യുവതലമുറയെ ബജറ്റിംഗ് അടിസ്ഥാന സാമ്പത്തികശാസ്ത്രം, ലളിതമായ ബിസിനസ് ആശയങ്ങൾ എന്നിവ പഠിപ്പിക്കുന്നതിനായി വർക്ഷോപ്പുകളും സ്പെഷ്യലൈസ്ഡ് പ്രോഗ്രാമുകളും മറ്റും നടപ്പാക്കിയിട്ടുണ്ട്.
കോർപറേറ്റ് ഗ്രൂപ്പുകൾ സ്പോൺസർ ചെയ്യുന്ന വിദ്യാഭ്യാസ സാമഗ്രികൾ, സ്കൂളുകളും ബിസിനസ് സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തം വിദ്യാർഥികളെ സംരംഭകത്വം പഠിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടികൾ തുടങ്ങി പ്രാഥമിക വിദ്യാഭ്യാസത്തിലേക്ക് കൊമേഴ്സിനെ സമന്വയിപ്പിക്കാനുള്ള വിവിധ ശ്രമങ്ങൾ യുഎസ് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു. ഉഡെമി പോലുള്ള എജുടെക് കമ്പനികൾ വിദ്യാർഥികളെ സാമ്പത്തിക സാക്ഷരതയെക്കുറിച്ച് പഠിപ്പിക്കാനായി കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോൺ മുതലായ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ കൊമേഴ്സ് പഠനത്തിനാവശ്യമായ പുസ്തകങ്ങൾ വിൽക്കുന്നുണ്ട്.
സെക്കൻഡറി തലത്തിൽ ഉൾപ്പെടുത്താം
കൊമേഴ്സ് വിദ്യാഭ്യാസം വ്യാപാരത്തിന്റെയും ബിസിനസിന്റെയും രാജ്യത്തിന്റെ തുടർച്ചയായ വികസനത്തിന്റെയും നട്ടെല്ലാണ്. എന്നാൽ, ഇന്ത്യയിലെ കൊമേഴ്സ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണനിലവാരം താരതമ്യപ്പെടുത്തുമ്പോൾ വളരെ പിന്നിലാണ്. ഇതു പരിഹരിക്കാൻ സെക്കൻഡറി തലത്തിൽ മറ്റു വിഷയങ്ങളോടൊപ്പം കൊമേഴ്സും ഉൾപ്പെടുത്തണം. നിലവിലെ മാർക്കറ്റ് ട്രെൻഡുകൾ, തൊഴിലവസരങ്ങൾ, പ്രായോഗിക കഴിവുകൾ എന്നിവയെക്കുറിച്ച് വിദ്യാർഥികൾക്ക് ഉൾക്കാഴ്ച നൽകുന്നതിനു ബിസിനസുമായും വ്യവസായ വിദഗ്ധരുമായും പങ്കാളിത്തം വളർത്തണം. വിദ്യാർഥികൾക്ക് അവരുടെ അറിവ് പ്രായോഗികമാക്കാനും വ്യവസായ അനുഭവം നേടാനും ഇന്റേൺഷിപ്പുകൾ പോലെയുള്ള അവസരങ്ങളും ലഭ്യമാക്കണം.

സാബു തോമസ് ഊന്നുകല്ലേൽ,
(കോട്ടയം ചാർട്ടേഡ് അക്കൗണ്ടന്റ്സ് അസോസിയേഷൻ പ്രസിഡന്റാണ് ലേഖകൻ)

