
അതിദരിദ്രര്‍ക്ക് നഷ്ടപരിഹാരവും അഞ്ചു സെന്റ് സ്ഥലവും: സില്‍വര്‍ ലൈന്‍ പാക്കേജായി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിനു സ്ഥലമെടുക്കുമ്പോള്‍ വീടും മറ്റും നഷ്ടപ്പെടുന്നവര്‍ക്കുള്ള പാക്കേജ് പ്രഖ്യാപിച്ചു. വീടു നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരവും ഒപ്പം 4.6 ലക്ഷം രൂപയും നല്‍കും. ഇതില്‍ താത്പര്യമില്ലാത്തവര്‍ക്ക് ലൈഫ് മാതൃകയില്‍ വീടും ഒപ്പം നഷ്ടപരിഹാരത്തിനൊപ്പം 1.6 ലക്ഷം രൂപയും നല്‍കും.
അതിദരിദ്രര്‍ക്ക് നഷ്ടപരിഹാരവും അഞ്ചു സെന്റ് സ്ഥലവും ലൈഫ് മാതൃകയില്‍ വീടും നല്‍കും. ലൈഫ് മാതൃക വീടുകള്‍ വേണ്ടാത്തവര്‍ക്ക് പകരം നാലു ലക്ഷം രൂപ നല്‍കും.
കാലിത്തൊഴുത്തു പൊളിച്ചു നീക്കിയാല്‍ നഷ്ടപരിഹാരമായ 25,000 രൂപ മുതല്‍ 50,000 രൂപ വരെ നല്‍കും. വാണിജ്യ സ്ഥാപനം നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരത്തിനൊപ്പം 50,000 രൂപ നല്‍കും. സ്ഥലം നഷ്ടപ്പെടുന്നവരില്‍ യോഗ്യരായവര്‍ക്കു നിയമനങ്ങളില്‍ മുന്‍ഗണന നല്‍കും.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച പൗരപ്രമുഖരുടെ യോഗം തുടങ്ങി. ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് തിരുവനന്തപുരം ജില്ലയിലെ പൗരപ്രമുഖരുടെ യോഗം. പദ്ധതിക്കെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് സമവായ ശ്രമവുമായി മുഖ്യമന്ത്രി നേരിട്ട് ഇറങ്ങുന്നത്. സില്‍വര്‍ ലൈന്‍ ബാധിക്കുന്ന 11 ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് പദ്ധതി.