
വിവാദ പരാമർശം : സജി ചെറിയാൻ പറഞ്ഞത് മുഖ്യമന്ത്രി പരിശോധിക്കണം, ഉചിതമായ നടപടി പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍
തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന് നടത്തിയ വിവാദ പ്രസംഗത്തില്‍ ഇപ്പോള്‍ ഇടപെടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വിഷയത്തില്‍ മന്ത്രി സജി ചെറിയാനോട് മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. സജി ചെറിയാൻ പറഞ്ഞത് മുഖ്യമന്ത്രി പരിശോധിക്കണമെന്നും മുഖ്യമന്ത്രിയില്‍ നിന്ന് ഉചിതമായ നടപടി പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. നേരത്തെ വിവാദ പ്രസംഗത്തില്‍ രാജ്ഭവന് റിപ്പോര്‍ട്ട് തേടിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ നിലവില്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
വിഷയം താന്‍ അറിഞ്ഞത് മണിക്കൂറുകള്‍ക്ക് മുമ്പാണെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തില്‍ മുഖ്യമന്ത്രി ഭരണഘടന മൂല്യം ഉയര്‍ത്തിപിടിക്കുമെന്നാണ് വിശ്വാസമെന്നും പറഞ്ഞു. രാജ്ഭവന് പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ചോദിച്ചതായി അറിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഈ വിഷയം താന്‍ നിരീക്ഷിക്കുകയാണ്. ഭരണഘടനയ്ക്ക് എതിരായ വിമര്‍ശനത്തില്‍ മന്ത്രി മാപ്പ് പറഞ്ഞതായി താന്‍ അറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി തന്നെ മന്ത്രിയോട് വിശദീകരണം തേടിയതായി അറിഞ്ഞുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനപ്രകാരമുളള സത്യപ്രതിജ്ഞ ചെയ്താണ് മന്ത്രിമാര്‍ അധികാരത്തിലേറുന്നതെന്നും ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു.

‘