“കേരളത്തിലെ എല്ലാ കുടുംബശ്രീ ഹോട്ടലുകളും ജനകീയ ഹോട്ടലുകളും ഇന്ത്യൻ കോഫി ഹൗസും ഒക്കെ എവിടെയാണെന്ന് കണ്ടുപിടിക്കാൻ പറ്റുന്ന ഒരു ആപ്പ് ഉണ്ടാക്കണം”

Share News

ജനകീയമായ ഊണ്

ആദ്യമായി ഹോട്ടലിൽ നിന്നും ഊണ് കഴിച്ചത് തൊള്ളായിരത്തി എഴുപത്തി മൂന്നിൽ ആണ്. അച്ഛൻ തൃശൂരിൽ ആശുപത്രിയിൽ ആയിരുന്നു. അമ്മൻവറെ കൂടെ അച്ഛനെ കാണാൻ പോയി. ഉച്ചക്ക് ഹോട്ടലിൽ ആണ് കഴിച്ചത്.

അന്ന് കേരളത്തിൽ അരിക്കൊക്കെ ക്ഷാമം ഉള്ള കാലമാണ്, അത്കൊണ്ട് ഹോട്ടലിൽ രണ്ടു തരം ഊണുണ്ട്. ഒന്ന് സ്റ്റാൻഡേർഡ് ഊണ്, ഒരു രൂപ ആണെന്നാണ് ഓർമ്മ. അതിൽ ഒറ്റ പ്രാവശ്യമേ ചോറ് വിളമ്പൂ. ആവശ്യത്തിന് ചോറ് വേണമെങ്കിൽ “സ്പെഷ്യൽ ഊണ്” കൂപ്പൺ എടുക്കണം. അതിന് ഒന്നര രൂപ ആണെന്നാണ് ഓർമ്മ.

അന്നൊക്കെ ഹോട്ടലിൽ മാത്രമല്ല വീടുകളിൽ പോലും ഊണുകഴിഞ്ഞ് ഇല എടുത്ത് കഴിയുമ്പോൾ അതിൽ ബാക്കി വരുന്ന ചോറൊക്കെ എടുക്കാൻ ആളുകൾ അടിപിടി കൂടുന്നത് സാധാരണമായിരുന്നു. അവർ അതിലുള്ള ചോറ് എടുത്ത് ഉണ്ണും, ബാക്കി വന്നാൽ വീണ്ടും ഉണക്കി അരിയാക്കി ഉപയോഗിക്കുകയും.

ഇതൊന്നും കണ്ടിട്ടില്ലാത്ത ഒരു തലമുറ ഇപ്പോൾ കേരളത്തിൽ ഉണ്ട്. അത് സ്വാഭാവികമായി ഉണ്ടായതല്ല, ഒരു തലമുറ നാട്ടിലും മറുനാട്ടിലും അധ്വാനിച്ചുണ്ടാക്കിയ ഭക്ഷ്യ സുരക്ഷയാണ്. നാട്ടിൽ കൃഷി കുറഞ്ഞിട്ടും ഇപ്പോൾ കേരളത്തിൽ അരിക്ക് ക്ഷാമമില്ല, ഹോട്ടലുകളിൽ സ്റ്റാൻഡേർഡ് ഊണ് ഇല്ല. ചോറ് എത്ര വേണമെങ്കിലും കഴിക്കാം, ആവശ്യത്തിൽ കൂടുതൽ ചോറ് കഴിക്കുന്നതാണ് മലയാളിയുടെ ആരോഗ്യ പ്രശ്നങ്ങളിലെ അടിസ്ഥാന പ്രശ്നങ്ങളിൽ ഒന്ന് എന്ന് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്.

കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കുമ്പോൾ ഞാൻ ഭക്ഷണം കഴിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് കുടുംബശ്രീ പോലുള്ള സംവിധാനം നടത്തുന്ന ഹോട്ടലുകളിൽ നിന്നാണ്. ഇന്നലത്തെ ഭക്ഷണം അല്ല എന്നുറപ്പുള്ളത് തന്നെ കാര്യം പല റൂട്ടിലും ആ ഹോട്ടലുകൾ എവിടെയാണ് എന്ന് എനിക്കും ബേബി ചേട്ടനും അറിയാം. ഞങ്ങൾ അവിടെ നിർത്തും. പണ്ടൊക്കെ പതിനാറു രൂപ ആയിരുന്നു, ചോറും, മീൻ ചാറും മതി കഴിക്കാൻ. വല്ലപ്പോഴും രണ്ടു മത്തി വറുത്തത് കിട്ടിയാൽ കുശാൽ ആയി. അപ്പോൾ ഇരുപത്തി ആറു രൂപ ആകും !

പക്ഷെ പരിചയമില്ലാത്ത റൂട്ടിൽ പോകുമ്പോൾ അത് നടക്കില്ല, കാരണം എവിടെയാണ് അടുത്ത കുടുംബശ്രീ ഹോട്ടൽ അല്ലെങ്കിൽ ഇന്ത്യൻ കോഫി ഹൌസ് എന്നറിയാൻ ഒരു മാർഗ്ഗവുമില്ലേ. കേരളത്തിലെ എല്ലാ കുടുംബശ്രീ ഹോട്ടലുകളും ജനകീയ ഹോട്ടലുകളും ഇന്ത്യൻ കോഫി ഹൗസും ഒക്കെ എവിടെയാണെന്ന് കണ്ടുപിടിക്കാൻ പറ്റുന്ന ഒരു ആപ്പ് ഉണ്ടാക്കണം എന്ന് ഞാൻ പലരോടും ആവശ്യപ്പെട്ടിട്ടുണ്ട്. മക്ഡൊണാൾഡിനും കെ എഫ് സി ക്കും ഒക്കെ ഉള്ളത് പോലെ. അതിൽ ഏതെങ്കിലും ഒന്നിൽ ഭക്ഷണം നന്നല്ലെങ്കിൽ, വൃത്തി കുറവാണെങ്കിൽ സർവ്വീസ് മോശമാണെങ്കിൽ ആളുകൾക്ക് റേറ്റിങ് കൊടുക്കുകയും ചെയ്യാമല്ലോ.

മുരളി തുമ്മാരുകുടി

Share News