
❤️” ഡേവിസിന് വയസ് 50;രക്തം നല്‍കിയത് 50 പേര്‍ക്ക്❤️
ഇന്ന് ലോക രക്തദായക ദിനം
എല്ലാ രക്തദാതാക്കൾക്കും സ്നേഹാശംസകൾ , ആദരം, അനുമോദനം സവിശേഷമായി 50 വയസിനിടെ 50 പേർക്കു രക്തദാനം നടത്തി നമ്മെയെല്ലാം പ്രചോദിപ്പിക്കുന്ന വെള്ളാരപ്പിള്ളിയിലെ കെ.ജെ. ഡേവിസിനെ അടുത്തറിയാം

കൊച്ചി: ആലുവയക്കടുത്തു വെള്ളാരപ്പിള്ളിയിലും പരിസരങ്ങളിലുമുള്ള ഭൂരിഭാഗം ജനങ്ങളുടെയും ഫോണില്‍ ഡേവിസിന്റെ ഫോണ്‍ നമ്പറുണ്ട്. കെ.ജെ. ഡേവിസ് എന്നാണ് പൂര്‍ണമായ പേരെങ്കിലും ഫോണ്‍ബുക്കില്‍ അവരെല്ലാം രേഖപ്പെടുത്തിയിട്ടുള്ളത് ബ്ലഡ് ഡേവിസ് എന്ന്. ആര്‍ക്കും എവിടെയും രക്തം ആവശ്യം വന്നാലും ആദ്യത്തെ ഫോണ്‍കോള്‍ പോകുന്നതും ഡേവിസിന്റെ നമ്പറിലേക്കു തന്നെ.അമ്പതാം വയസില്‍ അമ്പതാമത്തെ രക്തദാനം നടത്തി രക്തദാതാക്കള്‍ക്കു പ്രചോദനമാവുകയാണ് കെ.ജെ. ഡേവിസ്. സന്നദ്ധരക്തദാന രംഗത്ത് മൂന്നു പതിറ്റാണ്ടു പിന്നിട്ട ശ്രീമൂലനഗരം വെള്ളാരപ്പിള്ളി കൂരേലി വീട്ടില്‍ ഡേവിസിനു, രക്തദാനവും, ആവശ്യമുള്ളവര്‍ക്കു രക്തദാതാക്കളെ ഒരുക്കിനല്‍കുന്നതും ജീവിതത്തിന്റെ ഭാഗമാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ശ്രീമൂലനഗരം- കാഞ്ഞൂര്‍ രക്തദാന ഫോറത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരം സന്നദ്ധ രക്തദാതാക്കള്‍ അംഗങ്ങളാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് അര്‍ബുദ രോഗബാധിതനായ പിതാവ് ജോസഫിനു കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താന്‍ രക്തം തേടിയലഞ്ഞതിന്റെ സങ്കടമണിക്കൂറുകളാണ് ഡേവിസിനു സജീവ സന്നദ്ധരക്തദാനരംഗത്തു ചുവടുറപ്പിക്കാന്‍ നിമിത്തമായത്. മൊബൈല്‍ ഫോണും സന്നദ്ധരക്തദാനത്തിനെക്കുറിച്ചുള്ള പൊതുബോധവുമെല്ലാം പ്രചരിക്കുന്നതിനു മുമ്പായിരുന്നു അത്. വീട്ടില്‍ നിന്ന് ഏറെ ദൂരെയായതിനാല്‍ അന്ന് ആറു പേരുടെ രക്തം കിട്ടാന്‍ പരിസരങ്ങളിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളിലും വിവിധ സ്ഥാപനങ്ങളിലുമെല്ലാം ഡേവിസ് അലഞ്ഞു. ഒടുവില്‍ മണിക്കൂറുകള്‍ യാത്ര ചെയ്തു നാട്ടിലെത്തി രക്തദാതാക്കളെ കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.ചികിത്സയ്ക്കിടെ രക്തം ലഭിക്കാന്‍ ഇനിയാരും ബുദ്ധിമുട്ടരുതെന്ന ആഗ്രഹത്തോടെ, മുപ്പതു പേരുമായാണു ഡേവിസിന്റെ നേതൃത്വത്തില്‍ രക്തദാതാക്കളുടെ ഡയറി തയാറാക്കിയത്. നിശ്ചിത ഇടവേളകളില്‍ പലവട്ടം രക്തദാനം നടത്താനും അനേകം പേരെ അതിനു പ്രേരിപ്പിക്കാനും ഡേവിസിനായി. ആയിരക്കണക്കിനു രോഗികള്‍ക്കാണ് ഡേവിസിന്റെ ഇടപെടലിലൂടെ രക്തം സ്വീകരിക്കാനായത്.
സന്നദ്ധ രക്തദാതാക്കളുടെ ഡയറി വിപുലമാക്കാന്‍ ഒമ്പതു വര്‍ഷം മുമ്പ് ഡേവിസ് ബോധവത്കരണ യാത്ര നടത്തി. ഒപ്പം രക്തദാന ഫോറം രൂപീകരിച്ചു. ഇന്ന് എറണാകുളം ജില്ലയിലും സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളുടെയും പ്രധാന ആശുപത്രികളുടെയും പരിസരങ്ങളിലും രക്തദാനത്തിനു സന്നദ്ധരായ ആയിരം പേര്‍ ഡേവിസിന്റെ രക്തദായക സ്‌നേഹശൃംഖലയിലുണ്ട്. ഐഎംഎയുടെ ഉള്‍പ്പടെ രക്തബാങ്കുകളിലുള്ളവര്‍ക്കും കെ.ജെ. ഡേവിസ് സുപരിചിതനാണ്.രക്തം ലഭിച്ചവരോ അവരുടെ ബന്ധുക്കളോ നന്ദിയോടെ നല്ല വാക്കുകള്‍ പറയാന്‍ പിന്നീട് ഫോണില്‍ വിളിക്കുന്നതാണ് രക്തദാനരംഗത്തെ ഏറ്റവും വലിയ സന്തോഷമെന്നു ഡേവിസ് പറയുന്നു. വിളിക്കാന്‍ മറന്നുപോകുന്നവരുമുണ്ടെങ്കിലും അവരോടു പരിഭവമില്ലെന്നും അദ്ദേഹം പറയുന്നു. ഫര്‍ണിച്ചര്‍ അപ്പോള്‍സ്റ്ററി ജോലിയാണു ഡേവിസിന്റെ ഉപജീവന മാര്‍ഗം. പുതിയ വാഹനം വാങ്ങിയശേഷം കന്നിയാത്ര അമ്പതാമത്തെ രക്തദാനത്തിനായിരുന്നു.
ഡേവിസിന്റെ രക്തദാനപ്രവര്‍ത്തനങ്ങള്‍ക്കു ഭാര്യ ജീനയുടെയും മക്കളുടെയും പൂര്‍ണ പിന്തുണയുണ്ട്. അയര്‍ലന്‍ഡില്‍ നഴ്‌സായ പ്രിയ, വിദ്യാര്‍ഥികളായ മരിയ, ലിദിയ, ലിയോ എന്നിവരാണു മക്കള്‍. നാട്ടിലെ സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഡേവിസിനു നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ മികച്ച രക്തദാതാവിനുള്ള പുരസ്‌കാരം ഉള്‍പ്പടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. രക്തം ആവശ്യമുള്ളവര്‍ക്കും രക്തദാനത്തിന്റെ നന്മയറിയാനും 9388821589 എന്ന തന്റെ നമ്പറിലേക്ക് ഏതു സമയവും വിളിക്കാമെന്നു ഡേവിസ് ഓര്‍മിപ്പിക്കുന്നു.
https://www.deepika.com/News_Cat2_sub.aspx?catcode=Cat2…

സിജോ പൈനാടത്ത്