പ്രിയപ്പെട്ട അരികൊമ്പന്…|ഡോ.അരുൺ സക്കറിയയുടെ മുന്നിലേക്ക് വരുമോ?. മയക്കുവെടിക്ക് വിധേയപ്പെടുമോ? |അഭിവാദ്യങ്ങൾ. സൂപ്പർ സ്റ്റാർ പദവിയിൽതുടരുക.

Share News

പ്രിയപ്പെട്ട അരികൊമ്പന്…

ഇത്‌ എഴുതുന്നത് എറണാകുളം നഗരത്തിലെ കൊച്ചിയിൽ നിന്നാണ്. ഈ കത്ത് അങ്ങേക്ക് എങ്ങനെ ലഭിക്കുമെന്ന് എനിക്കറിയില്ല. അങ്ങയുടെ ഭാഷ എനിക്കറിയില്ല. എങ്കിലും ഇത്‌ ആനയുടെ ഭാഷയിൽ ആരെങ്കിലും അറിയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഞാനൊരു ആന പ്രേമിയല്ല. സകല മൃഗങ്ങളോടും സ്നേഹവും ആദരവും ഉണ്ട് .

ഒരിക്കൽ പോലും ആനപ്പുറത്തു കയറിയിട്ടില്ല. ഒരു ആനയെ തൊട്ടുനോക്കിയ അനുഭവം പോലും ഓർത്തെടുക്കുവാൻ സാധിക്കുന്നില്ല.

ആന വാലിന്റെയും, ആനകളുടെയും ഒത്തിരി ഒത്തിരി കഥകൾ കേൾക്കുവാൻ സാധിച്ചിട്ടുണ്ട്. തൃശൂർ പൂരത്തിനും, ക്ഷേത്രങ്ങളിൽ എഴുന്നേള്ളിപ്പിനും നിൽക്കുന്നആനകളെ ആദരവോടെ നോക്കിനിന്നിട്ടുണ്ട്.

ആനയെക്കുറിച്ചുള്ള ആന വായിൽ അമ്പഴങ്ങ.. തുടങ്ങിയ പഴം ചൊല്ലുകൾ കേട്ടിട്ടുള്ളതും ഓർക്കുന്നു.

ഏതാനും ആഴ്ചകൾ, അല്ല മാസങ്ങളായി കേരളത്തിലെ സുപ്രധാന വാർത്താ വിഷയമായി അങ്ങ് മാറിയതിൽ അത്ഭുതം ഉണ്ട്. എത്രയോ മണിക്കൂർ തുടർച്ചയായി ആന അദ്ദേഹം നിറഞ്ഞുനിൽക്കുന്നു.

നമ്മുടെ നാട്ടിലെ ഒരു വലിയ ക്രമ സമാധാന വിഷയമായി അരികൊമ്പൻ മാറിയിരിക്കുന്നു.

വനം വകുപ്പ് മന്ത്രി, പ്രാദേശിക നേതാക്കൾ പല ജില്ലകളിൽ, ഹൈകോടതി, അഭിഭാഷകർ, രാഷ്ട്രീയക്കാർ എല്ലാം വലിയ ആവേശത്തോടെ അരികൊമ്പൻ വിശേഷങ്ങൾ പറഞ്ഞ് തിളങ്ങുന്നു.

അങ്ങേയ്ക്ക് അരികൊമ്പൻ എന്ന് പേരിട്ടത് ആരാണെന്ന് അറിയുവാൻ ആഗ്രഹമുണ്ട്. ഏതോ മാധ്യമപ്രവർത്തകനോ വനപാലകനോ ആയിരിക്കും അല്ലേ?

ഞാൻ കൊച്ചിയിൽ ആണെന്ന് പറഞ്ഞല്ലോ. ഇവിടെ ഹൈ കോടതിക്ക് തൊട്ടടുത്തുള്ള മംഗളവനത്തിൽ അങ്ങയെ എത്തിക്കണമെന്ന് ചിലർ പറയുകയും, എഴുതുകയും ചെയ്തിരുന്നു.

കേരളത്തിലെ മാധ്യമങ്ങൾ അങ്ങയെ മുന്നിൽ നിർത്തി, മറ്റ് ഗൗരവം ഉള്ള എത്രയോ വിഷയങ്ങൾ മറക്കുന്നു.

റേഷൻ കടകൾ അടഞ്ഞുകിടക്കുന്നു, വില വർദ്ധനവ്, ക്യാമറയുടെ നിരീക്ഷണം ഇല്ലാത്ത അഴിമതി, അതേക്കുറിച്ച് ഇന്നലെ മുൻ പ്രതിപക്ഷ നേതാവ് രേഖകൾ കാണിച്ച് പത്രസമ്മേളനം നടത്തി, പലതും അന്വേഷണം നടത്തുവാൻ ആവശ്യപ്പെട്ടു. അതൊക്കെ നടത്തിയാൽ സർക്കാരുമായുള്ള ബന്ധങ്ങൾ ഒപ്പം പരസ്യവരുമാനവും നഷ്ടപ്പെടും. അതുകൊണ്ട് അത്തരം സാമൂഹ്യ വിഷയങ്ങൾ മറക്കാൻ എളുപ്പം മടിയില്ലാതെ അരികൊമ്പൻ വിശേഷങ്ങൾ ആവർത്തിക്കുകതന്നെ.

രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം പോലെ, ആഗോള ഭീകരനെപ്പോലെ മലയാള മാധ്യമങ്ങൾ അങ്ങയെ അവതരിപ്പിക്കുന്നു.ഒത്തിരി കാര്യങ്ങൾ എഴുതുവാൻ ഉണ്ട്. ……????????

ഇന്നലെ മുതൽ മാധ്യമ സംഘങ്ങൾ അവിടെ എത്തിയിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ, ഇതാ ഇപ്പോഴും മുഴുവൻ ടി വി ചാനലുകളും അങ്ങയുടെ വാസസ്ഥലത്തിന് അടുത്തുനിന്നും തത്സമയം വാർത്തകൾ നൽകുന്നു. നാലും അഞ്ചും ടീമുകൾ അവിടെ ഉണ്ട്.

ഓരോ ചാനലുകളും ഡെസ്കിൽ വിദഗ്ധരെ ഇരുത്തി ചർച്ചകളും വിശകലനങ്ങളും നടത്തുന്നു. ശ്രീകണ്ഠൻനായർ സാർ നേരിട്ട് കാര്യങ്ങൾ വിശദീകരണം നൽകുന്നു.

മിഷൻ അരികൊമ്പൻ ദൗത്യം മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നു. സുരക്ഷിത സ്ഥലത്തുനിന്നുകൊണ്ട് മാധ്യമ പ്രവർത്തകർ അവരുടെ ഭാവനയനുസരിച്ചു എന്തൊക്കയോ പറയുന്നുണ്ട്.

രാവിലെ മുതൽ ടി വി കാണുന്നുണ്ട്. ഇപ്പോൾ വനം വകുപ്പ് മന്ത്രി തിരുവനന്തപുരത്തുനിന്നും പ്രതികരണം നൽകി ആശ്വാസം നൽകുന്നു.

കേരളത്തിന്റ്റെ പ്രധാന പ്രശ്നമായി അരികൊമ്പനെ അവതരിപ്പിക്കുവാൻ കഴിഞ്ഞതിൽ എല്ലാവർക്കും അഭിമാനിക്കാമോ?.

മുഖ്യമന്തി മയക്കുവെടി വെയ്ക്കുവാൻ അനുവാദം നൽകിയെന്നും പത്രത്തിൽ വായിച്ചു.

ഇപ്പോൾ എവിടെയാണ് വിശ്രമിക്കുന്നത്?.

മനോരമയിലെ ഒന്നാം പേജിലെ വാർത്ത വായിക്കട്ടെ. “അരികൊമ്പനെ ഇന്ന് പിടികൂടും”.-എന്നാണ് തലക്കെട്ട്. ചിന്നക്കനാലിൽ നിന്നും സ്വന്തം ലേഖകൻ ഇങ്ങനെ എഴുതിയിരിക്കുന്നു.

അവസാന നിമിഷവും സസ്പെൻസ് നിലനിർത്തി വനം വകുപ്പിന്റെ ഓപ്പറേഷൻ അരികൊമ്പൻ ഇന്ന് ചിന്നക്കനാൽ 301 കോളനിയിൽ…. “എവിടേയ്ക്ക് കൊണ്ടുപോകുമെന്നത് രഹസ്യമാണെന്ന് എഴുതിയിട്ടുണ്ട്. ആ രഹസ്യം ചോർത്തുവാൻ ഈ സമയം വരെ ഒരു ടി വി ചാനലിനും കഴിഞ്ഞിട്ടില്ല.പണ്ടെപ്പോഴോ എടുത്ത ദൃശ്യം കാണിച്ചുകൊണ്ട് അങ്ങ്, അതെ ബഹു. അരികൊമ്പൻ ഇവിടെ എന്ന് എഴുതി കാണിക്കുന്നുണ്ട്.

മാറിമാറി പോകുകയാണല്ലേ.ആകാശ ദൃശ്യം ആരും കാണിക്കുന്നില്ല. അതിനും കാരണങ്ങൾ ഉണ്ടാകും അല്ലേ.

ഡോ.അരുൺ സക്കറിയയുടെ മുന്നിലേക്ക് വരുമോ?. മയക്കുവെടിക്ക് വിധേയപ്പെടുമോ? ഇല്ലെങ്കിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ആനകളെ പിടികൂടിയത് വീണ്ടും കാണേണ്ടിവരും.

News 24-കർണാടകയിൽ ഹസ്സനിൽ മുമ്പ് എപ്പോഴോ ശ്രീ കല്യാൺവർമ്മ എടുത്ത ദൃശ്യങ്ങൾ കാണിച്ചു.

ഇങ്ങനെ ഓരോ ചാനലും പലതും പറയുന്നുണ്ട്, കാണിക്കുന്നു.അരികൊമ്പന്റെ ഒരു ആരാധകനായി ഞാനും മാറിയിരിക്കുന്നു.

എങ്ങോട്ട് കൊണ്ടുപോകും എന്നറിയുവാൻ ആകാംഷയോടെ കാത്തിരിക്കുന്നു.

കുങ്കിയാനകളെ സൂക്ഷിക്കണം. കൂടെയുള്ള കുടുംബത്തിലെ അംഗങ്ങളെ എവിടെ കൊണ്ടുപോകും?. അങ്ങയുടെ ഭാവിഓർക്കുമ്പോൾ ആശങ്ക ഉണ്ട്. അതും വനം വകുപ്പ് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങയെ കാണുവാൻ മുഖ്യമന്ത്രിയും ചിലപ്പോൾ പ്രധാന മന്ത്രി അടക്കം വന്നേക്കാം.

ഒരു സിനിമതന്നെ അങ്ങ യെക്കുറിച്ച് ഉണ്ടായേക്കാം. ഇനി അങ്ങയെ ഇപ്പോൾ വിൽക്കുവാൻ തീരുമാനിച്ചാൽ കോടികൾ നൽകി വാങ്ങുവാൻ അനേകർ മുന്നോട്ടു വന്നേക്കാം.

ഇങ്ങനെ വാർത്താ പ്രാധാന്യം കിട്ടുമെന്ന് കാട്ടിൽ അറിഞ്ഞാൽ പല ആനകളും പുതിയ പേരിൽ വരില്ലേയെന്ന ചിന്തയും എനിക്കുണ്ട്. നാട്ടിലെ മുഴുവൻ ആനകൾക്കും വില കൂടുമോ? വില ഇടിയുമോ?

രാവിലെ 4-30മുതൽ അവിടെ നിൽക്കുന്ന മാധ്യമ പ്രവർത്തകർക്ക് ഭക്ഷണം നൽകുവാൻ ആരെങ്കിലും തയ്യാറാകണം.

അരികൊമ്പനെ പിടിച്ചാൽ ഉടനെ മന്ത്രിപത്ര സമ്മേളനം നടത്തി കാര്യങ്ങൾ പറയണം. ഇരുമ്പുപാലത്തുനിന്നുള്ള ആന വിശേഷങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്‌ ടി വി ക്ക് മുമ്പിൽ ഇരുപ്പ് തുടരുന്നു.

ലോകത്ത് മറ്റ് ഒന്നും സംഭവിക്കുന്നില്ല. മലയാളത്തിലെ ചാനലുകൾ കണ്ടാൽ അങ്ങനെ തോന്നും .

അരികൊമ്പൻ അങ്ങേയ്ക്ക് അഭിവാദ്യങ്ങൾ. സൂപ്പർ സ്റ്റാർ പദവിയിൽതുടരുക.

സസ്നേഹം.

sabu jose,president kcbc pro life samithi

സാബു ജോസ്. എറണാകുളം.

9/32-28/04/23

Share News