
പ്രീയപ്പെട്ട മധു…..,!! നിന്നെപ്പറ്റിയുള്ള ഓർമ്മകൾ എന്നെയും വേദനിപ്പിക്കുന്നുണ്ട്…!!
പ്രീയപ്പെട്ട മധു…..,!! നിന്നെപ്പറ്റിയുള്ള ഓർമ്മകൾ എന്നെയും വേദനിപ്പിക്കുന്നുണ്ട്…!!!! വിശപ്പിന്റെ ആധിക്യത്തിൽ നീ അല്പം ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചത് ഈ ലോകർക്കെല്ലാം വലിയ അപരാധം ആയിപ്പോയി… ല്ലേ
!! ആൾക്കൂട്ടത്തിൽ തനിയെ…, കൈകൾ കെട്ടിവെച്ച്… നിന്നെ അടിക്കുമ്പോഴൊക്കെ ഒരു പക്ഷെ, ആ ഭക്ഷണസാധനം മോഷ്ടിക്കാൻ തോന്നിയ നിമിഷത്തെ ഓർത്ത് നീ വിഷമിച്ചിട്ടുണ്ടാകും.. ല്ലേ. സാരമില്ല മധു…, നീ വിഷമിക്കണ്ട. നിന്നെക്കാൾ വലിയ കള്ളന്മാരാണ് ഈ നാട് ഭരിക്കുന്നതും നാടിനെ ഉദ്ധരിക്കാൻ നടക്കുന്നവരും എന്നതിൽ നിനക്ക് സന്തോഷിക്കാം…!!
!! ഹേയ്… മധു…, നീ മാത്രമല്ല ഭക്ഷണം മോഷ്ടിച്ചിട്ടുള്ളത് ട്ടോ. ഈ കുറിപ്പ് അതീവവേദനയോടെ എഴുതുന്ന ഞാനും മോഷ്ടിച്ചിട്ടുണ്ടെടോ. കുഞ്ഞുനാളിൽ.., വിശപ്പിന്റെ ആധിക്യത്തിൽ.., അയൽപക്കക്കാരുടെ പറമ്പിൽ നിന്ന് മാങ്ങയും, പേരയ്ക്കയും ഒക്കെ പറിച്ച് കഴിച്ചിട്ടുണ്ട്. അന്ന് ഞങ്ങളുടെ നാട്ടിൽ മുത്തു അമ്മച്ചി എന്ന് പേരുള്ള ഒരു പ്രായമായ ഒരമ്മ ഉണ്ടാരുന്നു.
!! ഞങ്ങളുടെ വീട്ടിൽ മുത്തു അമ്മച്ചിയെപ്പറ്റി എപ്പഴും സംസാരിക്കും. പട്ടിണി സമയത്ത് ഒക്കെയും ചക്കയും മാങ്ങയും അരിയും ഒക്കെ തന്ന് നാലഞ്ചുവയറുകൾ നിറയ്ക്കുന്ന അമ്മച്ചി . ഒരിക്കൽ ഞങ്ങൾ മൂന്നുമക്കൾ മാത്രം വീട്ടിൽ ഉണ്ടായിരിക്കുമ്പോൾ…, വിശപ്പ് സഹിക്കാൻ ആവാതെ കരയുന്ന എന്റെ കരച്ചിൽ മാറ്റാൻ വേണ്ടി.. ചേട്ടന്മാർ രണ്ടാളും കൂടി മുത്തു അമ്മച്ചിയുടെ പറമ്പിൽ പോയി ഒരു ചാക്കിൽ കുറച്ചു പച്ചമാങ്ങ പറിച്ചുകൊണ്ടേ തന്നു. എന്തേലും കഴിച്ച് വിശപ്പ് മാറ്റാൻ വേണ്ടിയല്ലേ വിശപ്പ് ഉള്ളപ്പോൾ ആഗ്രഹിക്കുക. കഴിക്കാൻ കിട്ടിയ സന്തോഷത്തിൽ മാങ്ങയും ഉപ്പും ചേർത്ത് ഞങ്ങൾ മൂവരും വയർ നിറയെ കഴിച്ചു.
!! കൂലിപ്പണിക്കുപോയ പപ്പായും പപ്പാ പണിചെയ്ത് കിട്ടുന്ന പണിക്കൂലിയിൽ നിന്ന് സാധനങ്ങളും വാങ്ങി വീട്ടിലേക്ക് വരുന്ന മമ്മിയും കാണുന്നത്. മാങ്ങ കഴിച്ച് വയർ നിറയ്ക്കുന്ന ഞങ്ങൾ മൂന്നുപേരെയും. മാങ്ങ എവിടുന്നാ എന്ന് ചോദിച്ചു. മുത്തു അമ്മച്ചിയുടെ വിളയിൽ നിന്നാണ് എന്ന് പറഞ്ഞു. പിറ്റേദിവസം തന്നെ മമ്മി അമ്മച്ചിയെക്കണ്ട് കാര്യം പറഞ്ഞു. പിള്ളേർക്ക് വിശന്നപ്പോൾ അമ്മച്ചിയുടെ മാവിൽ നിന്ന് പിഞ്ചുമാങ്ങ പറിച്ചോണ്ട് വന്ന് കഴിച്ചതും മറ്റും. അമ്മച്ചി ഒന്നും അതേപ്പറ്റി പറയാതെ.., മമ്മിയോട് പറഞ്ഞു. ചക്കയൊക്കെ നിൽപ്പുണ്ടല്ലോ അതൊന്നും വീണുചീത്തയായി പോകാതെ പറിച്ചെടുത്ത് പിള്ളേർക്ക് കൊണ്ടോയി കൊടുക്കണം എന്ന്
മധു…. നീ എന്നെ കരയിപ്പിക്കുന്നു. നിനക്ക് ഈ ലോകത്തിൽ നിന്ന് നീതി കിട്ടില്ലായിരിക്കും. പക്ഷെ, നിനക്കും എനിക്കും ഒക്കെ ജീവൻ നൽകിയ നമ്മുടെ ദൈവം നിനക്ക് നീതിനടത്തിതരും. ആ ദൈവം തന്നെയാണ് നിന്റെ സാക്ഷിയും
ദൈവം അവരോട് ക്ഷമിക്കട്ടെ മധൂ. വിശപ്പില്ലാത്ത ലോകത്ത് നീ സ്വസ്ഥമായി ഉറങ്ങിക്കൊള്ളൂ…

Bincy Amala