
പതിനെട്ട് കാരറ്റ് സ്വർണത്തിനു ഡിമാൻഡ് കൂടുന്നു
അകലുകയല്ല, അവർ അടുക്കുകയാണ്
കോട്ടയം: സ്വർണവില ലക്ഷപ്രഭയിൽ മിന്നിത്തിളങ്ങുമ്പോൾ ജനങ്ങൾ സ്വർണത്തോട് അകലം പാലിക്കുകയല്ല, ആകാവുന്ന രീതിയിലൊക്കെ അടുക്കാൻ നോക്കുകയാണെന്ന് റിപ്പോർട്ട്. സ്വർണവില ലക്ഷവും പിന്നിട്ട് കുതിക്കുമ്പോൾ ഉള്ളിൽ ആഹ്ലാദംകൊള്ളുന്നവരാണ് സ്ത്രീജനങ്ങളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രത്യേകിച്ച് തെക്കെ ഇന്ത്യയിലെ വീട്ടമ്മമാരും സ്ത്രീകളും. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലാണ് സ്വർണത്തെ പ്രിയപ്പെട്ട ആഭരണങ്ങളായി സ്വന്തമാക്കിയവരും പാരമ്പര്യമായി കൈമാറിക്കിട്ടിയവരും ഏറെ.
ശരാശരി അഞ്ചു പവന്റെ ആഭരണങ്ങളെങ്കിലും സ്വന്തമായിട്ടുള്ളവരാണ് സാധാരണ കുടുംബങ്ങളിലെ സ്ത്രീകൾ പോലും. ഏറ്റവും വലിയ കരുതലും സമ്പാദ്യവുമായിട്ടാണ് അവരിൽ പലരും സ്വർണാഭരണങ്ങളെ പരിഗണിക്കുന്നത്. എന്തൊക്കെ നഷ്ടമായാലും സ്വർണം നഷ്ടമാകാതിരിക്കാൻ ശ്രദ്ധിക്കുന്നവരാണ് ഇന്ത്യൻ സ്ത്രീകൾ. ലോകത്തിലെ ആകെ സ്വർണത്തിന്റെ 11 ശതമാനം ഇന്ത്യൻ സ്ത്രീകളുടെ കൈവശമാണെന്നാണ് ഒരു റിപ്പോർട്ട് പറയുന്നത്. ഏകദേശം 24,000 ടൺ സ്വർണമാണ് ഇന്ത്യൻ സ്ത്രീകൾ ആഭരണങ്ങളായി സൂക്ഷിച്ചിട്ടുള്ളതത്രേ. ഇപ്പോൾ സ്വർണവിലയിൽ കുതിപ്പുണ്ടാകുമ്പോൾ കൈയിലിരിക്കുന്ന ആഭരണങ്ങൾക്കും സമ്പാദ്യത്തിനും മൂല്യം കുതിക്കുന്നുവെന്നതാണ് അവർക്ക് ആഹ്ലാദം പകരുന്നത്.

കൂടുതൽ അടുക്കുന്നു
വില കുതിക്കുമ്പോൾ ജനങ്ങൾ സ്വർണത്തോടു കൂടുതൽ അകലം പാലിക്കുമെന്നു കരുതുന്നവരുണ്ടെന്നും എന്നാൽ സത്യത്തിൽ വിവേകപൂർണമായ തെരഞ്ഞെടുപ്പോടെ ആളുകൾ കൂടുതൽ സ്വർണത്തിലേക്ക് അടുക്കുന്ന പ്രവണതയാണ് ദൃശ്യമാകുന്നതെന്നു കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഇടിമണ്ണിക്കൽ പറയുന്നു. വില കൂടിയതോടെ സ്വർണ വിപണിയിലും അതിനനുസരിച്ചുള്ള ചലനങ്ങൾ ദൃശ്യമാണെന്ന് അദ്ദേഹം ദീപികയോടു പറഞ്ഞു. 22 കാരറ്റ് സ്വർണത്തിൽനിന്ന് 18 കാരറ്റ് സ്വർണത്തിലേക്കുള്ള മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. ഇതുവഴി ഒരു ഗ്രാമിൽത്തന്നെ 2300 രൂപയോളം വ്യത്യാസം വരും. ഒരു പവനിൽ ഏതാണ്ട് 18,000 രൂപയുടെ കുറവ്.

18 കാരറ്റിന്റെ ഗുണങ്ങൾ
22 കാരറ്റിനേക്കാൾ കുറഞ്ഞ വില എന്നതിനൊപ്പം 18 കാരറ്റ് സ്വർണത്തിനു മറ്റു ചില സവിശേഷതകളുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പെട്ടെന്നു കേടുവരുന്നവയല്ല 18 കാരറ്റ് സ്വർണാഭരണങ്ങൾ. പൊട്ടിപ്പോകൽ, ചളുക്കം, വളയൽ തുടങ്ങിയ പ്രശ്നങ്ങൾക്കു മുടക്കേണ്ടി വരുന്ന തുകയും ഇതുവഴി ലാഭിക്കാം. വിവാഹാവസരത്തിലും മറ്റും അല്പം പൊന്നിടണമെന്ന പെൺകുട്ടികളുടെ മോഹം അധികഭാരമില്ലാതെ സഫലമാക്കാനും 18 കാരറ്റ് സ്വർണത്തിലേക്കുള്ള മാറ്റം സഹായിക്കും.
ലൈറ്റ് വെയ്റ്റ് ട്രെൻഡ്
സ്വർണവില മുകളിലേക്കു കുതിച്ചതോടെ ഇപ്പോൾ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളോടും ആളുകൾക്കു പ്രിയമേറി. കുറഞ്ഞ ചെലവിൽ പൊലിമയുള്ള ആഭരണങ്ങൾ സ്വന്തമാക്കാമെന്നതാണ് ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ സവിശേഷത. ആഭരണ നിർമാതാക്കളും ലൈറ്റ് വെയ്റ്റ് ആഭരണങ്ങളിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
തുക പറഞ്ഞു സ്വർണം
പണ്ടൊക്കെ പവൻ അടിസ്ഥാനത്തിൽ സ്വർണം വാങ്ങാനെത്തിയവർ ഇപ്പോൾ തുക അടിസ്ഥാനത്തിലാണ് സ്വർണം വാങ്ങുന്നത്. അഞ്ചു ലക്ഷം രൂപയുടെ സ്വർണം, പത്തു ലക്ഷം രൂപയുടെ സ്വർണം എന്നിങ്ങനെയാണ് ഇപ്പോൾ ആളുകൾ വാങ്ങുന്നതെന്ന് സണ്ണി തോമസ് പറയുന്നു. സാധാരണക്കാർക്കു സ്വർണത്തിന്റെ മൂല്യം കൂടുന്നത് ഏറെ പ്രയോജനകരമാണ്. അവരുടെ കൈയിലുള്ള സ്വർണത്തിനു കൂടുതൽ തുക വായ്പ കിട്ടും. വില്ക്കേണ്ടി വന്നാലും വലിയ തുക ലഭിക്കും.
എന്താണ് ഇത്ര പ്രിയം?
വില കൂടിയിട്ടും സ്വർണത്തോടുള്ള ആളുകളുടെ പ്രിയം കുറയാത്തതിന്റെ രഹസ്യം സ്വർണം എന്ന ലോഹത്തിന്റെ നിരവധിയായ സവിശേഷതകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മനുഷ്യശരീരത്തിന് യാതൊരുവിധ പ്രശ്നങ്ങളും സൃഷ്ടിക്കാത്ത ലോഹമാണിത്. ബാങ്കുകൾ സ്വർണം ഈടായി സ്വീകരിക്കും. ദ്രവിച്ചുപോകില്ല. അതുകൊണ്ട് ചില ശസ്ത്രക്രിയകൾക്കു സ്വർണ നൂലുകളും മറ്റും ഉപയോഗിക്കുന്നുണ്ട്. ചില വ്യാവസായിക ആവശ്യങ്ങൾക്കും സ്വർണം ആവശ്യമാണ്. സാമ്പത്തിക അസ്ഥിരതകളും കറൻസികളുടെ ഏറ്റക്കുറച്ചിലുകളും സമ്പദ് വ്യവസ്ഥകളെ ബാധിക്കുമ്പോൾ സ്വർണമാണ് വിശ്വസിക്കാവുന്ന നിക്ഷേപം. അതുകൊണ്ട് സ്വർണത്തിന്റെ ഭാവി ശോഭനം തന്നെയാവും എന്ന് അദ്ദേഹം ഉറപ്പിക്കുന്നു.
അതേസമയം, സ്വർണം ആകർഷകമാണെങ്കിലും കുട്ടികൾക്കും മറ്റും അത് ഉരച്ചു നൽകുന്നത് അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കുട്ടികൾ കൂടുതൽ വെളുത്തു തുടുത്ത് ഇരിക്കാനെന്ന പേരിൽ സ്വർണം ഉരച്ചു നൽകുന്ന ഒരു അന്ധവിശ്വാസം പലരും അനുഷ്ഠിക്കാറുണ്ട്. എന്നാൽ, സ്വർണം ദഹിച്ചുപോകുന്ന ലോഹമല്ല. ഇതു വയറ്റിൽ ചെല്ലുന്നത് കുട്ടികളുടെ ദഹനവ്യവസ്ഥയെ തകരാറിലാക്കും. അതുകൊണ്ട് ഇത്തരം അബദ്ധധാരണകൾ തിരുത്തണമെന്നും അദ്ദേഹം പറയുന്നു.
ജോൺസൺ പൂവന്തുരുത്ത്

