‘യൗസേപ്പിതാവ് വര്‍ഷ’ പ്രഖ്യാപനത്തിലേക്ക് പാപ്പയെ നയിച്ചത് ഈ അമേരിക്കന്‍ വൈദികന്റെ കത്ത്?
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചതിന് പിന്നില്‍ അമേരിക്കയിലെ കത്തോലിക്ക വൈദികന്‍റെ അഭ്യര്‍ത്ഥനയാണെന്ന് വ്യക്തമായ സൂചന നല്‍കിക്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റ്. വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് 2019 മെയ് ഒന്നിന് പരിശുദ്ധ പിതാവിന് കത്തെഴുതിയിരുന്നുവെന്ന് മരിയന്‍ ‘ഫാദേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ഓഫ് ദി മോസ്റ്റ് ബ്ലസ്ഡ് വിര്‍ജിന്‍ മേരി’ സഭാംഗമായ ഫാ. ഡൊണാള്‍ഡ് കല്ലോവേ എം.ഐ.സിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. താന്‍ അയച്ച കത്തിന്റെ പകര്‍പ്പും അദ്ദേഹം പോസ്റ്റിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഇന്നലെ ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച ഫാ. കല്ലോവേയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
അര്‍ജന്റീനയിലെ തന്റെ സുഹൃത്തായ ഫാ. ഡാന്റെ അഗ്യൂറോ എം.ഐ.സി യാണ് തന്റെ കത്ത് സ്പാനിഷ് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തതെന്നും, 2019 മെയ് 4ന് അര്‍ജന്റീനയിലെ ഗ്വാലെഗ്വായിച്ചു രൂപതാ മെത്രാനായ ഹെക്ടര്‍ സോര്‍ദാന്‍ റോമിലായിരുന്നപ്പോഴാണ് പാപ്പക്ക് കത്ത് കൈമാറിയതെന്നുമാണ് ഫാ. കല്ലോവേയുടെ പോസ്റ്റില്‍ പറയുന്നത്. ഫ്രാന്‍സിസ് പാപ്പയും ബിഷപ്പ് സോര്‍ദാനും ഫാ. കാല്ലോവേയുടെ കത്തും പിടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഫാ. കല്ലോവേയെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
മതവിശാസികളല്ലാത്ത മാതാപിതാക്കള്‍ക്ക് ജനിച്ച താന്‍ ചെറുപ്പത്തില്‍ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിരുന്നയാളാണെന്ന്‍ ‘2020 കൊളംബസ് കത്തോലിക്കാ വിമണ്‍ കോണ്‍ഫ്രന്‍സ്’നു നല്‍കിയ അഭിമുഖത്തില്‍ ഫാ. കല്ലോവേ പറഞ്ഞിരിന്നു. പിന്നീട് കത്തോലിക്കാ വിശ്വാസത്തില്‍ ആകൃഷ്ടനായ അദ്ദേഹം 2003-ലാണ് തിരുപ്പട്ടം സ്വീകരണം നടത്തിയത്. “വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പണം: നമ്മുടെ ആത്മീയ പിതാവിന്റെ അത്ഭുതങ്ങള്‍” എന്ന പേരില്‍ ഒരു ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്. അപ്പനില്ലാതെ വളര്‍ന്ന തനിക്ക് യൗസേപ്പിതാവ് അപ്പനേപ്പോലെയായിരുന്നെന്നും, തന്നെപ്പോലെ അപ്പനില്ലാതെ വളരുന്ന നിരവധി പേര്‍ക്ക് വേണ്ടിയാണ് താന്‍ ഈ പുസ്തകം എഴുതിയതെന്നും ഫാ. കാല്ലോവേ നേരത്തെ പ്രസ്താവിച്ചിരിന്നു.
കടപ്പാട് ;പ്രവാചക ശബ്‌ദം