തൻ്റെ കൂട്ടുകാരെ ലഹരിയുടെ ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഒരു പ്ലസ് ടു ക്കാരൻ ശ്രമിച്ചു എന്നതായിരുന്നില്ലേ യഥാർത്ഥത്തിൽ വാർത്തകളിൽ നിറഞ്ഞു നില്ക്കേണ്ടിയിരുന്നത്?

Share News

*ഏറെ ദു:ഖം തോന്നുന്നു*

കളമശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത 5 പേരും 19 വയസ്സുള്ള ഒരാളും ചേർന്ന് പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ ഒരു പതിനേഴു വയസ്സുകാരൻ ആത്മഹത്യ ചെയ്തു എന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് കേട്ടത്..

ഈ വിഷയത്തിൽ നമുക്ക് വല്ലാത്ത തെറ്റുപറ്റി എന്ന് ഇന്നലെ മുതൽ മനസ്സു പറയുകയായിരുന്നു …പത്രങ്ങളെല്ലാം ആ ആറു പേരെ കൊടുംഭീകരരെപ്പോലെയാണ് അവതരിപ്പിച്ചത്. സാമൂഹിക മാധ്യമങ്ങളാകട്ടെ, രോഷം ആഘോഷിക്കുകയായിരുന്നു. അവരുടെ ഫോട്ടോ കൊടുത്തിട്ട് FB യിൽ ഒരാൾ കുറിച്ചതായി കണ്ടു, ഇവന്മാരെ പുറം ലോകം കാണിക്കരുത് എന്ന്!

മൈനർ പ്രായത്തിലുള്ളവരുടെ തെറ്റുകളോടു പ്രതികരിക്കേണ്ട വിധത്തിലല്ല നമ്മൾ പ്രതികരിച്ചത്..

. അത് ഒരു ജീവനാശത്തിലേക്ക് നയിക്കുകയും ചെയ്തു…

സത്യത്തിൽ, ഇന്നലെ വാർത്താപ്രാധാന്യം ലഭിക്കേണ്ടിയിരുന്നത് അതേ പ്രശ്നത്തിലെ മറ്റൊരു വിഷയത്തിനായിരുന്നു. തൻ്റെ കൂട്ടുകാരെ ലഹരിയുടെ ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഒരു പ്ലസ് ടു ക്കാരൻ ശ്രമിച്ചു എന്നതായിരുന്നില്ലേ യഥാർത്ഥത്തിൽ വാർത്തകളിൽ നിറഞ്ഞു നില്ക്കേണ്ടിയിരുന്നത്?

എൻ്റെ FB യിൽ ആ വിഷയം ഞാൻ ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു. ഇത്തരം പ്രശ്നങ്ങളിൽ പ്രതി, ഇര എന്ന സ്ഥിരം വാർത്താ ശൈലി ഉപേക്ഷിച്ച് അതിൽ നിന്ന് പൊതുനന്മയ്ക്കായി ഉരുത്തിരിഞ്ഞു വരേണ്ട ഭാവാത്മക സന്ദേശമാണ് നമ്മൾ പരത്തേണ്ടത്..

.ആ കുട്ടിക്ക് ആത്മശാന്തി നേരുന്നു!ദൈവം അവനോട് കരുണ കാണിക്കട്ടെ..

.അകാലത്തിൽ പൊലിഞ്ഞ ആ ജീവനുമുമ്പിൽ മാപ്പിരക്കുകയും ചെയ്യുന്നു..

.ദൈവം നമ്മോടും കരുണ കാണിക്കട്ടെ…

Joshy mayyattil

ഫാ .ജോഷി മയ്യാറ്റിൽ

Share News