രാജ്യത്ത് ജനുവരി 13 മുതല്‍ കോവിഡ് വാക്‌സിന്‍ വിതരണം
ന്യൂഡല്‍ഹി: രാജ്യത്ത് ജനുവരി 13ന് കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കി പത്തുദിവസത്തിനകം സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ വിതരണം നടപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.
കഴിഞ്ഞദിവസമാണ് കോവിഡിനെതിരെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിച്ച കോവിഷീല്‍ഡിനും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിനും അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടക്കുകയാണ്. കരുതലായാണ് കോവാക്‌സിന് അനുമതി നല്‍കിയതെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യവ്യാപകമായി നടന്ന ഡ്രൈ റണിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം.
വാക്‌സിന്‍ സൂക്ഷിക്കാന്‍ 28,000 കോള്‍ഡ് സ്‌റ്റോറേജുകള്‍ തയ്യാറായി കഴിഞ്ഞു.ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന് രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.