നഗ്നരാക്കി കോടതിയിൽ നിന്നും ആരെയും ഇറക്കി വിടാതിരിക്കുക|ഭരണഘടനയ്ക്ക് വിധേയമായി ജനത്തിനു വേണ്ടിയുള്ളതാണ് കോടതികൾ.

Share News

പ്രിയമുള്ളവരെ !

ഈ ലേഖനത്തിനു താഴെ കൊടുത്തിരിക്കുന്ന പ്രതിമകളിലേക്കു നിങ്ങൾ ഏവരുടെയും ശ്രദ്ധയെ ക്ഷണിക്കുകയാണ്.

ഒരു ജൂനിയർ അഭിഭാഷകനെ അധിക്ഷേപിച്ച മജിസ്ട്രേറ്റിനെതിരെ നടപടി സ്വീകരിക്കുവാൻ, ഹൈക്കോടതി അഭിഭാഷ അസോസിയേഷൻ ഉൾപ്പെടെ മറ്റ് അസോസിയേഷനുകളും ,ശക്തമായ പ്രമേയം പാസാക്കിയ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.

നീതിന്യായ കോടതികൾ ന്യായാധിപന്മാരുടെ സ്വകാര്യ സ്വത്തല്ല. മറിച്ചും പറയാം അവിഭാഷകരുടെയോ ഗുമസ്തന്മാരുടെയോ സ്വത്തുമല്ല. നീതി നിർവഹണം നടത്തുന്നവരിൽ ചുരുക്കം ചിലരുടെ പ്രവർത്തി കണ്ടാൽ, അവർക്ക് വേണ്ടി മാത്രമുള്ളതാണ് കോടതികൾ എന്ന് തോന്നിപ്പോകും. നാട്ടുഭാഷ്യം ഞാൻ ഇവിടെ ചേർക്കുന്നില്ല.

ഭരണഘടനയ്ക്ക് വിധേയമായി ജനത്തിനു വേണ്ടിയുള്ളതാണ് കോടതികൾ. കോടതികളിൽ എത്തുന്നവരെ കണ്ണുനീർ കുടിപ്പിച്ച് വിടാതിരിക്കുവാൻ ഉത്തരവാദിത്തപ്പെട്ടവർ, ശ്രമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നതിനാലാണ്, ഇത്തരം സംഭവങ്ങൾക്ക് വേദി ഒരുങ്ങുന്നത്.

പഴയ ഹൈക്കോടതി വളപ്പിലെ വക്കീലന്മാരുടെ ചേമ്പറിന് മുമ്പിൽ, മെയിൻ റോഡിന് അഭിമുഖമായി, നിൽക്കുന്ന പ്രതിമ കാണുമ്പോൾ മനസ്സിൽ ഓടി കിതച്ചെത്തുന്ന ചില ചിന്തകൾ ഉണ്ട് .പ്രതിമ സ്ഥാപിച്ച വ്യക്തിക്കോ സ്ഥാപനത്തിനോ എന്തെങ്കിലും നല്ല ഉദ്ദേശ്യമോ ലക്ഷ്യമോ ഉണ്ടായിരുന്നിരിക്കാം. ഉദ്ദേശശുദ്ധിയും ലക്ഷ്യവും തെറ്റുമ്പോൾ മറിച്ചുള്ള ചിന്തകൾക്ക് ഇടം നൽകും.

ലോകപ്രസിദ്ധ ഇറ്റാലിയൻ ശില്പിയും ചിത്രകാരനുമായിരുന്ന മൈക്കലാഞ്ചലോ 1054 -, അതായത് നവോത്ഥാനകാലത്ത് പൂർത്തിയാക്കിയ

” ഡേവിഡ്” എന്ന പ്രതിമയുമായി, പഴയ ഹൈക്കോടതി വളപ്പിലുള്ള പ്രതിമയ്ക്ക് സാമ്യമുണ്ട് .പ്രതിമകൾ രണ്ടും ശ്രദ്ധിച്ചാൽ പ്രകടമായ വ്യത്യാസങ്ങളും കാണാം. പല വ്യാഖ്യാനങ്ങൾക്കും അത് വേദിയൊരുക്കും.

മൈക്കലാഞ്ചലോയുടെ പ്രതിമയുടെ ലക്ഷണം കണ്ടാൽ, മല്ലനായ ഗോലിയാത്തിനെ തോൽപ്പിക്കുന്ന സമയം യൗവനയുക്തനായ ദാവീദിന്റെ ആകാരഭംഗി എടുത്തു കാണിക്കുന്നുണ്ട്. ആ പ്രതിമയിൽ ഉള്ള പ്രധാന അവയവങ്ങളുടെ വലിപ്പവും, വലിപ്പ കുറവും മൊത്തവലിപ്പത്തിന് അനുപാതികമല്ല.എങ്കിലും ഓരോ അവയവങ്ങളുടെ നിർമ്മിതിയിൽ അടങ്ങിയിരിക്കുന്ന ആശയങ്ങൾ അർത്ഥസമ്പുഷ്ടമാണ്.

ഹൈക്കോടതി വളപ്പിലെ പ്രതിമയിൽ വേറിട്ട വ്യത്യസ്തതകൾ നിരീക്ഷിക്കാം. മുഷ്ടി ശക്തിയോടെ ചുരുട്ടി പിടിച്ചിരിക്കുന്നു.

വലതു കൈയിൽ ക്രൂരതയുടെ പ്രതീകമായ ഒരു കഠാര എന്ന ആയുധം ബലമായി പിടിച്ചിരിക്കുന്നു. അത് കണ്ടാൽ ആരെയോ കുത്തി വക വരുത്തുമെന്ന ഭാവം.” ഡേവിഡ് “എന്ന പ്രതിമയിൽ നഗ്നത മറക്കാതെ, ജനനേന്ദ്രിയം വ്യക്തമായി പ്രദർശിപ്പിച്ചിരിക്കുന്നു. ഹൈക്കോർട്ട് വളപ്പിലുള്ള പ്രതിമയിലെ ജനനേന്ദ്രിയഭാഗം ,ഒരു റോസാപുഷ്പം നിർമ്മിച്ചു നഗ്നത മറച്ചിരിക്കുന്നു.

പ്രതിമയുടെ പുഷ്ട്ടഭാഗം പഴയ കോടതി സമുച്ചയത്തെയും, പുതിയ അഭിഭാഷക ചേമ്പറുകളെയും കാട്ടി നിൽക്കുന്നു. ആരോടൊക്കെയുള്ള വൈരാഗ്യത്തിൽ പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരുവന്റെ പ്രതിരൂപമായി തോന്നും .തനിക്ക് നീതി ലഭിക്കുമെന്ന, ഉറച്ച പ്രത്യാശയോടെ എത്തിയ സ്ഥാപനങ്ങളിൽ നിന്നും, അപമാനിതനായതിനാൽ, വൈരാഗ്യ ബുദ്ധിയോടെ ഇറങ്ങി ഓടുന്നവന്റെ പ്രതിരൂപമായും അനുമാനിക്കാം.

നീതി ന്യായത്തിന്റെ കാവൽ ഭടന്മാരായ ന്യായാധിപന്മാർ, അഭിഭാഷകർ, ഗുമസ്തന്മാർ, എന്തിന് ഈ സംവിധാനത്തിലെ ഏവരും ഈ പ്രതിമയുടെ മുൻപിൽ വല്ലപ്പോഴും എത്തിനോക്കി, ജോലിയിൽ വ്യാപൃതരായാൽ,സത്യമേവ ജയധേ എന്ന വാക്യം മനസ്സിലുടക്കി,ഭയപ്പെടാതെ നീതിനിർവഹണം നടത്തുവാൻ സാധിക്കും. ബാറും ബെഞ്ചും അകന്നാൽ നീതിദേവത വാളെടുത്ത് നീതി നടപ്പിലാക്കും. യാതൊരു സംശയവും ഇല്ല.

നഗ്നരാക്കി കോടതിയിൽ നിന്നും ആരെയും ഇറക്കി വിടാതിരിക്കുക.

Share News