‘പെണ്‍പ്രതിമ തന്ന് പ്രകോപിപ്പിക്കരുത്’: ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ അലൻസിയര്‍

Share News

തിരുവനന്തപുരം: പെണ്‍പ്രതിമ തന്ന് പ്രകോപിപ്പിക്കരുതെന്ന് നടൻ അലൻസിയര്‍. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ സെപ്‌ഷ്യല്‍ ജൂറി പുരസ്‌കാരം വാങ്ങിയ ശേഷമായിരുന്നു താരത്തിന്റെ സ്ത്രീവിരുദ്ധ പരമാര്‍ശം.

ആണ്‍ക്കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആണ്‍ക്കരുത്തുള്ള പ്രതിമ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ആണ്‍പ്രതിമ ലഭിക്കുന്ന ദിവസം താൻ അഭിനയം നിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പെഷ്യല്‍ ജൂറി പുരസ്കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണം. സ്പെഷ്യല്‍ ജൂറി പുരസ്കാരത്തുക വര്‍ധിപ്പിക്കണം. 25,000 രൂപ തന്ന് അപമാനിക്കരുതെന്നും അലൻസിയര്‍ വേദിയില്‍ പറഞ്ഞു. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലൻസിയറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ചേര്‍ന്നാണ് സംസ്ഥാന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. സംവിധായകന്‍ ടിവി ചന്ദ്രനെ സമഗ്ര സംഭാവനയ്ക്കുള്ള ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം ജയചന്ദ്രന്‍, റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ എന്നിവരും മറ്റു പുരസ്‌കാര ജേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയ്ക്ക് വേണ്ടി നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഏറ്റുവാങ്ങിയത്.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജിആര്‍ അനില്‍ അനുമോദന പ്രഭാഷണം നടത്തി.

Share News