കേരളത്തിലെ “പൊതുഗതാഗത” രംഗത്തിന് സ്വകാര്യമേഖലയിൽ നിന്നും മൂലധനം ഇറക്കുന്ന “മുതലാളിമാർ” നൽകിയ സേവനത്തെ മലയാളികൾ മനസ്സിലാക്കിയിട്ടുണ്ടോ?

Share News

വരവേൽപ്പ് !

മലയാളികളെ ഏറെ ചിന്തിപ്പിച്ച ഒരു ചിത്രമായിരുന്നു വരവേൽപ്പ്.ഗൾഫിൽ ജോലി ചെയ്തുണ്ടാക്കിയ പണം കൊണ്ട് നാട്ടിൽ വന്ന് ഒരു സ്വകാര്യ ബസ് സർവ്വീസ് തുടങ്ങാൻ ശ്രമിച്ച യുവാവിനെ നമ്മുടെ സമൂഹം ഒടിച്ചു മടക്കി കയ്യിൽ കൊടുത്ത കഥ.

കാലം മാറി, മാന്പഴം കവിത വായിച്ചു കരഞ്ഞ അമ്മമാരും. പൂങ്കുല പൊട്ടിച്ചാൽ പിള്ളേർക്ക് വീണ്ടും തല്ലുകൊടുക്കുമെന്ന് അശോക് രാജ് പറഞ്ഞത് പോലെ, ഒരു ബസ് സർവ്വീസ് എങ്കിലും നടത്തുന്നവർ ഇപ്പോഴും മലയാളിക്ക് ബസ് മുതലാളിയാണ്. അവരുടെ പ്രശ്നങ്ങൾ മുതലാളിമാരുടെ പ്രശ്നങ്ങളും ആണ്.

കേരളത്തിലെ “പൊതുഗതാഗത” രംഗത്തിന് സ്വകാര്യമേഖലയിൽ നിന്നും മൂലധനം ഇറക്കുന്ന ഇത്തരത്തിലുള്ള “മുതലാളിമാർ” നൽകിയ സേവനത്തെ മലയാളികൾ ഇനിയും വേണ്ടപോലെ മനസ്സിലാക്കിയിട്ടുണ്ടോ എന്നെനിക്ക് സംശയമാണ്.

കഴിഞ്ഞ ദിവസത്തെ ക്ലബ്ബ് ഹൌസ് ചർച്ചയിൽ കേരളത്തിൽ നിന്നും ലോകത്ത് മറ്റിടങ്ങളിൽ എത്തേണ്ട മാതൃകകളെ പറ്റി പറഞ്ഞപ്പോൾ കുടുംബശ്രീ, സഹകരണ സംഘങ്ങൾ, ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങൾ, എന്നിവയുടെ കൂടെ കേരളത്തിലെ സ്വകാര്യ ബസുകളുടെ കാര്യം കൂടി ഞാൻ പറഞ്ഞത് ആളുകൾക്ക് അല്പം അതിശയമായി.

ഇന്ത്യക്കകത്തും പുറത്തും അനവധി സ്ഥലങ്ങളിൽ പൊതുഗതാഗതം കണ്ടിട്ടുള്ള, ഉപയോഗിച്ചിട്ടുള്ള ആളെന്ന നിലക്ക് കേരളത്തിലെ പൊതുഗതാഗത രംഗത്ത് സ്വകാര്യ മേഖലയുടെ ഇടപെടലും നിക്ഷേപങ്ങളും ഒരു “force for good” ആണെന്നും മറ്റു പ്രദേശങ്ങൾക്ക് മാതൃകയാക്കാം എന്നതും എനിക്ക് ഒട്ടും സംശയമില്ലാത്ത കാര്യമാണ്. സർക്കാർ നേരിട്ടോ അല്ലാതെയോ സബ്‌സിഡി ഒന്നും നൽകാതെ, പ്രവർത്തിക്കുന്ന സ്വകാര്യമേഖലയിലെ പൊതു ഗതാഗതം എടുത്താൽ അതിൽ ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കായിരുക്കും നമ്മുടേത്.

കേരളത്തിലെ സ്വകാര്യ ബസുകളുടെ സേവനം അറിയണമെങ്കിൽ മറ്റു രാജ്യങ്ങളിൽ പോകുകയൊന്നും വേണ്ട. ഇന്ത്യയിൽ തന്നെ അനവധി സംസ്ഥാനങ്ങളിലെ ചെറിയ നഗരങ്ങളിൽ ഒന്ന് യാത്ര ചെയ്തു നോക്കിയാൽ മതി. സ്ഥലങ്ങളുടെ പേര് പറയുന്നില്ല.

വലിയ നഗരങ്ങളിൽ നിന്നും ചെറിയ നഗരങ്ങളിലേക്കോ നഗര പ്രാന്തങ്ങളിലേക്കോ പോകാൻ അവിടെ സർക്കാർ ബസ് സർവീസുകൾ ഉണ്ടെന്നാണ് വയ്പ്പ്, എന്നാൽ വളരെ കുറവാണ്, വിശ്വസിക്കാവുന്ന സമയക്രമവും ഇല്ല. “ടെന്പോ” എന്ന് വിളിക്കുന്ന മുച്ചക്ര വാഹനമാണ് അനവധി നഗരങ്ങളെ സമീപ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പൊതു ഗതാഗതം. അതിൽ എട്ടോ പത്തോ പേർക്ക് ഇരിക്കാം, പ്രത്യേക സമയക്രമം ഒന്നുമില്ല. ആറു പേരെങ്കിലും ആയാൽ വണ്ടി വിടും. നമ്മുടേത് പോലെ ഓരോ പോയന്റിനും ഓരോ നിരക്ക് എന്നൊന്നുമില്ല. കേരളത്തിൽ സമാന ദൂരത്തിന് കൊടുക്കുന്ന ബസ് ചാർജിന്റെ അഞ്ചു മടങ്ങെങ്കിലും ആകും. ചെറുനഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് വല്ലപ്പോഴും പോകുന്ന ഈ ടെന്പോ സർവീസ് ഇല്ലെങ്കിൽ അഞ്ചും പത്തും കിലോമീറ്റർ നടക്കുക തന്നെ.

സ്വകാര്യ മൂലധനം കേരളത്തിലെ ബസ് സർവ്വീസ് മേഖലയിൽ എത്തിയില്ലായിരുന്നുവെങ്കിൽ നമ്മുടെ പൊതുഗതാഗതവും ഏതാണ്ട് ഇതുപോലൊക്കെത്തന്നെ ആകുമായിരുന്നു. സ്വാതന്ത്ര്യത്തിന് മുൻപേ കേരളത്തിൽ സർക്കാർ ആഭിമുഖ്യത്തിൽ റോഡ് ട്രാൻസ്‌പോർട്ട് സർവ്വീസ് ഉണ്ടായിരുന്നു എന്നൊക്കെ എനിക്കറിയാം. പക്ഷെ എല്ലാ പൊതുഗതാഗതവും സർക്കാർ നടത്താൻ തീരുമാനിച്ചിരുന്നെങ്കിൽ വേണ്ടത്ര കവറേജോ കാര്യക്ഷമതയോ ഉണ്ടാകുമായിരുന്നില്ല. സർക്കാരും സ്വകാര്യ മേഖലയും ഒരുമിച്ച് നില നിൽക്കുന്നത് രണ്ടുപേരേയും കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ സഹായിച്ചിട്ടുണ്ട്.

നിർഭാഗ്യവശാൽ വരവേൽപ്പ് കണ്ടു സങ്കടപ്പെട്ട മലയാളി ബസ് “മുതലാളി” മാരെപ്പറ്റിയുള്ള നമ്മുടെ ചിന്താഗതിയിൽ വലിയ മാറ്റം ഒന്നും വരുത്തിയില്ല. എറണാകുളത്ത് നിന്നും പെരുന്പാവൂരിൽ ബസിറങ്ങി രണ്ടോ മൂന്നോ കിലോമീറ്റർ ദൂരെയുള്ള വീട്ടിലേക്ക് പോകുവാൻ ഓട്ടോറിക്ഷക്ക് മുപ്പത് രൂപ കൊടുക്കാൻ ഒരു മടിയുമില്ലാത്ത നമുക്ക് മുപ്പത് കിലോമീറ്റർ ബസ് യാത്രക്ക് ഒരു രൂപ കൂട്ടിയാൽ അതിനെതിരെ സമരം ചെയ്യാനും ഒരു മടിയുമില്ല!

കൊറോണക്കാലത്തിന് മുൻപ് തന്നെ നമ്മുടെ പൊതുഗതാഗത രംഗത്തെ സ്വകാര്യമേഖല ഏറെ വെല്ലുവിളികൾ നേരിടുകയായിരുന്നു (പൊതു ഗതാഗത രംഗത്തെ പൊതു മേഖല പതിറ്റാണ്ടുകളായി നഷ്ടത്തിൽ ആണല്ലോ, അത് പിന്നീടൊരിക്കൽ പറയാം). റൂട്ടുകളുടെ കാര്യത്തിലും വാങ്ങാവുന്ന ചാർജിന്റെ കാര്യത്തിലും ഒക്കെയുള്ള കടുംപിടുത്തം ഒരു വഴിക്ക്, സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെടേണ്ടി വരുന്നതിനാവശ്യമായ അനൗദ്യോഗിക ചിലവുകൾ (കൈക്കൂലി എന്നും പറയും) മറുവശത്ത്. കേരളത്തിലെ മധ്യവർഗം ഏതാണ്ട് മൊത്തമായി തന്നെ പൊതുഗതാഗതത്തിൽ നിന്നും മാറിയതിന്റെ പ്രശ്നങ്ങൾ വേറെയും.

ഇങ്ങനെയിരിക്കുന്ന സമയത്താണ് കൊറോണ വരുന്നത്. ഇത് മൊത്തമായി പൊതു ഗതാഗത രംഗത്തുള്ള സ്വകാര്യമേഖലയുടെ നടുവൊടിച്ചു. ടൂറിസ്റ്റ് ടാക്സി, കൃത്യമായി റൂട്ടിൽ യാത്ര നടത്തുന്ന ബസുകൾ, കേരളത്തിനകത്തും പുറത്തുമുള്ള ടൂറിസ്റ്റു ബസുകൾ എന്നിവയുടെ വരുമാനം പൂർണ്ണമായി നിലച്ചു, ലോൺ എടുത്തതിന്റെ തിരിച്ചടവ് മൊറട്ടോറിയം ഉണ്ടെങ്കിൽ പോലും പിന്നീട് അടച്ചു തീർക്കേണ്ടി വരും. വാഹനങ്ങൾ വിൽക്കുക എന്നതിന് യാതൊരു സാധ്യതയും ഇല്ല, ടാക്‌സുകൾ അടച്ചുകൊണ്ടേ ഇരിക്കണം. കുറച്ചു ടൂറിസ്റ്റ് ബസുകൾ ബംഗാളിലേക്കും ആസാമിലേക്കും ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോയും തിരിച്ചു കൊണ്ടുവന്നും കുറച്ചു നാൾ പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും അവരിൽ പലരും രണ്ടാമത്തെ ലോക്ക് ഡൗണിൽ കുടുങ്ങി കിടക്കുന്നു. തൊഴിലാളികൾക്ക് ജോലിയില്ല, മിക്ക ബസുകളിലും തൊഴിലാളിയും മുതലാളിയും ഒന്ന് തന്നെയാണ്.

ഈ വർഷം തുടങ്ങിയതിൽ പിന്നെ വളരെ കുറച്ചു സമയം മാത്രമേ കുറച്ചെങ്കിലും ബസുകൾക്കും ടെന്പോകൾക്കും ഓടാൻ പറ്റിയിട്ടുളളൂ. കട്ടപ്പുറത്തിരുന്നാലും ടാക്‌സിന് ഒരു കുറവുമില്ല എന്നാണ് ആ രംഗത്തുള്ളവർ പറയുന്നത്.

പൊതുഗതാഗത രംഗത്ത് മുതൽ മുടക്കിയിട്ടുള്ള സ്വകാര്യമേഖലയുടെ പ്രശ്നങ്ങൾ അറിയാനും അനുഭാവ പൂർണ്ണമായി കൈകാര്യം ചെയ്യാനും നമ്മൾ മുൻകൈ എടുത്തില്ലെങ്കിൽ കൊറോണക്കാലം കഴിയുന്പോഴേക്കും ഈ മേഖല തകർന്നടിഞ്ഞിട്ടുണ്ടാകും. അത് യാത്രാ സൗകര്യങ്ങൾ വലിയ നിലയിൽ കുറക്കും, കൂടുതൽ സ്വകാര്യ വാഹനങ്ങൾ റോഡിൽ എത്തിക്കേണ്ടി വരും, സ്വകാര്യ വാഹനങ്ങൾ ഇല്ലാത്തവർക്ക് യാത്ര ബുദ്ധിമുട്ടാകും (ഇതൊക്കെ മറ്റു സംസ്ഥാനങ്ങളിൽ കൊറോണക്ക് മുൻപ് തന്നെ നടക്കുന്ന കാര്യമാണ്). കൂടാതെ നമ്മുടെ മൊത്തം ജീവിത രീതിയെയും സന്പദ്‌വ്യവസ്ഥയെയും ഇത് ബാധിക്കും. തൊഴിലില്ലാതാകുന്ന ആയിരക്കണക്കിന് ഡ്രൈവർമാരുൾപ്പടെ തൊഴിലാളികളുടെയും “മുതലാളിമാരുടേയും” കാര്യം കഷ്ടത്തിലാകും.

നമ്മുടെ ലോക്ക് ഡൌൺ മാറി സാന്പത്തിക മേഖല ഉണർന്നു വരുന്നത് വരെ വാഹനങ്ങളുടെ ടാക്സ് പിരിവ് ഒഴിവാക്കുക എന്നതാണ് ആദ്യമേ ചെയ്യാവുന്ന കാര്യം.ലോക്ക് ഡൌൺ കഴിഞ്ഞുള്ള കാലത്ത് ഈ മേഖലയിലുള്ള നിയന്ത്രണങ്ങൾ, റൂട്ടിന്റെ കാര്യത്തിലും, റേറ്റിന്റെ കാര്യത്തിലും, ഉൾപ്പെടെ പരമാവധി കുറച്ചു കൊണ്ട് വരണം.

നമ്മുടെ പൊതുഗതാഗത രംഗത്ത് ഏറെ കൺസ്യൂമർ സർപ്ലസ് ഉണ്ട് (അല്പം കൂടി നല്ല സർവ്വീസിന് ഇതിൽ കൂടുതൽ പണം കൊടുക്കാൻ ആളുകൾ തയ്യാറാണ്). അത്തരം സാഹചര്യത്തിൽ മാർക്കറ്റിൽ പല തട്ടുകളിലുള്ള സർവ്വീസ് ഉണ്ടാക്കുകയാണ് വേണ്ടത്. ഇപ്പോഴത്തെ പോലുള്ള റൂട്ടുകളിൽ ചിലവ് കുറഞ്ഞ പൊതുഗതാഗത സംവിധാനം തീർച്ചയായും തുടരണം. സമയ ബന്ധിതമായ സർവീസുകൾ ഉണ്ടാകണം.

കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നതും കൂടുതൽ പണം ചിലവാക്കാൻ കഴിവുള്ളവർ യാത്ര ചെയ്യുന്നതുമായ റൂട്ടുകളിൽ (ഉദാഹരണത്തിന് ആലുവ എറണാകുളം റൂട്ടിൽ, എറണാകുളത്ത് വിവിധ പ്രദേശത്ത് നിന്നും ഇൻഫോ പാർക്കിലേക്ക്) കുറച്ചു കൂടി ഉയർന്ന നിരക്കിലുള്ള പ്രീമിയം സർവ്വീസ് നടത്താൻ എന്തിനാണ് നിയന്ത്രണം? ഇഷ്ടമുളളവർ സർവ്വീസ് നടത്തട്ടെ, താല്പര്യമുള്ളവർ ഉപയോഗിക്കട്ടെ.

കേരളത്തിന് പുറത്തേക്ക് പോകുന്ന ബസ് സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ പരമാവധി എടുത്തു കളയണം. ആസ്സാമിലേക്ക് പോലും സ്ഥിരമായി ബസ് ട്രിപ്പ് നടത്താമെന്ന് കൊറോണക്കാലം നമ്മെ പഠിപ്പിച്ചു. ലോകത്തെ തന്നെ ഏറ്റവും ദീർഘദൂരമായ ഒരു (രാജ്യത്തിനകത്തുള്ള) ബസ് സർവീസ് ആണിത്. ഇതിനെ ഒരു വൻ ടൂറിസ്റ്റ് സാധ്യതയായി വികസിപ്പിക്കാം.

പൊതുഗതാഗതത്തിൽ നിന്നും മധ്യവർഗ്ഗത്തെ മാറ്റി വിടുന്നത് ലാസ്റ്റ് മൈൽ കണക്ടിവിറ്റി കൂടിയാണ്. ബസിറങ്ങിയാൽ വീണ്ടും ഓട്ടോ പിടിക്കണം, അല്ലെങ്കിൽ നടക്കണം. ഇത് കൊണ്ടാണ് ഏറെ ആളുകളും സ്വന്തം ഇരു ചക്ര വാഹനം ഉപയോഗിക്കുന്നത്. ഇതൊഴിവാക്കാൻ ഒരു നല്ല മാർഗ്ഗമുണ്ട്. അമേരിക്കൻ തലസ്ഥാനമായിട്ടുള്ള വാഷിംഗ്ടണിലെ പ്രധാന വിമാനത്താവളം നഗരത്തിൽ നിന്നും ഏറെ ദൂരെയാണ്.

അവിടെ നിന്നും നഗരത്തിലേക്ക് ടാക്സി എടുത്താൽ അയ്യായിരത്തോളം രൂപ ആകും. അതിന് പകരം അവിടെ മറ്റൊരു സംവിധാനം ഉണ്ട്, ആളുകൾ ഷെയർ ചെയ്യുന്ന “സൂപ്പർ ഷട്ടിൽ”. വിമാനത്താവളത്തിൽ നിന്നും നഗരത്തിൽ എവിടെയും നമ്മളെ ഹോട്ടലിലോ വീട്ടിലോ എത്തിക്കുന്ന ഒരു ഷട്ടിലിൽ എട്ടുപേർ ഉണ്ടാകുമെങ്കിലും ടാക്സിയുടെ മൂന്നിലൊന്നു ചിലവ് മാത്രമേ ആകൂ. മുൻ‌കൂർ ഓൺലൈൻ ആയി ബുക്ക് ചെയ്യുകയോ സ്പോട്ടിൽ ബുക്ക് ചെയ്യുകയോ ചെയ്യാം. മൊബൈൽ ഫോണിന്റെ ഇക്കാലത്ത് ഇതൊക്കെ എത്രയോ എളുപ്പത്തിൽ നമുക്ക് നടപ്പിലാക്കാം. നമ്മുടെ നാട്ടിലും നഗരങ്ങളിലെങ്കിലും ഇത്തരം ഷെയേർഡ് ഷട്ടിൽ സർവ്വീസിന് വലിയ സാദ്ധ്യതകളുണ്ട്.

കൊറോണക്കാലത്തിന് തൊട്ടു മുൻപ് സ്വകാര്യ വാഹനങ്ങളുടെ കാലം ഏതാണ്ട് അവസാനിച്ചു വരികയായിരുന്നു. യൂറോപ്പിൽ പുതിയ തലമുറയിലെ മൂന്നിലൊന്ന് ആളുകളും ഡ്രൈവിങ്ങ് ലൈസൻസ് പോലും എടുക്കാതെ പൊതുഗതാഗത്തിലേക്കും യൂബറിലേക്കും മാത്രം യാത്ര മാറ്റിയിരുന്നു. ചില രാജ്യങ്ങൾ പൊതുഗതാഗതം സൗജന്യമാക്കിയിരുന്നു. ഈ കൊറോണക്കപ്പുറവും പൊതുഗതാഗതത്തിന് തന്നെയാണ്, അമേരിക്ക ഒഴിച്ചുള്ള, വികസിത രാജ്യങ്ങൾ ഊന്നൽ നൽകുന്നത്. കൂടുതൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുക വഴിയുണ്ടാകുന്ന, കാലാവസ്ഥ വ്യതിയാനത്തിന് ആക്കം കൂട്ടുന്ന ഹരിതവാതകങ്ങൾ കുറക്കുക, റോഡിൽ തിരക്കും അപകടങ്ങളും ഒഴിവാക്കുക, നഗരങ്ങളിൽ തിരക്കൊഴിവാക്കി ജീവിതത്തിന്റെ ഗുണനിലവാരം കൂട്ടുക എന്നിങ്ങനെ അനവധി ഉദ്ദേശങ്ങൾ ഇതിനു പിന്നിലുണ്ട്.

നമ്മുടെ പൊതുഗതാഗത രംഗത്തെ ശക്തിപ്പെടുത്തുകയും സ്വകാര്യ വാഹനങ്ങളുടെ ആവശ്യവും ഉപയോഗവും കുറച്ചുകൊണ്ട് വരികയും ചെയ്യുന്ന ഒരു ട്രാൻസ്‌പോർട്ട് സംവിധാനമാണ് നമുക്ക് ഭാവിയിൽ വേണ്ടത്. അത് സാധ്യമാകണമെങ്കിൽ നമ്മുടെ സ്വകാര്യ മേഖലയുടെ മൂലധനം, ക്രിയേറ്റിവിറ്റി, കാര്യക്ഷമത, ഇതൊക്കെ ഉപയോഗിക്കാൻ നമുക്ക് കഴിയണം. അതിന് സ്വകര്യമേഖയിലെ നിക്ഷേപകരെ “മുതലാളിമാർ” ആയി കാണാതെ സമൂഹത്തിന്റെ അടിസ്ഥാനമായ ഒരു ആവശ്യത്തിന് സംഭാവന ചെയ്യുന്ന പങ്കാളികളായി കാണാൻ നമുക്ക് കഴിയണം.

സ്വകാര്യ സർവ്വീസുകാരും ഏറെ മാറാനുണ്ട്. കേരളത്തിലെ പൊതുഗതാഗത രംഗത്തുള്ള എല്ലാ സർവ്വീസുകളും, ഓട്ടോ റിക്ഷ, ലക്ഷ്വറി ബസുകൾ ഉൾപ്പെടെ ഒറ്റ ബ്രാൻഡിന് കീഴിൽ എത്തിക്കണം. ഒരു ആപ്പിലൂടെ എല്ലാ വിവരവും ലഭിക്കണം, ഒരേ പേയ്മെന്റ് സംവിധാനവും ലോയൽറ്റി കാർഡുകളും ഉണ്ടാക്കിയെടുക്കണം. ഓരോ ദിവസവും യാത്ര സംവിധാനങ്ങൾ ഉപയോഗിക്കുന്ന ദശലക്ഷക്കണിക്ക് ആളുകളുടെ വിവരവും, യാത്ര റൂട്ടും, യാത്രക്ക് ചിലവാക്കുന്ന തുകയും, ബിഗ് ഡേറ്റ അനാലിസിസ് വഴി മനസ്സിലാക്കിയെടുത്താൽ അവർക്ക് വേണ്ടതെന്താണെന്ന് അറിഞ്ഞ് ഭാവി സംവിധാനങ്ങൾ ഒരുക്കാൻ സാധിക്കും. ലോകത്ത് ഏറ്റവും ചിലവ് കുറഞ്ഞതും ഇന്റഗ്രേറ്ററ്റഡും ആയ പൊതുഗതാഗത സംവിധാനം സർക്കാർ-സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നമുക്ക് കേരളത്തിൽ ഉണ്ടാക്കിയെടുക്കാം. അത് വീണ്ടും ഒരു ലോക മാതൃകയാകും.

അതാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി.

മുരളി തുമ്മാരുകുടി

Pioneer of Public Transportation – Private BUS Kerala

Share News