ഡോ. ഏ. റ്റി. ദേവസ്യ സാർ |ഗുരു മഹാസാഗരത്തിലെ പവിഴ മുത്ത് .|ഡോ. സിറിയക് തോമസ്

Share News

ഡോ. ഏ. റ്റി. ദേവസ്യ സാർ പില്ക്കാലത്തു കൂടുതലും അറിയ പ്പെട്ടതു് മഹാത്മാ ഗാന്ധി സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസിലർ എന്ന നിലയിലാണ്. പക്ഷേ 1950-60 കാലത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നതു് കോൺഗ്രസിലെ ഒരുയുവനിര നേതാവെന്ന നിലയിലാ യിരുന്നു. വിമോചന സമരത്തിലും ഒരു മുന്നണിപ്പടയാളിയായിരുന്നു ദേവസ്യ സാർ. ആ വകയിൽ അറസ്റ്റും പതിന ഞ്ചു ദിവസത്തെ ജയിൽ വാസവുമുണ്ടായി. അക്കാലത്തു പാലാ കോളജിലെ അറിയപ്പെട്ട അധ്യാപകരിലൊരാളായിരുന്നു ഏ.ടി. ദേവസ്യ സാർ. ഉപരിപഠനത്തിനു അമേരിക്കയിൽ പോയ സാർ മുപ്പതു വർഷം അമേരിക്കയിൽ വിവിധ സർവ്വകലാശാലകളിൽ അധ്യാ പകനുമായ ശേഷമായിരുന്നു 1983 ൽ സ്ഥാപിതമായ ഗാന്ധിജി സർവകലാ ശാലയുടെ പ്രഥമ വി.സി.യായി ദേവസ്യ സാർ 1984 ജനുവരിയിൽ കോട്ടയത്തു എത്തുന്നത്. അന്നു മുഖ്യമന്ത്രിയായി രുന്ന കെ.കരുണാകരനും മന്ത്രിമാരാ യിരുന്ന പി.ജെ.ജോസഫും ടി.എം. ജേക്കബും പ്രത്യേക താല്പര്യമെടുത്തു നിർബ്ബന്ധിച്ചാണ് അമേരിക്കയിൽ തന്നെ യൂണിവേഴ്സിറ്റി പ്രൊഫസറായി വർഷങ്ങളോളം തുടരാമെന്നിരിക്കെ സാറിനെ പുതിയ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസിലറായി നാട്ടി ലേക്കു മടക്കി കൊണ്ടു വന്നതു്.

സർവ്വകലാശാലയ്ക്കു ഗാന്ധിജിയുടെ പേരല്ലാതെ സ്വന്തമായി അന്ന് ഒന്നുമു ണ്ടായിരുന്നില്ല. സ്ഥലമില്ല. കെട്ടിടമില്ല.ദൈനം ദിനച്ചിലവുകൾക്കു പോലു മുള്ള ഫണ്ടുമില്ല. കോട്ടയം നഗര മധ്യത്തിലെ ബേക്കർ സ്കൂളിന്റെ ഒരു പഴയ രണ്ടു നിലക്കെട്ടിടമായിരുന്നല്ലോ പുതിയ യൂണിവേഴ്സി റ്റിയുടെ ആദ്യ ആസ്ഥാന മന്ദിരം . പിന്നീട് കലക്ടറേ റ്റിനു എതിർ വശത്തു പടിഞ്ഞാറേക്കര ബിൽഡിംഗ് സിലേക്കു ഓഫീസു മാറ്റി. പടിഞ്ഞാറേക്കര സഹോദരൻമാരായി രുന്ന പി.സി. ചെറിയാന്റെയും പി.സി. ഏബ്രഹാമിന്റെയും സന്മനസ്സിലാണ് ആ മന്ദിരത്തിലേക്കു ഓഫീസ് മാറ്റം സാധ്യമായത്. അമേരിക്കയിൽ പോകുംമുൻപുള്ള പൂർവ്വാശ്രമത്തിൽ പി.സി.ചെറിയാനും ഏ.റ്റി.ദേവസ്യാ സാറും കോൺഗ്രസ്സിലെ അറിയപ്പെട്ട നേതാക്ക ളായിരുന്നതും കാര്യങ്ങൾ എളുപ്പമാക്കി യിരിക്കണം.പി.സി. ഏബ്രഹാം അക്കാലത്ത് ഓർത്തഡോക്സ് സഭയുടെ അത്മായ ട്റസ്റ്റിയുംനേതാവുമായിരുന്നു. അതിരമ്പുഴയിൽസ്വന്തമായി നൂറേക്കറിലധികം സ്ഥലംവാങ്ങി ആദ്യ മന്ദിരം പണിത ശേഷമാണ് കോട്ടയത്തു നിന്നും ആസ്ഥാനംഅതിരമ്പുഴയ്ക്കു മാറ്റിയത്. ഗാന്ധിയൻ ശൈലിയിലുള്ള ഒറ്റനില കെട്ടിട ങ്ങളുടെ ഒരു സമുച്ചയമായിരുന്നു അതു.രണ്ടാമത്തെ വി.സി.യായിരുന്ന ഡോ. യു. ആർ. അനന്തമൂർത്തിയാണ് അതിരമ്പുഴ ക്യാമ്പസ്സിന് പ്രിയദർശിനി ഹിൽസ് എന്നു കാവ്യാത്മകമായി നാമകരണം ചെയ്തത്.

സ്വന്തമായി സർവ്വകലാശാലയ്ക്കു സ്ഥലം വാങ്ങുന്നതിനുo ആദ്യത്തെ ഓഫീസു മന്ദിരം പണി പൂർത്തിയാക്കു ന്നതിനും ഡോ. ഏ. റ്റി. ദേവസ്യ സാർ അശ്രാന്ത പരിശ്രമമായിരുന്നു നടത്തി യതു .സർക്കാർ വളരെ ചെറിയ തുക മാത്രമാണ് സർവ്വകലാശാലയ്ക്കു വാർഷിക ഗ്രാന്റായി വകയിരുത്തിയത്. ഓരോ മാസവും യൂണിവേഴ്സിറ്റിയിൽ ശമ്പളം മുടങ്ങാതിരിക്കുവാൻ സർക്കാ രിന്റെ മുൻപിൽ അദ്ദേഹത്തിനു സാമ – ദാന – ഭേദ- ദണ്ഡങ്ങൾ ചെയ്യേണ്ടിവന്നു വെന്നതാണ് യാഥാർത്ഥ്യം. പഴയ കാലത്തു തന്റെ പാർട്ടിയിൽ രാഷ്ട്രീയ സഹപ്രവർത്തകരായിരുന്ന ചില മന്ത്രിമാർ പോലും അദ്ദേഹത്തെ അന്നു വാക്കുകൾ കൊണ്ടു പരിഹസിച്ചു മുറിപ്പെടുത്തിയ കഥകൾ ദേവസ്യ സാർ അദ്ദേഹത്തിന്റെ ആത്മകഥാപരമായ “കനൽവഴിയേ തനിയെ ” എന്ന പുസ്തകത്തിൽ വ്യംഗ്യമായി പറഞ്ഞു വയ്ക്കുന്നുണ്ട്. ഒരിക്കൽ അന്നത്തെ മുഖ്യമന്ത്രിയോടു തന്നെ താൻ വി.സി. പദവി ഒഴിഞ്ഞു അമേരിക്കയിലേക്കു മടങ്ങുകയാണെന്നു പറയേണ്ടി വന്ന സന്ദർഭവും അവസാനകാലങ്ങളിൽ പ്പോലും ദേവസ്യ സാർ ഓർത്തെടുത്തി രുന്നു. 5000 ക. ആയിരുന്നു അന്നു വി.സി.യുടെ ശമ്പളം. പലമാസങ്ങളി ലും അതു പോലും എഴുതിയെടുക്കാ തെയാണ് സർവ്വകലാശാലാ ജീവനക്കാ രുടെ മാസ ശമ്പളം അദ്ദേഹം ഉറപ്പാക്കി യിരുന്നത്. വി.സി.യുടെ കാറിന്റെ പെട്രോൾ ബില്ലുകൾ പോലും പലപ്പോ ഴും കുടിശ്ശികയായി . വാടക ലാഭിക്കുന്നതിനു വേണ്ടി ഔദ്യോഗിക വസതി ക്കു പകരംതന്റെ തന്നെ സഹോദരി മേരിയുടെ കോട്ടയം കാരാപ്പുഴയിലുള്ള വസതിയിലായിരുന്നു ആദ്യത്തെ ആറു മാസം വി.സി. താമസിച്ചത്. തുടർന്നു മാസങ്ങളോളം പാലാ അന്ത്യാളത്തെ തറവാട്ടുവീട്ടിൽ താമസിച്ചു കൊണ്ടു കോട്ടയത്തിനു പോയി വരികയായി രുന്നു. പിന്നീടു കോട്ടയത്തു തന്നെഒരു ചെറിയ ഒറ്റ നില വാടക വീട്ടിലേക്കുതാമസം മാറ്റി. കോട്ടയത്തു സാറിന്റെആത്മ സ്നേഹിതനായതു പ്രശസ്തഗാന്ധിയനായിരുന്ന കെ. ഈ . മാമ്മൻസാറായിരുന്നു. സാധാരണ വിഷയങ്ങൾക്കു പുറമേ സാർ യൂണിവേഴ്സിറ്റിയിൽ ആദ്യമായി കൊണ്ടുവന്ന പഠന കോഴ്സ് ഗാന്ധിയൻ സ്റ്റഡീസായിരുന്നുവെന്നതും സാറിന്റെ ആഴമായ ഗാന്ധിഭക്തിയുടെയും ഗാന്ധി ദർശനങ്ങളോടുള്ള സാറിന്റെ ആഭിമുഖ്യത്തിന്റെയുംനിദർശനമായിരുന്നുവെന്നും തീർച്ച.

ആദ്യമൊക്കെ അമേരിക്കൻ രീതിയിൽ രാവിലെ 8 മണിക്കു തന്നെ സാർഓഫീസിൽ വരുമ്പോൾ പ്യൂൺ പോലുംഎത്തുമായിരുന്നില്ല. പിന്നീടാണ് വി.സി.യുടെ സമയം ഒൻപതര എന്നു സാർ തന്നെ മാറ്റിയത്. വൈകുംവരെ ഓഫീസിലിരുന്നു ഫയലുകൾ തീർത്തിട്ടേഅദ്ദേഹം അന്നൊക്കെ വീട്ടിൽ പോയി രുന്നുള്ളു. ശുദ്ധ ശുഭ്രമായ ഖദർ ഷർട്ടും പച്ചയോ കറുപ്പോ കട്ടിക്കരയുടെ ഒറ്റ മുണ്ടുകളുമായിരുന്നു ദേവസ്യസാറിന്റെ ഡ്രസ് കോഡ്. കാലിൽ കട്ടിയുള്ള കറുപ്പോ ബ്രൗണോ നിറമുളള തോൽ ച്ചെരുപ്പു കളും . തനി ഗാന്ധിയനായി ത്തന്നെയാണ് അദ്ദേഹം തന്റെ ജീവിതംജീവിച്ചു തീർത്തത്. ഗാന്ധിയൻ ലാളിത്യ മായിരുന്നു എല്ലാക്കാലത്തും ദേവസ്യാ സാറിന്റെ ജീവിത ശൈലിയും ജീവിത മാതൃകയും.

പരീക്ഷാ ഭവനിൽ കമ്പ്യൂട്ടർവൽക്കരണം പരീക്ഷിച്ച വകയിലും സാർ അന്ന്ഒട്ടേറെ വിമർശനങ്ങൾ കേട്ടിരുന്നു. അമേരിക്കൻ സാമ്രാജ്യത്തിന്റെ ചാര നെന്നു പോലും ചിലർ സാറിനെതിരെ മുദ്രാവാക്യവും മുഴക്കി. അക്കാലത്തു അതിരമ്പുഴയിൽ നൂറേക്കറിലധികം സ്ഥലംസർക്കാരിനെക്കൊണ്ടു ഏറ്റെ ടുപ്പിച്ച വകയിൽ ചിലർ സാറിനെതിരെ വിഷയം സാമുദായികമാക്കാനും ശ്രമംനടത്താതിരുന്നില്ല. പക്ഷേ എതിർപ്പു കൾക്കു മുന്നിലും ദേവസ്യ സാർ സമ്മർദ്ദങ്ങൾക്കോ ഭീഷണികൾക്കോ അശ്ശേഷം വഴങ്ങിയില്ല. ചിലർ വി.സിയുടെ ഔദ്യോഗിക വസതിക്കു നേരേഒരിക്കൽ രാത്രിയിൽ കല്ലെറിഞ്ഞു പോലും പ്രതിഷേധങ്ങളുയർത്തി. അപ്പോഴും സാർ അക്ഷോഭ്യനായിത്തന്നെ തന്റെ നിലപാടുകളിൽ ഉറച്ചു നിന്നു . സത്യമായിരുന്നു സാറിനുഎല്ലാക്കാലത്തും പ്രമാണമായത്. സത്യാന്വേഷണപരീക്ഷണങ്ങളുടെ തുടർക്കഥകളായിരുന്നു സാറിന്റെജീവിതത്തെ എന്നും ദീപ്തമാക്കിയത്.

കാർ യാത്രകൾ ദേവസ്യാ സാറിനു വളരെ ഇഷ്ടമായിരുന്നു. സാർ പദവി യൊഴിഞ്ഞു അമേരിക്കയിൽപ്പോയി തിരിയെ വന്നു പാലായിൽ താമസ മാക്കിയ കാലത്താണ് സാറുമൊത്തു ഒട്ടേറെ യാത്രകൾക്കു എനിക്കും സാഹ ചര്യവും സന്ദർഭങ്ങളുമുണ്ടായത്. പലപ്പോഴും ചടങ്ങുകൾക്കും മീറ്റിംഗു കൾക്കുമായിരുന്നു യാത്രകൾ. ഒ നവഭാരത വേദിയുമായി ബന്ധപ്പെട്ട പല സമ്മേ ളനങ്ങൾക്കും പ്രൊഫസർ സുകുമാർ അഴീക്കോടു സാറും വന്നിരുന്നു. അവർ രണ്ടു പേരും പങ്കു വച്ചിരുന്ന സർവ്വകലാശാലാകഥകൾ വളരെ രസകരങ്ങളായിരുന്നുവെന്ന തും ഞാൻ ഓർമ്മിക്കുന്നു. ജോൺകച്ചിറമറ്റം സാറുമൊത്തുള്ള യാത്രകളും ദേവസ്യ സാർ ഇഷ്ടപ്പെട്ടിരുന്നു ,

ശിഷ്യരും ഗുരുക്കൻമാരും.

ഹൈറേഞ്ചു യാത്രകളായിരുന്നു എന്നും ദേവസ്യാ സാറിനു പഥ്യം. നവനീത കൃഷ്ണനെന്ന കണ്ണനെയും ഡോ.മുരളീവല്ലഭനെയും സാറിനൊപ്പം ആദ്യം കുറച്ചു മാസങ്ങൾ യൂണിവേഴ്സിറ്റിയിൽ താൽക്കാലിക സ്റ്റാഫിലു ണ്ടായിരുന്ന തോമസ് ജേക്കബെന്നബോബനെയും ഡോ. സ്റ്റാനിയെയുംഡോ.കെ.കെ. ജോസിനെയും ഡോ. സാബു .ഡി.മാത്യുവിനെയുമൊക്കെ സാർ തന്റെ പഠിപ്പിക്കാത്ത ശിഷ്യന്മാരാ ക്കി ലിസ്റ്റിൽ ചേർത്തു വച്ചിരുന്നുവെന്ന തും ഞാൻ ഓർമ്മിക്കുന്നു. അവരെല്ലാം സാറിനെയും ആരാധനയോടെ കണ്ടു. പലയാത്രകളിലും ദേവസ്യസാറിനൊപ്പം സാർ അവരെയും കൂട്ടിയിരുന്നു.ഡോ. സാബു അഴീക്കോടു മാസ്റ്ററുടെകീഴിൽ ഗവേഷണ വിദ്യാർത്ഥിയും കൂടി യായിരുന്നതു കൊണ്ടു സാർ കോട്ടയ ത്തും പാലായിലുമൊക്കെ മീറ്റിംഗുക ൾക്കെത്തുമ്പോൾ മിക്കപ്പോഴും ഞങ്ങളോടൊപ്പം അനുയാത്ര വന്നിരുന്നതു സാബുവും പിന്നെ സക്കീറുമായിരുന്നു.

മൂന്ന് വൈസ് ചാൻസിലർമാർ

കണ്ണനും സക്കീറും നവഭാരതവേദിയിൽ യുവ നിരയിൽ വളരെ സജീവമായിരുന്ന ഒരു കാലവും സമയവുമായിരുന്നത്. സക്കീർ പിന്നീട് സിവിൾ സർവീസ് പരീക്ഷ ജയിച്ചു ഐ.ആർ.എസിൽ പോയി. ഇപ്പോൾ കേരളത്തിൽ തന്നെ പ്രിൻസിപ്പൽ ഇൻകം ടാക്സ് കമ്മീഷണർ. നവനീത കൃഷ്ണനും രണ്ടു തവണ ഐ. ഏ. എസ്. എഴുത്തു പരീക്ഷ ജയിച്ചെങ്കിലും അവസാനകടമ്പയിൽ എങ്ങിനെയോ തട്ടിമറിയുകയായിരുന്നു. പിന്നീട് നവനീതന് ദുബായിയിൽ നല്ല ജോലിയായി. സാബു . ഡി. കുറഞ്ഞ നാൾ കൊണ്ടു ഏ.റ്റി.ദേവസ്യസാറിന്റെയുംഇഷ്ടപുത്ര നായി. ദേവസ്യസാർ പാലാ രൂപതാ പാസ്റ്ററൽ കൗൺസിൽ ചെയർമാനാ യിരുന്ന എട്ടുവർഷവും സാബു . ഡി.മാത്യു തന്നെയായിരുന്നു പാസ്റ്ററൽ കൗൺസിലിന്റെ സെക്രട്ടറി. അവർ തമ്മിൽ ഉണ്ടായിരുന്ന ആഴമായ തരംഗ ദൈർഘ്യം – Wave length – എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിരുന്നു. സാറിന്റെ അന്ത്യസമയത്തും മാർസ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ സാബു ദേവസ്യ സാറിനടുത്തു തന്നെ ഉണ്ടായി രുന്നല്ലോ.

തൃശ്ശിനാപ്പള്ളിയിൽ നിന്നും മദ്രാസിൽ നിന്നുമായി ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലുമായി ബിരുദ ബിരുദാനന്തരബിരുദങ്ങൾ നേടിയശേഷം കുറച്ചു കാലം ദേവസ്യ സാർ തേവര കോളജി ലും അധ്യാപകനായിരുന്നു.പിന്നീടാണു പാലാ സെന്റ് തോമസ്കോളജിലേക്കു ചരിത്രാധ്യാപകനായിഎത്തുന്നതു്. ഓണേഴ്സ്ന് പഠിക്കുമ്പോൾ ആർച്ചു ബിഷപ്പ് മാർ പവ്വത്തിലും ബിഷപ്പ് മാർ പള്ളിക്കാപറമ്പിലും ബനഡിക്ട് മാർ ഗ്രീഗോറിയോസുമെത്രാപ്പോലീത്തയും പില്ക്കാലത്തു കേരള ഡി.ജി.പി യായ എം.കെ. ജോസഫും എം.ജി.യിൽ തന്നെ പിന്നീട് തന്നോടൊപ്പം പ്രോ-വൈസ് ചാൻസിലറായ ടി.കെ. കോശിയുമൊക്കെ സാറിനു മദ്രാസിൽ സതീർത്ഥ്യരുമായി .

സമർത്ഥനായ വിദ്യാർത്ഥി മാത്രമല്ലഒന്നാം തരം അധ്യാപകനുമായിരുന്നുഎം.ജീ.യുടെ പ്രഥമ വൈസ് ചാൻസിലർ. 1959 – 62 കാലത്തു പാലാ കോളജിൽ പ്രീ- യൂണിവേഴ്സിറ്റി ക്ലാസ്സിലും ഡിഗ്രി ക്ലാസ്സിലും ഇന്ത്യാ ചരിത്ര മായിരുന്നു സാർ ഞങ്ങളെ പഠിപ്പിച്ചത്. മുഗൾ ഭരണകാലവും ബ്രിട്ടീഷ് കാല വുമായിരുന്നു സാർ ആസ്വദിച്ചു പഠിപ്പിച്ചിരുന്നതെന്നു പറയാം.അന്നു സാർ കോൺഗ്രസിലും വളരെ സജീവ മായിരുന്നു. അവിഭക്ത കോൺ ഗ്രസിൽ കെ.പി.സി. അംഗവും പ്രമുഖനേതാവും. ഉജ്ജ്വല പ്രഭാഷകനും നല്ല സംഘാടകനുമായിരുന്നു ഡോ. ഏ. റ്റി. ദേവസ്യ സാർ.. അപ്പോഴാണ് ഫുൾ ബ്രൈറ്റ് സ്കോളർ ഷിപ്പിനു തിരഞ്ഞെ ടുക്കപ്പെട്ടു 1963 ൽ രാഷ്ട്രീയം ഒക്കെവിട്ടു സാർ അമേരിക്കയിലേക്കു പോയതു്. സാറിനു ശേഷം പാലാ കോളജിൽ നിന്നും സോഷ്യൽ സയൻ സിൽ മറ്റൊരധ്യാപകൻ ഫുൾ ബ്രൈറ്റ് സ്കോളർഷിപ് നേടുന്നതു 55 വർഷ ത്തിനു ശേഷമാണ്. ഇപ്പോൾ പി.എസ്. സി. മെമ്പറായിരിക്കുന്ന ഡോ. സ്റ്റാനി തോമസ് . ഏ.റ്റി. ദേവസ്യസാർ പി.എച്ച്. ഡി.എടുത്തതോടെ അവിടെത്തന്നെ സർവ്വകലാശാലാ പൊഫസറായി നിയമിതനാവുകയായിരുന്നു.. 20 വർഷ ത്തിനു ശേഷമാണ് കോട്ടയത്തു ആരംഭിച്ച ഗാന്ധിജി യൂണിവേഴ്സിറ്റി യുടെ ആദ്യ വൈസ് ചാൻസിലറായി ദേവസ്യ സാറിനു നിയോഗമെത്തിയതു . മൂന്നു വർഷത്തിനു ശേഷം ദേവസ്യ സാർ അമേരിക്കയിലെ തന്റെ മാതൃ സർവകലാശാലയിലേക്ക് തന്നെ മടങ്ങി.അവർ അദ്ദേഹത്തെ വീണ്ടും അങ്ങോട്ടു തന്നെ തിരിയെ വിളിക്കു കയായിരുന്നു. 1998 ൽ ഞാൻ കേരള സർവകലാശാലയിൽ പി.വി.സി. ആയപ്പോഴും 2000 ൽ എം.ജി.യിൽ വി.സി.ആയപ്പോഴും ശിഷ്യനു അനു ഗ്രഹാശംസകൾ അറിയിച്ചു ഹൃദ്യമായ കത്തുകൾ അമേരിക്കയിൽ നിന്നും അയച്ചതും പിന്നീട് അവധിക്കു നാട്ടിൽ വന്നപ്പോൾ വളരെ മനോഹരമായ ഒരു ഗോൾഡൻ ക്രോസ് പേന സമ്മാനമായി നൽകിയതും എന്റെ ഓർമ്മയിലുണ്ട്.

സാറും ഭാര്യയും മെയിഡ് ഫോർ ഇച്ചദർ വിഭാഗത്തിൽപ്പെടുന്ന ദമ്പതികളായി രുന്നു. രണ്ടു പേരും ഒന്നാംതരം ആതി ഥേയരുo. മക്കൾ മൂന്നുപേരും അമേരിക്കയിലാണ്. സാറും ആന്റിയും നാട്ടിൽ തന്നെ താമസമുറപ്പിച്ചു. പക്ഷേ ആന്റിയുടെ വിയോഗം സാറിനു വലിയ ആഘാതമായി. മക്കൾ അവർക്കൊപ്പം ചെല്ലാൻ നിർബന്ധിച്ചപ്പോഴും സാർ ഇനി തനിക്കുള്ള കാലം പാലായി ൽത്തന്നെ എന്നു നിശ്ചയിക്കുകയാ യിരുന്നു. അടുത്ത കാലം വരെയും സമൂഹത്തിൽ സാർ വളരെ സജീവ മായിത്തന്നെ ഇടപെട്ടിരുന്നു.സഭാ കാര്യങ്ങളിലും. 2012 ൽ സഭയുടെ ബിഷപ്സ് സിനഡ് അദ്ദേഹത്തെ സഭാതാരം – Star of the Church – എന്നബഹുമതി നൽകി ആദരിക്കുകയുംചെയ്തു. ദേവസ്യ സാർ രണ്ടു ടേം പാലാ രൂപതാ പാസ്റ്ററൽ കൗൺസിലി ന്റെ ചെയർമാനുമായിരുന്നു. ആ നിലയിലും ദേവസ്യ സാർ എല്ലാവർക്കുംആദരണീയനായി.

ഗുരുവിന്റെ ജന്മദിനത്തിൽ

തൊണ്ണൂറ്റി നാലാമത്തെ വയസ്സിലാണ്എന്നും ദേശീയ വാദിയും കറതീർന്ന ഗാന്ധിയനുമായിയിരുന്ന ഡോ.ഏ.റ്റി. ദേവസ്യ സാർ കാലത്തെ കടന്നുപോയത്. ഏതർത്ഥത്തിലും ഒരു യഥാർത്ഥ കർമ്മയോഗിയായിരുന്നു സാർ. സ്കൂൾ വിദ്യാർത്ഥിയായിരിക്കെത്ത ന്നെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തയാളുമായിരുന്നു ദേവസ്യ സാർ.

എനിക്കു അദ്ദേഹം എന്നും പ്രിയ ഗുരുവായിരുന്നു. ശിഷ്യന്മാരിൽ ഞാൻ സാറിനു എന്നും ഒരു മാനസപുത്രനും. ഗുരുത്വത്തിന്റെ ആൾ രൂപം. ഗുരു മഹാ സാഗരത്തിലെ ഏറ്റവും വിലപ്പെട്ട ഒരു പവിഴ മുത്തായിരുന്നു എം.ജി.യുടെ പ്രഥമ വൈസ് ചാൻസിലർ. വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ഉദ്യോഗപർവ്വത്തിലും ഒരുപോലെ സംശുദ്ധി പാലിച്ച ശുദ്ധ ഗാന്ധിയൻ. പ്രിയപ്പെട്ട ഗുരുവിനു എന്റെ സ്നേഹ പ്രണാമം.

ഡോ. സിറിയക് തോമസ് .

Share News