തീരദേശ മേഖലയുടെ സമഗ്രവികസനത്തിനായി നിരവധി പദ്ധതികൾ സർക്കാർ ഈ കാലയളവിൽ നടപ്പിലാക്കിയിട്ടുണ്ട്.-മുഖ്യമന്ത്രി

Share News

സംസ്ഥാനത്തെ തീരദേശ പശ്ചാത്തലസൗകര്യ വികസന പ്രവര്‍ത്തനങ്ങളിൽ മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മ്മാണം, പാരമ്പര്യേതര രീതിയിലുളള തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, തീരദേശ റോഡുകളുടെ നിര്‍മ്മാണം തുടങ്ങി വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവിൽ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തിയത്.

ആ പ്രവർത്തനങ്ങളുടെ തുടർച്ചയായി ചെല്ലാനം, താനൂര്‍, വെള്ളയിൽ ഫിഷിംഗ് ഹാര്‍ബറുകളുടെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. മുതലപ്പൊഴി, തലായ്, ചേറ്റുവ, കൊയിലാണ്ടി, മഞ്ചേശ്വരം എന്നീ അഞ്ചു മത്സ്യബന്ധന തുറമുഖങ്ങള്‍ കമ്മീഷന്‍ ചെയ്തത് ഈ സര്‍ക്കാരിന്‍റെ കാലയളവിലാണ്.

ഇതിനു പുറമെയാണ് ചെല്ലാനം, താനൂര്‍, വെളളയിൽ എന്നീ മൂന്ന് തുറമുഖങ്ങള്‍ കൂടി ഇന്ന് തീരദേശവാസികള്‍ക്ക് സമര്‍പ്പിക്കുന്നത്. പൂര്‍ണ്ണമായും സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഹാര്‍ബറാണ് ചെല്ലാനത്തേത്. കഴിഞ്ഞ എൽ .ഡി.എഫ്. സര്‍ക്കാരിന്‍റെ കാലത്താണ് ഇതിന് ഭരണാനുമതി നൽകിയത്. എന്നാൽ തുടര്‍ന്നുവന്ന സര്‍ക്കാരിന്‍റെ കാലത്ത് നിര്‍മ്മാണം വേണ്ട നിലയിൽ മുന്നോട്ടു പോയില്ല.

പിന്നീട് ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നശേഷമാണ് ഹാര്‍ബറിന്‍റെ പണി പുനരാരംഭിച്ചതും ഇപ്പോള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതും. 50 കോടി രൂപയാണ് ഈ ഹാര്‍ബറിന്‍റെ നിര്‍മ്മാണ ചിലവ്. എറണാകുളം ജില്ലയിലെ ചെല്ലാനം, മറുപക്കാട്, കണ്ടേക്കടവ്, കണ്ണമാലി, ചെറിയകടവ്, മറന്നശ്ശേരി എന്നീ മത്സ്യബന്ധന ഗ്രാമങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. പ്രത്യക്ഷമായി 9,000 പേര്‍ക്കും പരോക്ഷമായി 1,30,000 പേര്‍ക്കും ഇതുവഴി തൊഴിൽ ലഭിക്കും. മാത്രമല്ല, 500 ടണ്‍ അധിക മത്സ്യോപാദനവുമുണ്ടാകും.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗിച്ചാണ് മലപ്പുറം താനൂരിലും, കോഴിക്കോട് വെള്ളയിലും മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. 86 കോടി രൂപയാണ് താനൂര്‍ ഫിഷിംഗ് ഹാര്‍ബറിന്‍റെ നിര്‍മ്മാണ ചിലവ്. ഇതിൽ 25.5 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വിഹിതമാണ്. മലപ്പുറം ജില്ലയിലെ മത്സ്യബന്ധന വില്ലേജുകളായ പുതിയ കടപ്പുറം, ചീരാന്‍ കടപ്പുറം, എടക്കടപ്പുറം, ഒസ്സാന്‍, എളാരന്‍, പണ്ടാരക്കടപ്പുറം, കോര്‍മ്മന്‍ കടപ്പുറം എന്നിവയ്ക്ക് ഈ പദ്ധതി ഒരുപോലെ പ്രയോജനകരമാകും. പ്രത്യക്ഷമായി 10,000 പേര്‍ക്കും പരോക്ഷമായി 1,00,000 പേര്‍ക്കും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 600 ടണ്‍ അധിക മത്സ്യോപാദനവുമുണ്ടാകും.

വെള്ളയിൽ ഫിഷിംഗ് ഹാര്‍ബര്‍ 75 കോടിയോളം രൂപാ ചെലവിലാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇതിൽ 17.5 കോടിയാണ് കേന്ദ്ര വിഹിതം. കോഴിക്കോട് ജില്ലയിലെ വെള്ളയിൽ, പുതിയകടവ്, കാമ്പുറം എന്നീ മത്സ്യബന്ധന ഗ്രാമങ്ങളിലെ തൊഴിലാളികള്‍ക്ക് തികച്ചും ഉപകാരപ്രദമായ ഒരു പദ്ധതിയാണിത്. പ്രത്യക്ഷമായി 10,000 പേര്‍ക്കും പരോക്ഷമായി ഒരു ലക്ഷം പേര്‍ക്കും തൊഴിൽ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല, 600 ടണ്‍ അധിക മത്സ്യോപാദനവും ഉണ്ടാകും. മത്സ്യബന്ധന മേഖലയുടെ വികസനത്തിന് ഈ സര്‍ക്കാര്‍ നൽകി വരുന്ന മുന്‍ഗണനയുടെ തെളിവാണ് മൂന്നു ഫിഷിംഗ് ഹാര്‍ബറുകളും.

pinarayi-vijayan-475896

മുഖ്യമന്ത്രി പിണറായി വിജയൻ

Share News