
ആന കുത്തി മരണം
പതിനഞ്ചു വർഷം മുൻപ് സുരക്ഷയുടെ പാഠങ്ങൾ എന്നുള്ള എന്റെ പുസ്തകം ഇറങ്ങിയപ്പോൾ അതിന്റെ ഒരു അധ്യായം “ആന കുത്തിയുള്ള” മരണത്തെ പറ്റിയായിരുന്നു.

നാട്ടാനയും കാട്ടാനയും ആയി മരണങ്ങളുടെ എണ്ണം കൂടുകയാണ്.
കഴിഞ്ഞ രണ്ടുമാസമായി ആന കുത്തിയുള്ള മരണങ്ങളുടെ റിപ്പോർട്ടുകൾ പലത് വന്നു.
വാസ്തവത്തിൽ കാട്ടാന നാട്ടാന എന്നുള്ള പ്രയോഗം തന്നെ തെറ്റാണ്
എല്ലാ ആനകളും വന്യമൃഗങ്ങൾ ആണ്. ഇണങ്ങിയ ആനയൊന്നുമില്ല, മെരുക്കി നിർത്തിയിരിക്കുന്ന ആനകൾ മാത്രമേ ഉള്ളൂ. അതിന്റെ വന്യത എപ്പോൾ വേണമെങ്കിലും പുറത്തെടുക്കാം.
ഒരു കാലത്ത് മനുഷ്യന് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്ന കാര്യങ്ങൾ അത് യുദ്ധകാലത്താണെങ്കിലും സമാധാന കാലത്താണെങ്കിലും ചെയ്യാൻ വേണ്ടിയാണ് ആനകളെ മെരുക്കിയെടുത്തത്.
ഇപ്പോൾ ആ കാലം മാറി. ആനകൾ ചെയ്തുകൊണ്ടിരുന്ന ജോലികൾ, അത് യുദ്ധകാലത്തെ ആയാലും സമാധാനകാലത്തെ ആയാലും ചെയ്യാനുള്ള യന്ത്രങ്ങൾ ഉണ്ട്.
പക്ഷെ പഴയകാലത്ത് അനാവശ്യമായി ഉണ്ടാക്കിയെടുത്ത ശീലം ഇപ്പോഴും മനുഷ്യൻ ഉപേക്ഷിച്ചിട്ടില്ല.
ആണ് ആനകളെ ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്നതാണ്
അതിന് ഇന്ത്യയിൽ മതഭേദം ഇല്ല. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഹിന്ദു – മുസ്ലിം – ക്രിസ്ത്യൻ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആനയെ കൊണ്ടുന്നവന്നു. ആന ഇടഞ്ഞു, ജീവഹാനി ഉണ്ടായി.
എന്നാണ് ഈ ആനയെ കൊണ്ടുള്ള എഴുന്നിള്ളിപ്പ് ഒക്കെ ഉണ്ടായതെന്ന് കൃത്യമായ രേഖകൾ ഒന്നുമില്ല. പക്ഷെ ഇനി ഒരു അമ്പത് വർഷത്തിന് ശേഷം ഇത് ഉണ്ടാകില്ല എന്ന് ഉറപ്പാണ്.
അപ്പോൾ പിന്നെ അറിയേണ്ടത് ആരാണ്, ഏത് കരക്കാരാണ് ഈ പരിപാടി ആദ്യം ഉപേക്ഷിക്കുക എന്നതാണ്.
ഓരോരുത്തരായി മാറും, ഉറപ്പാണ്
പക്ഷെ അതുവരെ മരണങ്ങൾ തുടരും.
ജീവനിൽ കൊതിയുള്ളവർ ആനകളെ എഴുന്നുള്ളിക്കുന്നിടത്ത് പോകാതിരിക്കുക എന്നതാണ് തൽക്കാലം ജീവൻ രക്ഷിക്കാനുള്ള മാർഗ്ഗം.
മുരളി തുമ്മാരുകുടി