..ആ കത്തിനായി ഞാൻ കാത്തിരുന്നെങ്കിലും ഇത് വരെ അങ്ങനെ ഒന്ന് എന്നെ തേടി വന്നില്ല.

Share News

ഇൻലന്റും കത്തുകളും-പകരം വക്കാനില്ലാത്ത അനുഭവങ്ങൾ.

.പുതുതലമുറക്ക് അധികമൊന്നും പരിചിതമല്ലാത്തതും എന്നാൽ പഴയ തലമുറയ്ക്ക് വാട്സ് ആപ്പും മെസഞ്ചറൂം ഇമെയിലും ആയിരുന്നു ഇൻലെന്റ്. അക്ഷരങ്ങൾ കൊണ്ട് സൗഹൃദവും സ്നേഹവും വിരഹവും വിലാപവും എല്ലാം പങ്കുവക്കുന്നതിന് ജീവിതത്തിന്റെ മുഖ്യധാരയിൽ കത്തിനുള്ള പങ്ക് വലുതായിരുന്നു. കത്തുകൾ ഭദ്രമായി കത്തുപെട്ടിയിൽ ഇട്ട് ദിവസങ്ങളോളം മറുപടിക്കായി ആകാംക്ഷയോടെയുള്ള കാത്തിരിപ്പ് ഒരു വലിയ അനുഭവം തന്നെയായിരുന്നു.കാത്തിരിപ്പിന്റെ ആ ദിനങ്ങളിൽ വഴിയിൽ വച്ചു കാണുന്ന പോസ്റ്റുമാനോട് ‘എനിക്ക് കത്തുണ്ടോ’ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി കേൾക്കുമ്പോൾ അല്പം വിഷമിച്ചാണെങ്കിലും വീണ്ടുമാ കാത്തിരിപ്പ് തുടരും.ഒരു തലമുറയുടെ ആത്മസാക്ഷാൽക്കാരങ്ങൾ ആയിരുന്നു കത്തുകൾ

പണ്ട് എനിക്ക് സ്‌ഥിരം ആയി കത്തുകൾ എഴുതുമായിരുന്ന ചിഞ്ചു എന്ന സുഹൃത്തിനെ ഇന്നുമോർക്കുന്നു. പാലക്കാടുള്ള സജിത എന്ന സുഹൃത്ത് കത്തുകളിലൂടെ എനിക്ക് കൈമാറി തന്നിരുന്നത് കവിതകൾ ആയിരുന്നു. കത്തിന്റെ ആമുഖത്തിൽ കാണും നാലു വരി കവിത. കത്തുകൾക്കായി പോസ്റ്റുമാനെ കാത്തിരുന്ന അനുഭവം ആ കാലത്തിലൂ ടെ കടന്നു പോയ ഏതൊരാൾക്കും പങ്കു വയ്ക്കുവാൻ ഉണ്ടാവും. ഈ അടുത്ത കാലത്തും ഒരു കത്ത് എന്നെ തേടി എത്തി.പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ കത്ത് ആയിരുന്നത്. യൂണിവേഴ്സിറ്റിയിൽ ഞാൻ നടത്തിയ സെമിനാറിൽ പങ്കെടുത്ത് മടങ്ങിയതിന് ശേഷമാണ് ലക്ഷ്മി കുട്ടിയമ്മ എനിക്ക് എഴുതിയത്. യൂണിവേഴ്സിറ്റിയിൽ എന്റെ അരികിൽ ഇരിക്കുന്ന സമയത്തും കയ്യിലെ കടലാസിൽ ഓരോന്ന് കുത്തി കുറിക്കുകയും എനിക്ക് കൈമാറുകയും ചെയ്തിരുന്നു ലക്ഷ്മിക്കുട്ടിയമ്മ. മനോഹരമായ കൈപ്പടയിലും മനസ്സിനെ സ്പർശിക്കുന്ന ശൈലിയിലും എനിക്ക് കത്തുകൾ എഴുതിയിരുന്ന ചിഞ്ചു പിന്നീട് എനിക്ക് ഒരു കത്ത് എഴുതുമെന്ന് ഫേസ്ബുക് മെസ്സഞ്ചറിൽ എന്നോട് പറഞ്ഞു. ആ കത്തിനായി ഞാൻ കാത്തിരുന്നെങ്കിലും ഇത് വരെ അങ്ങനെ ഒന്ന് എന്നെ തേടി വന്നില്ല.എന്റെ ഫേസ്ബുക് സുഹൃത്തും മികച്ച വായനക്കാരനുമായ കെ. കെ രാജു, കേരളത്തിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ അയച്ച കത്തുകൾ ഇന്നും നിധി പോലെ സൂക്ഷിക്കുന്നു . ഇന്ന് വാട്ട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും മെയിലിലൂടെയുമെല്ലാം കൈമാറ്റം ചെയ്യപ്പെടുന്നതും ഒരു അർത്ഥത്തിൽ അന്നത്തെ കത്തുകളുടെ പുതിയ ഭാവങ്ങളും രൂപങ്ങളും ആണ്.

അക്ഷരങ്ങൾക്ക് ജീവനുണ്ടായിരുന്ന ആ കാലത്തെ ഞാൻ ഇന്നുമോർക്കുന്നു. വരും തലമുറയ്ക്ക് വേണ്ടി വീണ്ടെടുക്കാമെന്ന പ്രതീക്ഷയിൽ.

.സ്നേഹത്തോടെ

,പാർവതി പി ചന്ദ്രൻ.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു