എഴുത്തിലും പൊതുജീവിതത്തിലും സ്വജീവിതത്തിലും എല്ലാം ആനി തയ്യിൽ സമാനതകളില്ലാത്ത സ്ത്രീയായിരുന്നു .

Share News

ഇടങ്ങഴിയിലെ കുരിശ്

കൊച്ചിയിൽ മാർക്കറ്റ് കനാലിന്റെ വലതുകരയിലൂടെ കടന്നുപോകുമ്പോഴെല്ലാം ഞാൻ ഒരു കെട്ടിടത്തിലേക്ക് നോക്കും – ആനി തയ്യിലിന്റെ വീടായിരുന്നു അത് – അവരുടെ ‘ ഇടങ്ങഴിയിലെ കുരിശ് ‘ എന്ന ആത്മകഥ എത്ര തവണ ഞാൻ വായിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല.

ഞാൻ കണ്ടിട്ടുള്ള അറിയാനിടവന്നിട്ടുള്ള ഏറ്റവും couragious ആയിട്ടുള്ള സ്ത്രീകളിൽ ഒരാളാണ് അവർ – എഴുത്തിലും പൊതുജീവിതത്തിലും സ്വജീവിതത്തിലും എല്ലാം ആനി തയ്യിൽ സമാനതകളില്ലാത്ത സ്ത്രീയായിരുന്നു – 87 ഗ്രന്ഥങ്ങളുടെ രചയിതാവ് – ഇന്നത്തെ മലയാളിക്ക് വിശേഷിച്ചും ഫെമിനിസ്റ്റുകളെന്ന് സ്വയം വിശേഷിപ്പെടുന്നവർക്ക് – എഴുത്തുരംഗത്തും പൊതുരംഗത്തുമൊക്കെ ആ നിലയ്ക്ക് അറിയപ്പെടുന്നവർക്ക് ആനി തയ്യിലിനെ അറിയുമോ എന്നറിയില്ല

ടോൾസ്റ്റോയിയുടെ വിഖ്യാത കൃതികളും അലക്സാണ്ടർ–മാസിന്റെ മോണ്ടിക്രിസ്റ്റോ മൂന്നു പോരാളികൾ തുടങ്ങിയ കൃതികളുമൊക്കെ കാലങ്ങൾക്കുമുൻപ് ഞാൻ ആത്യവും തുടർന്നും വായിച്ചിട്ടുള്ളത് ആനി തയ്യിലിന്റെ വിവർത്തനങ്ങളിലൂടെയാണ് – ചാൾസ് ക്കൻസ് തോമസ് മാൻ ആൻ ഫ്രാങ്ക് തുടങ്ങിയവരെയൊക്കെ അവരിലൂടെ അറിഞ്ഞിട്ടുള്ളതും ഓർക്കുന്നു

യുദ്ധവും സമാധാനവും- അന്ന കരിനീന [ ഈ രണ്ടു കൃതികളും എന്നെ വല്ലാതെ പിടിച്ചിരുത്തിയിട്ടുള്ളവയാണ് – ഞാൻ ഏറ്റവും കൂടുതൽ രസിച്ചുവായിച്ചിട്ടുള്ളവയാണ് മോണ്ടിക്രിസ്റ്റോ മൂന്നു പോരാളികൾ തുടങ്ങിയവ – എത്ര മനോഹരവും ലളിതവുമാണ് ആനി തയ്യിലിന്റെ ആ പരിഭാഷകൾ – ‘ ഇടങ്ങഴിയിലെ കുരിശ് ‘ എന്ന ആത്മകഥയും അങ്ങനെ തന്നെ

-എന്റെ പിതാവിന്റെയും പിന്നീട് എന്റെയും ആത്മസുഹൃത്തായിരുന്ന അന്തരിച്ച മുൻ മന്ത്രി ബി വെല്ലിങ്‌ടൺ ആണ് ആനി തയ്യിലിനെ എനിക്ക് പരിചയപ്പെടുത്തുന്നത്.

ഒരിക്കൽ അവർക്കരികിലേക്ക് എന്നെ പറഞ്ഞുവിടുന്നത് ,എന്റെ യുവത്വത്തിന്റ ആരംഭഘട്ടത്തിലായിരുന്നു അത്.

പന്നി പ്രസവിക്കും പോലെ ആഴ്ചതോറും നിറയെ കഥകളും ,ലേഖനങ്ങളും എഴുതി അതെല്ലാം അച്ചടിച്ചുവന്നിരുന്ന കാലം.

കേരളടൈംസ് പത്രത്തിൽ വെറും അൻപത് രൂപ മാസക്കൂലിക്ക് പണിയെടുത്ത് ഒടുവിൽ മാനേജിങ്എടിറ്ററായിരുന്ന പുരോഹിതശ്രേഷ്ഠൻ ആഥ്യവട്ടം പറഞ്ഞുവിട്ട കാലം.

എഴുപതുകൾ ,

– അന്ന് ആനി തയ്യിലിന് അവർ പറയുന്നത് കേട്ട് എഴുതിയെടുക്കാൻ ഒരു സാഹിത്യപയ്യനെ ആവശ്യമുണ്ടായിരുന്നു.അതിനാണ് ബി വെല്ലിങ്‌ടൺ മാർക്കറ്റ് കനാലോരത്തെ അവരുടെ താമസസ്ഥലത്തേക്ക് എന്നെ പറഞ്ഞുവിട്ടത് .അവിടെ പലപ്പോഴും ഞാൻ അവരെ കണ്ടു – പരിചിതരായി

അവർക്കുവേണ്ടി അന്ന് ഒന്നും ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല .- അവരുടെ മഹത്വവും ജീവിതത്തിലെ സാഹസികതകളും ,അമ്പരപ്പിക്കുന്ന ജീവിതാനുഭവങ്ങളും ഒന്നും തന്നെ എനിക്കറിയാമായിരുന്നില്ല, എന്നതുകൊണ്ടായിരിക്കാം അന്നങ്ങനെ സംഭവിച്ചത് .

– മറ്റൊന്ന് സാഹിത്യത്തിൽ ഒരുപാട് അറിയപ്പെടണമെന്ന ആഗ്രഹത്തോടെ നേരത്തെ പറഞ്ഞതുപോലെ പന്നി പെറ്റുകൂട്ടുംപോലെ കഥകളും ലേഖനങ്ങളും എഴുതുന്നതിന്റെ – കാൽക്കാശ്‌ കിട്ടില്ലെങ്കിലും അതെല്ലാം അച്ചടിച്ചുവരുന്നതിന്റെ അഹങ്കാരം കൊണ്ടും [ അന്നും പിന്നീടും എഴുതി അച്ചടിച്ചുവന്നതിന്റെ ഒരു കോപ്പിപോലും ഇന്ന് കൈവശമില്ല – ഉണ്ടായിരുന്നെങ്കിൽ പുസ്തകങ്ങളുടെ ഒരു നീണ്ട പരമ്പര തീർക്കാമായിരുന്നു – അന്നത് ആഗ്രഹിച്ചതുപോലുമില്ല – എന്തൊരു ദുരന്തം അല്ലേ

ആനി തയ്യിലിന്റെ മഹത്വം – അവർ എത്ര couragious ആയിരുന്നെന്ന് പിൽക്കാലത്താണ് ഞാൻ അറിയുന്നത് .അല്ലെങ്കിൽ മനസിലാക്കുന്നത്, ജീവിതത്തിലും പൊതുജീവിതത്തിലും അവർ നടന്നുപോന്ന തീക്കനൽ വഴികളും അമ്പരപ്പിക്കുന്നതാണ് .

ആ ജീവിതം, അതറിയണമെങ്കിൽ ‘ ഇടങ്ങഴിയിലെ കുരിശ് ‘ എന്ന അവരുടെ ആത്മകഥ വായിക്കുക തന്നെ വേണം .-

” എന്റെ ജീവിതം നീട്ടിവെക്കുന്നു ഞാൻ നിങ്ങളുടെ മുൻപിലേക്ക് – വിധിച്ചോളൂ എങ്ങനെ വേണമെങ്കിലും ” –

ആത്മകഥയുടെ ആമുഖം ആനി തയ്യിൽ അവസാനിപ്പിക്കുന്നത് അങ്ങനെയാണ് -1990 ജനുവരിയിൽ കേരള രാഷ്ട്രീയത്തിലെ ഒരുപാട് നെറികേടുകൾ ചൂണ്ടിക്കാണിക്കുന്നതുകൂടിയാണ് ആനി തയ്യിലിന്റെ ആത്മകഥ .

കൊവിടിന്റെ താക്കോൽ പൂട്ട് വീഴുന്നതിന്റെ തൊട്ടുമുൻപും കൊച്ചിയിൽ മാർക്കറ്റ് കനാലോരത്തൂടെ നടന്നു നീങ്ങുമ്പോൾ ,ഞാൻ ആ കെട്ടിടത്തിലേക്ക് നോക്കി – ആനി തയ്യിൽ താമസിച്ചിരുന്ന ഇരുനില വീട് –

എത്രയെത്ര ചരിത്രപഥങ്ങൾ അവിടെ ഉറങ്ങുന്നു –

ആ കെട്ടിടം ഇപ്പോൾ ഒരു സിമന്റ് വിൽപന ശാലയാണ്

–സിമന്റ് സംഭരണ കേന്ദ്രം.

.Joy Peter

ജോയി പീറ്റർ
Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു