ദില്ലിയിലെ സമരം പ്രതിഫലിപ്പിക്കുന്നത് കര്‍ഷകരുടെ ആശങ്ക: കെസിബിസി ശൈത്യകാല സമ്മേളനം

Share News

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ഭാവിയെക്കുറിച്ചുള്ള ചിന്ത കര്‍ഷകരെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടെന്നും ദില്ലിയില്‍ നടന്നുകൊണ്ടിരിക്കുന്ന സമരം കര്‍ഷകരുടെ ആശങ്കകളാണ്‌ പ്രതിഫലിപ്പിക്കുന്നതെന്നും കെസിബിസിയുടെ ശൈത്യകാല സമ്മേളനം. പുതിയ കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള അവ്യക്തതകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഒരു കര്‍ഷക സൗഹൃദരാജ്യമായി ഇന്ത്യയെ മാറ്റാനുള്ള ജനപ്രിയപദ്ധതികള്‍ക്കു രൂപംകൊടുക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി കേന്ദ്രസര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചു.

പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കര്‍ഷക സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന ആശങ്കകളെ അതീവ ഗൗരവത്തോടെ സര്‍ക്കാര്‍ പരിഗണിക്കണം. കൃഷിയിടങ്ങളിലുള്ള വന്‍കിട കമ്പനികളുടെ ഇടപെടലുകള്‍ ഇന്ത്യയിലെ കര്‍ഷകരില്‍ 86 ശതമാനം വരുന്ന ചെറുകിട നാമമാത്ര കര്‍ഷകരെ കുടുതല്‍ ദുരിതത്തിലാഴ്ത്താന്‍ ഇടയുണ്ടെന്ന വിദഗ്ദരുടെ മുന്നറിയിപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവകരമായി കണക്കിലെടുക്കണം. ഇന്നാട്ടിലെ സാധാരണ കര്‍ഷകരുടെ ജീവിതം തകര്‍ന്നടിയാതെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്‌. ഭൂരിഭാഗം വരുന്ന പാവപ്പെട്ട കര്‍ഷകരുടെ ഉപജീവനമാര്‍ഗം ഉറപ്പുവരുത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കെസിബിസി കേന്ദ്രസര്‍ക്കാരിനോടു അഭ്യര്‍ത്ഥിക്കുന്നുവെന്ന്‍ കെ‌സി‌ബി‌സി പ്രസ്താവനയില്‍ കുറിച്ചു.

Share News