
പ്രക്ഷോഭങ്ങള്‍ക്കിടെ വിവാദ കാര്‍ഷിക ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവച്ചു
ന്യൂഡല്‍ഹി: രാജ്യ വ്യാപകമായി നടക്കുന്ന കർഷക പ്രക്ഷോഭങ്ങള്‍ക്കിടെ കാര്‍ഷിക പരിഷ്‌കാര ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. പ്രതിപക്ഷ ആവശ്യം തള്ളിയാണ് രാഷ്ട്രപതി ബില്ലില്‍ ഒപ്പ് വെച്ചത്.
ബില്ലിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാണെങ്കിലും രാഷ്ട്രപതി ഒപ്പിട്ടതോടെ മൂന്ന് ബില്ലുകളും നിയമമായി.
ബില്ലുകള്‍ ഭരണഘടന വിരുദ്ധമാണെന്നും, ഏകപക്ഷീയമായി പാസാക്കുകയായിരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. മൂന്ന് കാര്‍ഷിക ബില്ലുകളിലും ഒപ്പുവയ്ക്കാതെ തിരിച്ചയയ്ക്കണമെന്നായിരുന്നു രാഷ്ട്രപതിയോട് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
അതേസമയം, പുതിയ കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരെ കൂടുതല്‍ സ്വതന്ത്രരാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മന്‍ കി ബാത്തിലൂടെ ആവര്‍ത്തിച്ചിരുന്നു. തടസങ്ങളില്ലാതെ കര്‍ഷകര്‍ക്ക് എവിടെയും ഉത്പന്നങ്ങള്‍ വിറ്റഴിക്കാമെന്നും ഇടനിലക്കാരില്ലാതെ കൂടുതല്‍ ലാഭം നേടാമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ അവകാശപ്പെട്ടു.
കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ബഹിഷ്കരിച്ചിരുന്നു. രാജ്യസഭാ സമ്മേളനം ഈ സമ്മേളന കാലയളവ് കഴിയുന്നതു വരെ ബഹിഷ്ക്കരിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു.