അഞ്ചേകാൽ നൂറ്റാണ്ടിൻ്റെ പപ്പാഞ്ഞി മാഹാത്മ്യം|ഫാ. ജോഷി മയ്യാറ്റിൽ

Share News

കേരളത്തിൻ്റെ തലസ്ഥാനം ഫോർട്ടുകൊച്ചിയായി മാറുന്ന ദിനങ്ങളാണിത്. വർഷാന്ത്യവാര ദിനങ്ങളിൽ കേരളത്തിൻ്റെ ശ്രദ്ധമുഴുവൻ കൊച്ചിയിലായിരിക്കും. കാർണിവലിനോടനുബന്ധിച്ചു നടക്കുന്ന, ഒരാഴ്ച നീളുന്ന, നാടെങ്ങുമുള്ള അലങ്കാരങ്ങളും വിവിധ കലാ-കായിക പരിപാടികളും പപ്പാഞ്ഞി കത്തിക്കൽ മഹാമഹവും വൻജനാവലിയും തന്നെ അതിനു കാരണം.

എന്നാൽ പതിവില്ലാത്ത വിധം, കഴിഞ്ഞ മൂന്നാഴ്ചയായി ഫോർട്ടുകൊച്ചിയുടെ സായാഹ്നങ്ങൾ, ദിനങ്ങൾ പോലും, ഉത്സവമേളത്തിലാണ്, ജനനിബിഡമാണ്. കാരണങ്ങൾ രണ്ടാണ് – ഒന്ന്, ക്രിസ്മസ്സ് വിളംബര റാലികൾ കൊണ്ടും സാൻ്റാ ഇവൻ്റുകൾ കൊണ്ടും അലങ്കാരങ്ങൾ കൊണ്ടും കൊച്ചിയിലെയും പരിസരപ്രദേശങ്ങളിലെയും തെരുവീഥികളും മൈതാനങ്ങളും നാട്ടുകാർ നിറച്ചുകഴിഞ്ഞു. രണ്ട്, കൊച്ചി മെത്രാസന മന്ദിരത്തിൽ ഒരുക്കിയിരിക്കുന്ന ഭീമൻ നക്ഷത്രവിളക്കും ദീപാലങ്കാരങ്ങളും ഇക്കുറി അനേകരെ കുടുംബസമേതമുള്ള സായാഹ്നസഞ്ചാരങ്ങൾക്കു പ്രചോദിപ്പിച്ചു. അങ്ങനെ ഫോർട്ടുകൊച്ചി ഇക്കുറി പുതുവർഷത്തെ വരവേല്ക്കാൻ നേരത്തേതന്നെ അണിഞ്ഞൊരുങ്ങി. അതിന് ഒരു പ്രത്യേക കാരണമുണ്ട് – ആരും തന്നെ തിരിച്ചറിഞ്ഞിട്ടില്ലാത്ത കാരണം!

*കാർണിവലിന് ഇത് ജൂബിലി വർഷം!*

1984-ലാണ് കൊച്ചിൻ കാർണിവൽ ഔദ്യോഗികമായി ആരംഭിച്ചത്. എന്നാൽ, 1500 ഡിസംബർ 24ന് ഫോർട്ടുകൊച്ചി തീരത്ത് പെദ്രോ അൽവാരെസ് കബ്രാളിൻ്റെ നേതൃത്വത്തിൽ വന്നിറങ്ങിയ ഫ്രാൻസിസ്കൻ സന്ന്യാസിമാരിൽ നിന്നാണ് കൊച്ചിയിലെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ തുടക്കം. അതിൻ്റെയർത്ഥം, സാക്ഷാൽ കൊച്ചിൻ കാർണിവലിന് 525 വയസ്സായി എന്നു കൂടിയാണ്.

പപ്പാഞ്ഞി കത്തിക്കലും കാർണിവൽ പരിപാടികളുമാണ് ഫോർട്ടുകൊച്ചിയുടെ ആകർഷണം. അവ രണ്ടും പോർച്ചുഗീസു പാരമ്പര്യത്തിലാണ് വേരൂന്നിയിരിക്കുന്നത്. കൃത്യമായി അതു മനസ്സിലാക്കണമെങ്കിൽ, ഇന്ത്യയിൽ സമാനമായ ആചാരങ്ങൾ മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചാൽ മതി. ഗോവയിലാണ് പരമ്പരാഗതമായി “burning the old man” ആചാരം ഉള്ളത്! കാരണം മറ്റൊന്നുമല്ല, ഈ രണ്ടിടങ്ങളിലാണ് പോർച്ചുഗീസ് സാന്നിധ്യവും ഭരണവും ഉണ്ടായിരുന്നത്.

വർഷാന്ത്യത്തെ കുറിക്കുന്ന ഒരു ചടങ്ങ് എന്ന ഒഴുക്കൻ ധാരണയാണ് ‘പപ്പാഞ്ഞി കത്തിക്കലി’നെ കുറിച്ച് പലർക്കും ഉള്ളത്. എന്നാൽ, “നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍” (എഫേ 4,22) എന്ന ബൈബിൾ ആഹ്വാനമാണ് ഇത്രയ്ക്കു ജനകീയമായ ‘പപ്പാഞ്ഞി കത്തിക്കൽ’ ചടങ്ങിനു പിന്നിലുള്ളത് എന്നതാണ് യഥാർത്ഥ്യം. *അർത്ഥസമ്പുഷ്ടമാണ്, ചിന്തോദ്ദീപകമാണ് ഈ രാത്രിയിലെ പപ്പാഞ്ഞി കത്തിക്കൽ!*

ഞങ്ങളുടെ ചെറുപ്പകാലത്ത് ഡിസംബർ 31ന് വലിയ പപ്പാഞ്ഞിയെയും കൊണ്ട് പകൽമുഴുവൻ വാദ്യഘോഷങ്ങളോടെ നാടു മുഴുവൻ ചുറ്റി, രാത്രിയാകുമ്പോൾ അതിനു മുന്നിൽ നൃത്തം ചെയ്ത്, കപ്പലുകളിൽ സൈറണും പള്ളികളിൽ മണികളും മുഴങ്ങുമ്പോൾ പപ്പാഞ്ഞിയെ കത്തിച്ച്, പുതുവർഷാനന്ദത്തോടെ തിരികെ വീട്ടിലെത്തുമ്പോൾ മറ്റൊരു കാര്യം കൂടി ചെയ്യാറുണ്ട് – നേരത്തേ തന്നെ ഒരുക്കിവച്ചിരിക്കുന്ന കുഞ്ഞു പപ്പാഞ്ഞിയെ ഏവരും കാൺകെ പുറത്തെടുത്തു വയ്ക്കും. ഇതിൻ്റെ അർത്ഥം, വെറുതെ പുതുവർഷം പിറന്നു എന്നതല്ല; മറിച്ച് പുതുമനുഷ്യൻ പിറന്നു എന്നാണ്! “യഥാര്‍ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്‍റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍” (എഫേ 4,24) എന്ന തിരുവചനത്തിൻ്റെ അനുസ്മരണം ആണത്.

സ്വാർത്ഥതയോടും ആസക്തികളോടും വിദ്വേഷ-വൈരാഗ്യങ്ങളോടും വിടപറയാനുള്ള സമയമാണ് പുതുവർഷപ്പിറവി. കൂടുതൽ സ്നേഹത്തോടും കൂടുതൽ കരുതലോടും കൂടുതൽ ക്ഷമയോടും കൂടുതൽ ഉത്തരവാദിത്വബോധത്തോടും കൂടെ ജീവിക്കാനുള്ള തീരുമാനത്തിൻ്റെ പ്രകടനമാണ് കാർണിവൽ. ‘കാർണെ വാലെ’ എന്ന ലത്തീൻ പദത്തിൻ്റെ അർത്ഥം, “മാംസമേ, വിട” എന്നാണ് എന്നോർക്കുക. *അർത്ഥസമ്പുഷ്ടമാണ്, ചിന്തോദ്ദീപകമാണ് നാളത്തെ കാർണിവൽ!*

*കബ്രാളിനും പിന്നിലെ ചരിത്രം*

‘സിൽവസ്റ്റർ രാത്രി’ എന്നാണ് ലോകമാസകലം ഈ രാത്രി അറിയപ്പെട്ടിരുന്നത്. അതിനു കാരണമുണ്ട്. കോൺസ്റ്റൻ്റയിൻ ചക്രവർത്തിയെ ക്രിസ്തുവിശ്വാസ ബോധ്യങ്ങളിലേക്കു നയിച്ച സിൽവസ്റ്റർ ഒന്നാമൻ പാപ്പയുടെ ഓർമ്മദിനവും കൂടിയാണ് ഡിസംബർ 31. ക്രിസ്തുവിശ്വാസദീപ്തിയാൽ സാമ്രാജ്യം പ്രകാശമാനമായതിൻ്റെ ഓർമ പുതുക്കലായാണ് ആരംഭത്തിൽ ഈ രാത്രിയും പ്രകാശമാനമാകാൻ തുടങ്ങിയത്. ദീപാലങ്കാരങ്ങൾക്കു പുറമേ വെടിക്കെട്ടുകളും പൂത്തിരികളുമെല്ലാം ഈ രാത്രിയെ ദീപ്തമാക്കുമ്പോൾ സിൽവസ്റ്റർ പാപ്പയെയും ഫോർട്ടുകൊച്ചിക്കാർ നന്ദിയോടെ അനുസ്മരിക്കേണ്ടതുണ്ട്…

Joshy mayyattil

ഫാ. ജോഷി മയ്യാറ്റിൽ

പുതു വർഷത്തിൽ നമ്മിൽ പുതിയ മനുഷ്യൻ പിറക്കട്ടെ ! മനസ്സുകൾ നന്മകളാൽ നിറയട്ടെ. സ്നേഹത്തിൻ്റെ പുതിയ നിറങ്ങളും ഭാവങ്ങളും പ്രകാശവർണ്ണങ്ങളും എങ്ങും പരക്കട്ടെ!

Share News