അഞ്ചു പതിറ്റാണ്ട് മുൻപ്, പണികഴിഞ്ഞു രാത്രിയിൽ കൂടണയുന്ന തൊഴിലാളികളുടെ വഴികാട്ടിയായിരുന്നു ഇവൻ .
ചിലപ്പോൾ ചിരട്ട കിട്ടാതെ കൈകൾ മറയായി പിടിച്ച് ഇടവഴിയിലൂടെയുള്ള നടത്തം ! കൈവെള്ളയിലേക്ക് ഉരുകി വീഴുന്ന മെഴുകു തുള്ളികളിൽ പുളയുന്ന കൈകൾ. ഉള്ളിൽ കിടക്കുന്ന മരനീരിന്റെ ലഹരിയിൽ ചിലരൊക്കെ പക്ഷേ കൈവെള്ളയിൽ വീഴുന്ന മെഴുകിന്റെ ചൂട് അറിഞ്ഞിരുന്നേയില്ല.
അക്കാലത്തു ഏതു വീട്ടുമുറ്റത്തു കൂടിയും പറമ്പിൽ കൂടിയും സഞ്ചരിക്കാൻ വിലക്കില്ലായിരുന്നു . പറമ്പിനു ചുറ്റും വലിയ മതിലുകൾ ഇല്ലായിരുന്നു . വിശാലമായ പറമ്പിൽ തലങ്ങും വിലങ്ങും ആർക്കും നടക്കാവുന്ന ഒറ്റയടിപ്പാതകൾ.
വഴിയോരത്തുള്ള റബ്ബർ തോട്ടത്തിലെ ടാപ്പിങ്‌കാരന്റെ പ്രാക്ക് കേട്ടവരും ധാരാളം…കാറ്റത്ത് തിരി കെടാതിരിക്കാൻ റബ്ബർ ചിരട്ട ആയിരുന്നല്ലോ ആശ്രയം
രാത്രി നിലാവെളിച്ചത്തിൽ നടന്നു പോകുന്ന രൂപം കാണുമ്പോൾ ആരെടാ എന്റെ പറമ്പിൽ എന്നായിരുന്നില്ല ചോദ്യം. മറിച്ച് മത്തായിചേട്ടനാണോ പോകുന്നത് , ഇന്നെന്താ ഇത്ര വൈകിയത് എന്ന കുശലാന്വേഷണമായിരിക്കും. . ഏതു പാതിരാത്രിയിലും ഏതു വീട്ടിലും കയറിച്ചെന്നു ഇത്തിരി വെട്ടം തരാമോ ചേടത്തി എന്ന് ചോദിച്ചാൽ ചൂട്ടുകറ്റ കെട്ടി തീകത്തിച്ചു കൊടുക്കുമായിരുന്നു . ചിലപ്പോൾ മെഴുകുതിരിയും ഒരു ചിരട്ടയുമാകും കൈമാറുക . അതൊക്കെ ഒരു സുവർണ്ണ കാലം .
സഹജീവി സ്നേഹം പൂത്തുലഞ്ഞു നിന്ന സുന്ദരകാലം !!