സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ഏ​പ്രി​ൽ വ​രെ: ക്ഷേമ പെന്‍ഷന്‍ അടുത്ത മാസം മുതല്‍ 1500 രൂപ

Share News

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. എല്ലാ കുടുംബങ്ങള്‍ക്കും അടുത്ത നാലു മാസം കൂടി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 80 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ സമാശ്വാസം ലഭിക്കും. ക്ഷേമ പെന്‍ഷന്‍ ജനുവരി മാസം മുതല്‍ 100 രൂപ വീതം വര്‍ധിപ്പിച്ച് 1500 രൂപയാക്കി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രകടന പത്രികയില്‍ പറഞ്ഞ 600-570 പദ്ധതികളും പൂര്‍ത്തിയാക്കി അഭിമാനകരമായ നേട്ടം കൈവരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അവശേഷിക്കുന്ന പദ്ധതികളും ഉടന്‍ പൂര്‍ത്തികരിക്കും. പ്രകടന പത്രികയില്‍ പറഞ്ഞ പദ്ധതികള്‍ക്ക് പുറമെയാണ് ഓണക്കാലത്ത് നൂറുദിന പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതുവഴി വിവിധ ജനവിഭാഗങ്ങള്‍ക്ക് സമാശ്വാസം നല്‍കുന്നതിനും തൊഴിലും പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും കഴിഞ്ഞു. ഇത് സംസ്ഥാന സമ്പദ് ഘടനയുടെ വീണ്ടെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്.

ഒന്നാം നൂറുദിന പരിപാടി ഡിസംബര്‍ 9 നാണ് അവസാനിച്ചത്. അന്നു തന്നെ രണ്ടാം നൂറുദിന പരിപാടി പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് പ്രഖ്യാപനം നീണ്ടു പോയത്. രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി പതിനായിരം കോടി രൂപയുടെ വികസപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share News