തട്ടുകട മുതൽ ഫൈവ് സ്റ്റാർ റെസ്റ്റോറന്റ് മുതൽ എവിടേയും ഞാൻ നൂറുശതമാനം വിശ്വസിച്ചു കഴിക്കാറില്ല.|നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം|മുരളി തുമ്മാരുകുടി
കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട്
കോതമംഗലത്ത് എഞ്ചിനീയറിങ്ങ് കോളേജിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി റെസ്റ്റോറന്റുകളിൽ നിന്നും ചീത്തയായ ഭക്ഷണം പിടിച്ചെടുത്ത് പ്രദർശിപ്പിച്ചത് കണ്ടത്. സ്ഥിരം കഴിക്കുന്ന റെസ്റ്റോറന്റുകൾ ആയിരുന്നു, ചിലതിൽ ഒക്കെ പുഴു പോലും ഉണ്ടായിരുന്നു. കണ്ടപ്പോൾ ശർദ്ദിക്കാൻ വന്നു. പിന്നെ ഒന്ന് രണ്ടു മാസത്തേക്ക് പുറത്തു നിന്നും ഭക്ഷണം കഴിച്ചില്ല.
അന്ന് റെസ്റ്റോറന്റുകളുടെ ലൈസൻസ് ഒക്കെ സസ്‌പെൻഡ് ചെയ്തു എന്നാണ് ഓർമ്മ, പിന്നെ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞപ്പോൾ പിന്നെയും അവ തുറന്നു. ചിലത് പുതിയ പേരിൽ …
പിന്നീട് എത്രയോ പ്രാവശ്യം വായിച്ചിരിക്കുന്നു. റൈഡ്, ഫോട്ടോ, ലൈസൻസ് സസ്‌പെൻഡ് ചെയ്യൽ, വീണ്ടും തുറക്കൽ.
റിപ്പീറ്റ്
ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വരുന്നവരുടെ ആരോഗ്യം ഉറപ്പു വരുത്തണം എന്നൊരു തോന്നൽ റെസ്റ്റോറന്റുകാർക്ക് ഉണ്ടാകേണ്ടതാണ്. താത്കാലിക ലാഭത്തേക്കാൾ കസ്റ്റമര്മാരുടെ ആരോഗ്യത്തിന് വില നൽകുന്ന മൂല്യബോധം ഒക്കെ ഉണ്ടാകുന്നത് നല്ലതാണ്. പക്ഷെ ലാഭം പ്രധാനമായ കച്ചവട രംഗത്ത് നിന്ന് പ്രതീക്ഷിക്കാൻ പറ്റില്ല, പ്രതീക്ഷിക്കാതിരിക്കുന്നതാണ് ബുദ്ധി.
തട്ടുകട മുതൽ ഫൈവ് സ്റ്റാർ റെസ്റ്റോറന്റ് മുതൽ എവിടേയും ഞാൻ നൂറുശതമാനം വിശ്വസിച്ചു കഴിക്കാറില്ല. അങ്ങനെ വിശ്വസിക്കാവുന്ന ഒരു സുരക്ഷാ സംസ്കാരം ഇന്ന് നാട്ടിൽ ഇല്ല. വളരെ ആത്മാർത്ഥതയോടെ നടത്തുന്നവർ ഇല്ല എന്നല്ല, അവർ ആരാണെന്ന് കണ്ടുപിടിക്കാൻ ഒരു മാർഗ്ഗവുമില്ല.
നിയമങ്ങളുടെ കുറവുണ്ടെന്ന് തോന്നുന്നില്ല. അത് നടപ്പിലാക്കപ്പെടുന്നില്ല എന്നതാണ് വിഷയം.
ഒരു പഞ്ചായത്തിൽ നിന്നോ മുനിസിപ്പാലിറ്റിയിൽ നിന്നോ ഉള്ള റെസ്റ്റോറന്റിൽ പഴകിയ ഭക്ഷണം പിടിച്ചാൽ അവിടുത്തെ ഹെൽത്ത് ഇൻസ്‌പെക്ടറുടെ ലൈസൻസ് റദ്ദാക്കുന്ന വല്ല നിയമവും ഉണ്ടാക്കിയാൽ ഒരു പക്ഷെ കാര്യങ്ങൾ മാറിയേക്കും.
അതൊന്നും നടക്കാൻ പോകുന്നില്ല, അതുകൊണ്ട് സ്വന്തമായി ഒരു “വളിച്ച ഭക്ഷണ റഡാർ” ഉണ്ടാക്കുകയേ മാർഗ്ഗമുള്ളൂ. ഭക്ഷണത്തിന് ചീത്തയായ പോലെ മണം ഉണ്ടെങ്കിൽ, ഉപ്പോ, എരിവോ കൂടിയാൽ , കടയിൽ തിരക്ക് കാണുന്നില്ലെങ്കിൽ, റെസ്റ്റോറന്റിൽ, പരിസരത്ത് ഒക്കെ വേണ്ടത്ര വൃത്തി ഇല്ലെങ്കിൽ, ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽ വേണ്ടത്ര വൃത്തിയോ ശ്രദ്ധയോ ഇല്ലെന്ന് തോന്നിയാൽ, ഇങ്ങനെ നേരിട്ടും അല്ലാതെയും കിട്ടുന്ന ഏതെങ്കിലും സിഗ്നൽ ശരിയല്ലെന്ന് തോന്നിയാൽ പിന്നെ അവിടെനിന്നും ഞാൻ ഭക്ഷണം കഴിക്കാറില്ല. അതിൻ്റെ പേരിൽ വഴക്കൊന്നുമില്ല, അവരുടെ ശീലമൊന്നും നമുക്കായി മാറ്റാൻ പറ്റില്ല.
നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം
മുരളി തുമ്മാരുകുടി