പൈശാചികമായി കൊലചെയ്യപ്പെട്ട ഒരു മകന്റെയും നെഞ്ച് തകരുന്ന വിധത്തിൽ മകനെ നഷ്ടപ്പെട്ട ഒരപ്പന്റെയും ചിത്രം.

Share News

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഇളയ മോൻ എന്റെ വലതുകൈയ്യിൽ തലവച്ചാണ് കിടക്കുക. കൈ മരവിച്ച് ഞാൻ ഇറക്കി കിടത്താത്ത പക്ഷം നേരം വെളുക്കുവോളം അങ്ങനെ തന്നെ കിടക്കും. മൂത്ത രണ്ടുപേരും ഒരു പ്രായം വരെ അങ്ങനെ തന്നെയായിരുന്നു. ഇപ്പോൾ ഊഴം വന്നപ്പോൾ ആ സ്ഥാനം ഇളയ ആൾ സ്വന്തമാക്കി എന്നുമാത്രം.

ഇന്നലെ പതിവുപോലെ എന്റെ കയ്യിൽ തലവച്ച് അവൻ കിടന്നുറങ്ങുമ്പോൾ മനസ്സിൽ തെളിഞ്ഞു നിന്നത് മറ്റൊരു അപ്പന്റെയും മകന്റെയും ചിത്രമാണ്. പൈശാചികമായി കൊലചെയ്യപ്പെട്ട ഒരു മകന്റെയും നെഞ്ച് തകരുന്ന വിധത്തിൽ മകനെ നഷ്ടപ്പെട്ട ഒരപ്പന്റെയും ചിത്രം. ലേബർ റൂമിൽ നിന്ന് കൈനീട്ടി വാങ്ങിയത് മുതൽ ഏതാനും ദിവസങ്ങൾ മുമ്പ് വരെ നെഞ്ചോട് ചേർത്ത് നിർത്തി, സ്നേഹവും വാത്സല്യവും ആവോളം നൽകി വലിയ പ്രതീക്ഷയോടെ ഉന്നത വിദ്യാഭ്യാസത്തിനയച്ച്, വിജയിയായി പടികയറിവരുന്ന അവനെ അഭിമാനത്തോടെ കാത്തിരുന്ന ഒരപ്പൻ. അവനെ നല്ല നിലയിലെത്തിക്കാൻ അന്യനാട്ടിൽ പോയി അധ്വാനിച്ച ഒരപ്പൻ. ആ പിതാവിന്റെയും കുടുബത്തിന്റെയും സകല പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ചവിട്ടി മെതിച്ച് ഇല്ലാതാക്കാൻ ഒരുകൂട്ടം പേപ്പട്ടികൾക്ക് ഏതാനും മണിക്കൂറുകൾ മാത്രമേ വേണ്ടിവന്നുള്ളൂ.

ജീവിതത്തിനും, കുടുംബ ബന്ധങ്ങൾക്കും, സൗഹൃദത്തിനും അർത്ഥം കണ്ടെത്താൻ ഒരിക്കലും കഴിയാത്ത ചിലരാണ് അവരെന്നതിന് സംശയമില്ല. ഇത്രമാത്രം പൈശാചികമായ ഒരു കൃത്യത്തിന് മുതിർന്ന അവരുടെ പൂർവ്വകാല ജീവിതവും കുടുംബാന്തരീക്ഷങ്ങളും ഒരിക്കലും ആരോഗ്യകരമായ ഒന്നാവില്ല. മൃഗങ്ങൾ പോലും സഹജീവികളോട് ചെയ്യാൻ മടിക്കുന്ന ക്രൂരത നിസ്സഹായനായ ഒരു മനുഷ്യജീവിയോട് ചെയ്യാൻ മടികാണിക്കാതിരുന്ന അവർക്ക് അതിന് ധൈര്യവും ശക്തിയും നൽകിയ പ്രത്യയ ശാസ്ത്രം ഏതുതന്നെയായാലും അത് ലോകത്തിന് മുഴുവൻ അപകടകരമാണ്.

മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത വിഷവിത്തുകൾ ഇനിയെങ്കിലും മുളയ്ക്കാതിരുന്നെങ്കിൽ…

വിനോദ് നെല്ലിക്കൽ

Share News