
മക്കൾക്ക് പറക്കാൻ ചിറകുകൾ നൽകുന്നത് സ്വതന്ത്രമായി പറക്കാനാണ് .മക്കൾ കൂടൊഴിയുമ്പോൾ സ്വസ്ഥത വെടിയരുത്.
.മക്കൾക്ക് പറക്കാൻ ചിറകുകൾ നൽകുന്നത് സ്വതന്ത്രമായി പറക്കാനാണ് .മക്കൾ കൂടൊഴിയുമ്പോൾ സ്വസ്ഥത വെടിയരുത്.
_____________________________
മകനും കുടുംബവും ദൂരെ അമേരിക്കയിലാ.മകളും കുടുംബവും ഓസ്‌ട്രേലിയയിൽ .
അവരാരുമില്ലാത്ത വീട്ടിൽ ഒന്നും ചെയ്യാനില്ലാതെ ഞങ്ങൾ പാർക്കുന്നു. ” ഇമ്മാതിരിയുള്ള വയോജന വർത്തമാനങ്ങൾ പലയിടത്തും കേൾക്കാം.ഒഴിഞ്ഞ ഒരു കൂട്ടിൽ കുടുങ്ങിയെന്ന മട്ടിലുള്ള നിസ്സഹായതയും ശൂന്യതാ ബോധവും ഒഴിവാക്കണം.
മക്കളുടെ പുരോഗതിക്ക് ഈ നാട് മാറ്റം ആവശ്യമാണെന്നും, അതിൽ നഷ്ട ബോധത്തിന് പ്രസക്തിയില്ലെന്നും സന്തോഷത്തോടെ അംഗീകരിക്കണം. ഇത്രയും സ്നേഹവും കരുതലുമൊക്കെ നൽകിയിട്ടും വീട്ടിൽ ഒറ്റക്കാക്കി അവരുടെ സന്തോഷത്തിനായി പോയിയെന്ന പരിഭവവും കോപവുമൊക്കെ ഉള്ളിൽ നുരയുന്നുണ്ടെങ്കിൽ അതിനെ മയപ്പെടുത്തണം .മക്കൾക്ക് ചിറകുകൾ നൽകിയത് പറക്കാൻ തന്നെയെന്ന യാഥാർഥ്യം ഉൾക്കൊണ്ട്
സംതൃപ്തിയോടെ ജീവിക്കണം.
മക്കൾ വീട്ടിലില്ലാത്തത് കൊണ്ട് ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും നഷ്ടമായിയെന്ന ചിന്ത വേണ്ട. മുറിയിലെ രണ്ട് മൂലയിൽ മൗനമായി ഇരുന്ന് നെടുവീർപ്പിടാനും പോകേണ്ട. അവരില്ലാത്ത വീട്ടിൽ ആനന്ദത്തോടെയും ആഘോഷത്തോടെയും കഴിയാനുള്ള പുതു വഴികളുണ്ടാക്കണം.
മിണ്ടും കേട്ടുമിരിക്കാനുള്ള നേരം കൂട്ടണം. ഒരുമിച്ചു ടെലിവിഷൻ കാണാം. ഗാർഹീക ചുമതലകൾ നിറവേറ്റാം. മക്കൾ ഇല്ലാത്തതിന്റെ കോട്ടം തീർക്കും വിധത്തിൽ മറ്റ് പ്രവർത്തികളുടെ തോത് കൂട്ടണം.ഇങ്ങനെയുള്ള ജീവിതത്തിലും രസമുണ്ടെന്ന പോസിറ്റിവ് സമീപനം വേണം. പിള്ളേരുമായുള്ള ബന്ധത്തിന്റെ കണ്ണി ശക്തമാകാൻ വേണ്ടി നിശ്ചിത ദിവസങ്ങളിൽ വീഡിയോ വിളികളും വർത്തമാനങ്ങളുമാകാം .
മക്കളുടെ കാര്യങ്ങൾ നോക്കിയും പേരക്കുട്ടികളെ പരിപാലിച്ചും കഴിഞ്ഞിരുന്നവർക്ക് അവർ പോകുമ്പോൾ പ്രശ്നമാകും. ഇനി ഒന്നും ചെയ്യാനില്ലെന്ന വിചാരം പിടി കൂടിയെന്നും വരും. അവരുടെ കാര്യങ്ങൾക്കല്ലാതെ വേറൊന്നിനുമില്ല നേരമെന്ന് പണ്ട് പരിഭവിച്ചിട്ടുണ്ടാകുമല്ലോ?
ഇഷ്ടപ്പെട്ടിരുന്ന ആ വേറെ കാര്യങ്ങൾ ചെയ്ത് ജീവിതത്തെ ഉഷാറാക്കാം. പിള്ളേരുടെ കൂടൊഴിയാൽ വിഷാദത്തെ ഇല്ലാതാക്കാം.

കൂടൊഴിൽ വിഷാദം ബാധിക്കുമ്പോൾ സാമൂഹികമായി ഉൾവലിയാനുള്ള പ്രവണത കൂടും. അത്തരം മാനസികാവസ്ഥ ഇല്ലാതാക്കാൻ മറ്റ് സാമൂഹിക ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കണം.വയോജനങ്ങളുടെ സംഘടനകളിലും കൂട്ടായ്മകളിലുമൊക്കെ പങ്ക് ചേരണം. അർത്ഥപൂർണ്ണമായ ജീവിത ചര്യകളെ ഉണ്ടാക്കിയെടുക്കണം. വീട് വിട്ട് സ്വന്തം ജീവിതം നിർമ്മിക്കുന്ന മക്കൾ അവരുടെ മാർഗ്ഗത്തിൽ പോകട്ടെയെന്നും, നമുക്ക് നമ്മുടെ ജീവിതം ആഹ്ലാദം നിറഞ്ഞതാക്കണമെന്നും തീരുമാനിച്ചാൽ പിന്നെ വീട്ടിൽ ഒറ്റക്കായി പോയാലും ഹാപ്പിയാകാം.
(ഡോ. സി. ജെ .ജോൺ)