
സ്വർണക്കടത്ത് കേസ്: മുഖ്യ സൂത്രധാരന്‍ ശിവശങ്കർ, ഇഡി കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ ആയിരത്തിലധികം പേജുകളുണ്ട്. സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരനാണ് എം ശിവശങ്കര്‍ എന്ന് കുറ്റപത്രത്തില്‍ പറയുന്നു. ശിവശങ്കറെ അറസ്റ്റ് ചെയ്ത് 60 ദിവസം പൂര്‍ത്തിയാകാനാരിക്കേയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി. ഇതോടെ ശിവശങ്കറിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയില്ലാതാകും.
അതിനിടെ, സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. സ്വപ്ന, സരിത്, സന്ദീപ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലെ പണവും സ്വപ്നയുടെ ലോക്കറില്‍ നിന്ന് ലഭിച്ച പണവുമാണ് ഇഡി കണ്ടു കെട്ടിയത്. ലോക്കറിലെ പണം ശിവശങ്കറിന്റേതാണെന്നതിന് തെളിവ് ലഭിച്ചതായി ഇഡി പറയുന്നു.ഇത് വടക്കാഞ്ചേരി ലൈഫ്മിഷന്‍ പദ്ധതിയ്ക്കായി സ്വപ്ന വഴി ലഭിച്ച കോഴപ്പണമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍.
പൂവാര്‍ സഹകരണ ബാങ്ക്, കരമന ആക്‌സിസ് ബാങ്ക്, മുട്ടത്തറ സര്‍വ്വീസ് സഹകരണ ബാങ്ക്, കേരള ഗ്രാമിണ്‍ ബാങ്ക് എന്നിവിടങ്ങളിലായിരുന്നു പ്രതികളുടെ നിക്ഷേപമുണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 28 നായിരുന്നു ചോദ്യംചെയ്യലിന് പിന്നാലെ ശിവശങ്കര്‍ അറസ്റ്റില്‍ ആയത്.