അതിജ്ജീവനത്തിന്റെ പുതുവർഷം ആശംസിക്കുന്നു.

Share News

ഏതാനും മണിക്കൂറുകൾക്കുള്ളിൽ വരാനിരിക്കുന്ന പുതുവർഷത്തെ കാത്തിരിക്കുമ്പോൾ മുന്നിലെ കംപ്യൂട്ടർ സ്‌ക്രീനിൽ മിന്നിമറയുന്ന വാർത്തയിൽ കണ്ണും മനസ്സും ഉടക്കുകയാണ്..

‘എറണാകുളത്ത് ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ’പൊള്ളിക്കുന്ന തലക്കെട്ടിനു താഴെ വാർത്തയുടെ വിശദമായ വിവരണവും കണ്ടു .

കൊച്ചി∙ എറണാകുളം ചേലാമറ്റത്ത് ഒരു കുടുംബത്തിലെ 4 പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യ, അര്‍ജുന്‍ എന്നിവരാണ് മരിച്ചത്. കടബാധ്യത മൂലമുള്ള ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസങ്ങളിൽ കേരളം ചർച്ച ചെയ്ത മറ്റൊരു പ്രധാന വാർത്തനെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റു ദമ്പതികൾ മരിച്ച ദാരുണ സംഭവത്തെകുറുച്ചുള്ളതായിരുന്നു.രാജനെയും അമ്പിളിയെയും അടക്കം ചെയ്ത തർക്കഭൂമി അനാഥരായ മക്കൾക്കു കൊടുക്കാനാകുമോ എന്ന കാര്യം സർക്കാർ പരിശോധിക്കുന്നു. ഈ ഭൂമിയിൽ പരാതിക്കാരിയായ വസന്തയ്ക്കുള്ള ഉടമസ്ഥാവകാശം സംബന്ധിച്ച് റവന്യു വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും ഇന്നലെ പകൽ മുഴുവൻ മാതാപിതാക്കളുടെ കുഴിമാടത്തിനരികെ ആയിരുന്നു.

നിസ്സംഗതയോടെ വായിച്ചു തീർക്കാൻ വിധിക്കപ്പെട്ട ഇത്തരം വാർത്തകൾ സത്യത്തിൽ വിരൽ ചൂണ്ടുന്നത് മലയാളിയുടെ താളം തെറ്റിയ മാനസികാരോഗ്യത്തെ കുറിച്ചാണ്.ഏതാനും ദിവസങ്ങൾക്കപ്പുറം പെരിയാറിന്റെ മടിത്തട്ടിൽ അലിഞ്ഞു നിത്യതയുടെ ലേകത്തെക്ക് കടന്നു പോയ പ്രിയ സുഹൃത്തിന്റെ ഓർമ്മചിത്രവും മനസ്സിൽ നിന്നും മായുന്നില്ല.

പെട്ടെന്നുള്ള പ്രകോപനങ്ങൾ , വർധിച്ചുവരുന്ന വിഷാദം, കടബാധ്യതകൾരോഗങ്ങള്‍, തൊഴിലില്ലായ്മ , ആഗ്രഹിച്ച മൊബൈലിലോ മറ്റു ഗാഡ്‌ജെക്ടുകളോ ലഭിക്കാതിരിക്കുക, സാമൂഹ്യമായ ഒറ്റപെടലുകൾ , പ്രണയ നൈരാശ്യം അങ്ങനെ കാരണങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട് നമുക്കുമുന്നിൽ.കാലങ്ങളായി മലയാളി ആത്മഹത്യ സൂചികകളിൽ പ്രമുഖ സ്ഥാനത്തു തുടർന്നു കൊണ്ടിരിക്കുന്നതിന്റെ കാരണങ്ങൾ എന്തായിരിക്കും.

പാവപ്പെട്ടവനും സമ്പന്നനും തമ്മിൽ ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുന്ന അന്തരവും അത് സൃഷ്ട്ടിക്കുന്ന അരക്ഷിതാവസ്ഥയും അപകര്ഷണതയും ഒരു പരിധിവരെ ആത്മഹത്യകൾക്കു വഴിമരുന്നിടുന്നു എന്ന് കരുതാതെ വയ്യ.വിശാലമായ സാമൂഹ്യ പഠനങ്ങൾ ഈ വിഷയത്തിൽ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

വർഷത്തിൽ എട്ടുലക്ഷത്തിൽ അതികം ആളുകൾ വിവിധ കാരണങ്ങളാൽ ആത്‍മഹത്യ ചെയ്യുന്നു എന്ന കണക്കാണ് ലോകാരോഗ്യ സഘടന മുന്നോട്ടുവെക്കുന്നത്. കാരണങ്ങൾ എന്തും ആയിക്കൊള്ളട്ടെ നാൽപ്പതു സെക്കൻഡിൽ ഒരാൾ സ്വയം ഒഴിഞ്ഞു പോകുന്ന ഭൂമിയെകുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ എത്ര വേദനാജനകമായ അവസ്ഥയാണത്.

ആത്മഹത്യ ഒരു വലിയ പൊതുജനാരോഗ്യ പ്രശ്‌നമെന്ന നിലയിലേക്ക് മാറുമ്പോൾ കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കേണ്ടത് അനിവാര്യമായി മാറുന്നു. ആത്മഹത്യാപരമായ പെരുമാറ്റങ്ങളെക്കുറിച്ചും അവ എങ്ങനെ ഫലപ്രദമായി തടയാമെന്നതിനെക്കുറിച്ചുമുള്ള അവബോധം നമ്മുടെ നിയമ പാലകർക്കടക്കം ലഭ്യമാക്കേണ്ടതായുണ്ട്. ജപ്തി , കുടിയൊഴിപ്പിക്കൽ തുടങ്ങി അതിവൈകാരികമായ പ്രതികരണങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള പക്വത നമ്മുടെ പോലീസ് സേന ഇനിയും ആർജിക്കേണ്ടിയിരിക്കുന്നു അല്ലെങ്കിൽ അത്തരം വിഷയങ്ങളിൽ പരിശീലനം സിദ്ധിച്ചവർ സേനയുടെ ഭാഗമായി ഉണ്ടാകേണ്ടതാണ്.

കുട്ടികൾ ഉൾപ്പെടുന്ന കുടുംബ ആത്മഹത്യകളുടെ നിരന്തരമായ വാർത്തകൾ നമ്മുടെ ഉള്ളുലച്ചുകൊണ്ടു കടന്നു വരുന്നു. കുട്ടികളും മാതാപിതാക്കളും കൂടുതൽ സമയം വീടുകളിൽ കഴിഞ്ഞു കൂടിയ ലോക്ക് ഡൌൺ കാലത്തും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നു എന്നത് നമ്മുടെ സാമ്പ്രദായിക വിലയിരുത്തലുകൾക്കും അപ്പുറമുള്ള ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്‌.

മലയാളിയുടെ മനസ്സികാരോഗ്യത്തിന്റെ സൂചികകൾ കൃത്യമായ പരിശോധനക്കു വിധേയമാക്കേണ്ടിയിരിക്കുന്നു. ശരീരത്തിനു രോഗം വരുന്നുമ്പോൾ ഡോക്ടറുടെ സേവനം തേടുന്നത് പോലെ തന്നെ മാനസികമായ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മനഃശാസ്ത്രജ്ഞനെയോ കൗൺസിലറെയോ ബന്ധപ്പെടാൻ നാം മടിച്ചുകൂടാമുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാധിക്കുന്ന തൊഴിലിടങ്ങളിലും വ്യക്തികളുടെ മാനസികോല്ലാസത്തിനും പ്രശ്ന പരിഹാരത്തിനുമുള്ള സംവിധാനങ്ങൾ ഉണ്ടാക്കേണ്ടിയിരിക്കുന്നു.

വിവാഹപൂർവ കൗൺസിലിംഗ് സർക്കാർ നിയമം മൂലം നിർബന്ധമാക്കുകയും , നിശ്ചിത ഇടവേളകളിൽ ദമ്പതികമാർക്കു തുടർ പരിശീലനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് വേദനാജനകമായ ഇത്തരം സംഭവങ്ങൾ അവർത്തിക്കാതിരിക്കാൻ സഹായിക്കും.നമുക്കും ചെയ്യാം ചില കാര്യങ്ങൾനമ്മുടെ പരിചയവലയത്തിൽ ആർക്കെങ്കിലും ആത്മഹത്യാ പ്രവണതയുണ്ടെന്നു തോന്നിയാൽ മടികൂടാതെ അവരോട് കാര്യങ്ങൾ ചോദിച്ചറിയാൻ നാം തയ്യാറാകണം. ഉള്ളു തുറന്നുള്ള സഭാഷണങ്ങൾ ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കാൻ വ്യക്തികളെ സഹായിക്കും.

സമ്പത്തികമാന്ദ്യം, ജോലി നഷ്ടപ്പെടൽ, പ്രവാസി തിരിച്ചുവരവ് എന്നിവയെല്ലാം ഈ മഹാമാരികാലത്തു ആത്മഹത്യകളിലേക്ക് വഴിവച്ചേക്കാം അതിനാൽ അത്തരം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സുഹൃത്തുക്കളെയും കുടുംബാഗങ്ങളെയും ചേർത്ത് നിറുത്തി അവർക്കു ആത്മവിശ്വാസവും പ്രചോദനവും നൽകുന്നതിൽ നിന്നും ഒരിക്കലും നാം പിന്നോട്ട് പോകരുത്.

ഒരു ജീവന്‍ നഷ്ടപ്പെടുമ്പോള്‍ അതുമൂലം നഷ്ടപ്പെടുന്നത് കുറേ ജീവിതങ്ങള്‍ കൂടിയാണ് എന്ന പാഠം നമുക്ക് മറക്കാതിരിക്കാം.വീണ്ടും സ്‌ക്രിനിൽ വാർത്തകൾ തെളിയുന്നു അവസാന വരിയിൽ ലേഖകൻ കുറിച്ച് വെച്ച വരികൾ ഇവിടേയും ആവർത്തിക്കട്ടെആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല.

മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.

.അതിജ്ജീവനത്തിന്റെ പുതുവർഷം ആശംസിക്കുന്നു.

സെമിച്ചൻ ജോസഫ്

അസിസ്റ്റന്റ് പ്രൊഫസർ

സാമൂഹ്യ പ്രവർത്തന വിഭാഗംഭാരതമാതാ കോളേജ് തൃക്കാക്കര

Share News