ഇന്ത്യ ഉൾപ്പെടെ നൂറ്റി മുപ്പത്തി മൂന്ന് രാജ്യങ്ങളിൽ സ്വവർഗ്ഗ രതി കുറ്റമല്ല. |സ്വവർഗ്ഗ രതി വേറെ, വിവാഹം വേറെയെന്ന നിലപാട് എന്ത് കൊണ്ടാണ്?|ഡോ .സി ജെ ജോൺ

Share News

* ഇന്ത്യ ഉൾപ്പെടെ നൂറ്റി മുപ്പത്തി മൂന്ന് രാജ്യങ്ങളിൽ സ്വവർഗ്ഗ രതി കുറ്റമല്ല. |എന്നാൽ മുപ്പത്തി നാല് രാജ്യങ്ങൾ മാത്രമേ സ്വവർഗ്ഗ വിവാഹത്തെ നിയമ വിധേയമാക്കിയിട്ടുള്ളൂ.

നിലവിലെ നിയമങ്ങൾ സ്വവർഗ വിവാഹത്തിന് സാധുത നൽകുന്നില്ലെന്നാണ് സുപ്രീം കോടതി ജഡ്ജിമാരുടെ നിരീക്ഷണം. നിയമ സാധുത നൽകാനാവില്ലെന്ന വിധിയിൽ അഞ്ച് ജഡ്ജിമാരും യോജിച്ചു.

എന്നാൽ അവയിൽ ചില നിയമങ്ങൾ ഭരണ ഘടനാ വിരുദ്ധമാണെന്ന് രണ്ട് ജഡ്‌ജിമാർ നിരീക്ഷിച്ചു. അവയിൽ നിയമ നിർമ്മാണ സഭകൾ തീരുമാനം സ്വീകരിക്കണമെന്നും ആ ജഡ്ജിമാർ പറഞ്ഞു. പരോക്ഷമായി സ്വവർഗ വിവാഹത്തിന് അനുകൂലമായ നിലപാട് അവർ എടുത്തുവെന്ന് വ്യാഖ്യാനിക്കാം.ഇത് തന്നെ ശ്രദ്ധേയമാണ്.

ഭാരതത്തിൽ നിലവിലുള്ള മത, ധാർമ്മിക പരിസരം വിലയിരുത്തുമ്പോൾ രണ്ട് ജഡ്ജിമാരുടെ പരോക്ഷ പിന്തുണ മാറ്റത്തിന്റെ സൂചനയാണ്.

ഇന്ത്യ ഉൾപ്പെടെ നൂറ്റി മുപ്പത്തി മൂന്ന് രാജ്യങ്ങളിൽ സ്വവർഗ്ഗ രതി കുറ്റമല്ല. എന്നാൽ മുപ്പത്തി നാല് രാജ്യങ്ങൾ മാത്രമേ സ്വവർഗ്ഗ വിവാഹത്തെ നിയമ വിധേയമാക്കിയിട്ടുള്ളൂ.

സ്വവർഗ്ഗ രതി വേറെ, വിവാഹം വേറെയെന്ന നിലപാട് എന്ത് കൊണ്ടാണ്?

കുട്ടിയെ ദത്ത് നൽകൽ, സ്വവർഗ്ഗ പങ്കാളിക്ക് സ്വത്തവകാശം കൊടുക്കൽ, വിവാഹമെന്ന സ്ഥാപനം കുട്ടിയെ ജനിപ്പിക്കാൻ കൂടിയെന്ന സങ്കല്പം തുടങ്ങിയ പരിഗണനകൾക്കൊപ്പം ധാർമികതയും മത വീക്ഷണവും കൂടി ചേരുമ്പോൾ ഒരേ ലിംഗത്തിലുള്ളവർ തമ്മിലുള്ള നിയമപരമായ വിവാഹ ഉടമ്പടിയോട്വിയോജിപ്പ് വരും.

സ്വവർഗ്ഗ രതി കുറ്റകരമല്ലെന്ന കോടതി വിധി പോലും ധാർമീകതയെ തകിടം മറിക്കുമെന്ന്‌ വിചാരിക്കുന്ന കക്ഷികൾ ധാരാളം. പൊതു ബോധത്തിലെ ഈ എതിർപ്പിന്റെ പ്രതിഫലനം കൂടിയാണ് ഈ വിധി. ഈ വിഷയം ആഴത്തിൽ പഠിക്കാൻ പോകുന്ന സമിതിയിലും ഇതൊക്കെ കാണും. അത് സ്ഥാപനങ്ങളുടെ ദൗർബല്യമായി ചൂണ്ടി കാണിക്കപ്പെട്ടേക്കാം.

സ്വവർഗ്ഗ ലൈംഗീകത ഒരു സ്വാഭാവിക അവസ്ഥയാണെന്ന ചിന്ത പൊതുവിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.

തുറന്ന് പറയാൻ പറ്റുന്ന സാഹചര്യം കൂടി ഉണ്ടാകണം. നിർബന്ധിതമായി എതിർ ലിംഗത്തിലുള്ളയാളെ വിവാഹം കഴിപ്പിച്ചു സ്വവർഗ്ഗാഭിമുഖ്യമുള്ള വ്യക്തിയുടെയും, വിവാഹ പങ്കാളിയുടെയും ജീവിതം ഒരു പോലെ ദുരിതത്തിലാക്കുന്ന എത്രയെത്ര സംഭവങ്ങൾ. അവരെ അവരുടെ ജീവിതം നയിക്കാൻ വിടുകയെന്നതാണ് ശാസ്ത്രീയ നിലപാട്.

പൊതു ബോധത്തിൽ ഇതുണ്ടായിട്ടില്ല.ഇവരുമായി ബന്ധപ്പെട്ടുള്ള ജീവിത യാഥാർഥ്യങ്ങളെ കാണുവാനും തയ്യാറാകുന്നില്ല. അതില്ലാത്തിടത്തോളം കാലം സ്വവർഗ്ഗ വിവാഹത്തിന് എതിരായുള്ള സർക്കാർ നിലപാടുകളും, വിധികളും ഉണ്ടാകും. എങ്ങനെയെങ്കിലും ഈ നിലപാട് മാറ്റി തന്ന് എതിർ ലിംഗത്തിലെ ഒരാളെ കല്യാണം കഴിക്കാൻ റെഡിയാക്കി തരുവെന്ന് ആവശ്യപ്പെട്ട് ചികിത്സ തേടി നടക്കുന്ന രക്ഷകർത്താക്കൾ ഇനിയുമുണ്ടാകും.

നിലവിൽ സ്വവർഗ്ഗ ആഭിമുഖ്യമുള്ളവർക്ക് ഒരുമിച്ചുള്ള പാർപ്പ്‌ മാത്രമാണ് ഇപ്പോൾ സാധ്യം.ദമ്പതികൾ എന്ന നിലയിൽ ദത്തെടുക്കൽ പറ്റില്ല. എന്നാൽ സിംഗിൾ പേരെന്റ് എന്ന നിലയിൽ, വ്യക്തിയെന്ന നിലയിൽ ചെയ്യാം.

സ്വവർഗ്ഗ വിവാഹം അനുവദിച്ചാൽ വിവാഹമെന്ന ഉടമ്പടിയിൽ ഉണ്ടാകാവുന്ന എല്ലാ പ്രതിസന്ധികളും ഇതിലും വരാം.

എന്നാൽ അവരുടെ ലൈംഗീകാഭിമുഖ്യത്തിന് അനുസൃതമായ വിവാഹം ചെയ്യാനുള്ള അവകാശം കിട്ടിയെന്ന ആശ്വാസം അവര്‍ക്ക് കിട്ടാം. എതിർ ലിംഗത്തിലുള്ള ആളുമായി മാത്രമേ വിവാഹം സാധിക്കൂവെന്ന രീതിയിൽ എഴുതപ്പെട്ട നിയമങ്ങൾ നില നിൽക്കുമ്പോൾ ഇത് സാധ്യമാകുമോയെന്ന സംശയം ബാക്കി.

നിയമം പരിഷ്കരിക്കാൻ പൊതു ബോധത്തിന്റെ ശബ്ദമായി നിൽക്കുന്ന ജന പ്രതിനിധി സഭകൾക്ക് ധൈര്യം വരുമോ?

ഡോ .സി ജെ ജോൺ

Drcjjohn Chennakkattu

Share News