
വെൺമഞ്ഞു ഹൃദയംകൽക്കരിക്കട്ടയായതെങ്ങനെ?
“അച്ചാ, ഞാനെങ്ങനെ ഇങ്ങനെയായി” എന്ന ചോദ്യത്തോടെയാണ് ആ യുവാവ് സംസാരിച്ചു തുടങ്ങിയത്.
”ഒരുകാലത്ത് ഞാൻ അൾത്താര ബാലനായിരുന്നു. രണ്ടു കിലോമീറ്റർ നടന്ന് പള്ളിയിൽ പോകാൻ എനിക്കൊരു മടിയുമില്ലായിരുന്നു. എന്നാൽ പത്താംക്ലാസ് കഴിഞ്ഞതോടെ എൻ്റെ ഗതി മാറി. കാണാൻ പാടില്ലാത്തത് പലതും കാണുകയും കേൾക്കാൻ പാടില്ലാത്തത് പലതും കേൾക്കുകയും ചെയ്തു. പള്ളിയിൽ പോകാതായി. അഥവാ പോയാൽ തന്നെ ഏറ്റവും പിറകിലായിരിക്കും നിൽക്കുന്നത്.ഈയിടെ ചെറിയ അടിപിടി കേസുകളിൽ പ്രതിയായി. ഒരു സംഘത്തിൽ അകപ്പെട്ടതിനാൽ എനിക്കതിൽ നിന്ന് പുറത്തു കടക്കാനാകില്ല. മാത്രമല്ല ഞാൻ മുഖേന മറ്റു ചിലരും തകരാൻ ഇടവന്നിട്ടുണ്ട്.
അധികം നാളായില്ല ബൈക്കപകടത്തിൽ എൻ്റെ സുഹൃത്ത് മരണപ്പെട്ടിട്ട്. കൂട്ടുകാരൻ്റെ മൃതശരീരവുമായ് വീട്ടിലെത്തിയപ്പോൾ മനോനില തെറ്റിയ പോലെ അവൻ്റെ അമ്മ ഇങ്ങനെ ആക്രോശിച്ചു: ‘നിങ്ങളൊക്കെ കൂടി എൻ്റെ മോനെ കൊന്നുവല്ലേ?’ആ അമ്മയുടെ വാക്കുകൾ ഇപ്പോഴും കാതുകളിൽ അലയടിക്കുന്നു.സത്യമായും നന്നാവണമെന്നുണ്ടച്ചാ, എന്നാൽ അതിന് കഴിയുന്നില്ല.”
ഏറെനേരം അവനുമായ് സംസാരിക്കുകയും അവൻ്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകി, പ്രാർത്ഥിച്ച് ഞാനവനെ യാത്രയാക്കി. വന്നപ്പോൾ അവൻ്റെ മുഖം മ്ലാനമായിരുന്നെങ്കിലും മടങ്ങിയപ്പോൾ അവൻ്റെ മുഖത്ത് പ്രത്യാശയുടെ തിരിവെട്ടം കാണാമായിരുന്നു.
അന്ന് മുഴുവനും ഞാൻ ചിന്തിച്ചത് ആ യുവാവിനെക്കുറിച്ചായിരുന്നു. അൾത്താര ബാലനായിരുന്ന അവൻ ദൈവത്തിൽ നിന്നും എത്ര അകലെയാണെത്തിയത്?
അവൻ അങ്ങനെയായതിൻ്റെ പിന്നിൽ അവൻ മാത്രമായിരിക്കില്ല കാരണം. സാരമില്ലെന്നു പറഞ്ഞ് തെറ്റിനെ ലഘൂകരിച്ച് വീണ്ടും പാപ വഴികളിലേക്ക് നയിച്ചവർ കുറച്ചു പേരെങ്കിലും കാണില്ലെ?
നമ്മുടെ നിർബന്ധവും ലാഘവത്വവും മൂലം ആരെങ്കിലും തിന്മയുടെ വഴി ശീലമാക്കിയിട്ടുണ്ടെങ്കിൽ അവരേക്കാൾ ദാരുണമായിരിക്കില്ലെ നമ്മുടെ അവസ്ഥ?
ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കൂ:“ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും”(മത്തായി 5 : 19).
നാം മുഖേന ആരും ദൈവത്തിൻ്റെ വഴികളിൽ നിന്നും വ്യതിചലിക്കാതിരിക്കട്ടെ.

ഫാദർ ജെൻസൺ ലാസലെറ്റ്ഡിസംബർ 24-2020.