എത്രയെത്ര ബന്ധങ്ങളാണ് പണത്തിന്റെ പേരിൽ തകരുന്നത് …

Share News

ചെറുപ്പം മുതൽ എന്റെ അച്ഛമ്മ പറഞ്ഞു കേൾക്കാറുള്ള ഒരു കാര്യമാണ് ….“പണം ..മനുഷ്യനെ തമ്മിൽ തെറ്റിക്കാൻ ഇതുപോലെ കഴിവുള്ള സാധനം വേറെ കണ്ടിട്ടില്ല “..എന്ന് .

അന്നൊന്നും എനിക്ക് അത്‌ എന്താന്ന് വല്യ പിടിയിലായിരുന്നു ..പക്ഷെ മുതിർന്നപ്പോൾ അന്ന് അച്ഛമ്മ പറഞ്ഞത് എത്ര സത്യമാണെന്ന് ഞാൻ ശരിക്കും തിരിച്ചറിഞ്ഞു …എത്രയെത്ര ബന്ധങ്ങളാണ് പണത്തിന്റെയും സ്വത്തിന്റെയും പേരിൽ മുറിഞ്ഞു പോകുന്നത് ..രക്തബന്ധങ്ങളിൽ പോലും വിള്ളൽ വരുത്താൻ ഈ പണത്തിനു കഴിയും ...ചിലർക്ക് പത്തു പ്രാവശ്യം കടം കൊടുത്തു സഹായിച്ചിട്ട് പതിനൊന്നാമത്തെ പ്രാവശ്യം എന്തെങ്കിലും കാരണവശാൽ സഹായിക്കാൻ സാധിച്ചില്ലെങ്കിൽ അതോടെ തീരും ആ ബന്ധം ..ചിലരുണ്ട് കടവും വാങ്ങി ഒരു പോക്ക് പോയാൽ പിന്നെ കൊടുത്തവരിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കാൻ തുടങ്ങും .പതുക്കെ ആ ബന്ധം അവസാനിക്കും ..ചിലരാകട്ടെ പൈസ കടം കൊടുത്താൽ വാങ്ങിയവർ തങ്ങളുടെ അടിമകളായി എന്ന മട്ടിലാണ് പിന്നെ അങ്ങോട്ട് പെരുമാറുക ..പോരാഞ്ഞിട്ട് കാണുന്നോരോടൊക്കെ അത് പറഞ്ഞു നടക്കും .

ചിലർ ഒരു തുണ്ട് ഭൂമിയുടെ പേരിൽ അച്ഛനമ്മമാരുമായും കൂടെ പിറന്ന സഹോദരങ്ങളുമായി മരണം വരെ പിണങ്ങി കഴിയുന്നു ..ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറാവാതെ.. അങ്ങനെ പണത്തിന്റെ പേരിൽ വഴിപിരിഞ്ഞു പോയ എത്രയെത്ര ബന്ധങ്ങളാണ് നമുക്ക് ചുറ്റിലും …

ഇതുപോലെ ഞാൻ വല്ലാതെ വേദനിക്കാൻ ഇടയായ ഒരനുഭവം പറയാം ..അന്ന് ഞാൻ വർക്ക് ചെയ്യുന്ന സമയമായിരുന്നു .ഞങ്ങളുടെ ഓഫീസിൽ ഹൌസ് കീപ്പിങ് സെക്ഷൻ ഇൽ ഒരു വയസ്സായ അമ്മ ജോലിചെയ്തിരുന്നു. കോറിഡോർ തൂക്കാനും വർക്ക് സ്റ്റേഷൻസ് ഒക്കെ തുടയ്ക്കാനും വരാറുള്ളത് ആ അമ്മയാണ് .എനിക്ക് ആ അമ്മയെ വല്യ ഇഷ്ടമായിരുന്നു . കാണുമ്പോഴെല്ലാം ഞാൻ അമ്മയോട് കുറെ നേരം വർത്താനം പറഞ്ഞു നിൽക്കും.അമ്മ അവരുടെ വീട്ടിലെ കാര്യങ്ങളെല്ലാം എന്നോട് പറയും . വളരെ പെട്ടന്ന് ഞങ്ങൾ നല്ല കൂട്ടായി ..നാട്ടിൽ നിന്ന് വരുമ്പോൾ എന്തെങ്കിലും പലഹാരമൊക്കെ കൊണ്ടുവന്നാൽ അതിൽ നിന്ന് ഒരു പങ്ക് ഞാൻ ആ അമ്മയ്ക്ക് കൊണ്ട് പോയി കൊടുക്കും ..

ഒരു ദിവസം ഞാൻ രാവിലെ ഓഫീസിൽ ചെല്ലുമ്പോൾ അമ്മ എന്നെയും കാത്തു കോറിഡോറിൽ നിൽക്കുന്നു ..എന്നെ കണ്ടതും ഓടി അടുത്ത് വന്നു പറഞ്ഞു ..”മോളെ ..എന്റെ ഭർത്താവിന് സുഖമില്ല .ഉച്ചകഴിഞ്ഞു ലീവ് എടുത്തിട്ടുണ്ട് .അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകാൻ ..ഒരു 2000 രൂപ തന്ന് സഹായിക്കുമോ ??..ശമ്പളം കിട്ടിയിട്ട് തരാം “..ഇത് പറഞ്ഞതും അവരുടെ കണ്ണുകൾ നിറഞ്ഞു ..കണ്ടപ്പോൾ പാവം തോന്നി .ഉടനെ ഞാൻ അവർ ചോദിച്ച രൂപ അവർക്ക് കൊടുത്തു ..അവർ അതും വാങ്ങി പോയി .

പിറ്റേന്ന് ഓഫീസിൽ ചെന്നതും അവരുടെ ഭർത്താവിന്റെ രോഗവിവരം അറിയാൻ ഞാൻ ആ അമ്മയെ അവിടെയെല്ലാം നോക്കി ..എങ്ങും കണ്ടില്ല ..ചിലപ്പോൾ വേറെ ഫ്ലോറിൽ ആവും എന്നോർത്തു ..നാല് ദിവസങ്ങൾ കഴിഞ്ഞും അവരെ കാണാതായപ്പോൾ എനിക്ക് പേടി തോന്നി ..’ഇനി അവരുടെ ഭർത്താവിന് വല്ലതും പറ്റിക്കാണുമോ ??’..ഞാൻ അമ്മയോടൊപ്പം അവിടെ ജോലിചെയ്യുന്ന വേറെ ഒരു ചേച്ചിയോട് അവരെ കുറിച്ചു ചോദിച്ചു ..’ചേച്ചി ..ജയന്തി അമ്മയെവിടെ ?കുറച്ചു ദിവസം ആയല്ലോ കണ്ടിട്ട് “..അപ്പോൾ ആ ചേച്ചി പറഞ്ഞ മറുപടി കേട്ട് ഞാൻ ഞെട്ടി ..”അയ്യോ മേഡം ,അവർ ഇവിടത്തെ ജോലി മതിയാക്കി ..അവരുടെ മകന്റടുത്തേക്ക് പോവാണത്രെ ..ഊട്ടിയിലേക്ക് ..അവിടെ തേയില കമ്പനിയിൽ ജോലി പറഞ്ഞു വെച്ചിട്ടുണ്ടെന്നാ പറഞ്ഞത് ..മാഡത്തോട് അവര് ഒന്നും പറഞ്ഞില്ലേ ??”..ഇല്ലാ എന്ന് തലയാട്ടി ഞാൻ പതുക്കെ നടന്നു ..

എനിക്ക് വല്ലാത്ത വിഷമം തോന്നി ..ഒരാൾ എന്നോട് കടം വാങ്ങി മുങ്ങിയെന്നതിലല്ല , ആ അമ്മ എന്നോട് ഇങ്ങനെ ..എനിക്ക് അവരെ അത്രയ്ക്ക് കാര്യമായിരുന്നു ..ഞാൻ പോവാണ് , എനിക്ക് കുറച്ചു രൂപ വേണം എന്ന് ചോദിച്ചിരുന്നെങ്കിൽ ഞാൻ കൊടുക്കുമായിരുന്നില്ലേ .. ഇത്രയൊക്കെ അടുപ്പമുണ്ടായിട്ടും …ആ രണ്ടായിരം രൂപ കാരണമല്ലേ അവർ എന്നോട് ഇങ്ങനെ ചെയ്തത് ..അല്ലെങ്കിൽ അവർ പറഞ്ഞിട്ടേ പോകൂ ..എനിക്കുറപ്പാണ് ..ഇതിപ്പോ ഒന്ന് യാത്ര പോലും പറയാതെ ..

എത്രയെത്ര ബന്ധങ്ങളാണ് പണത്തിന്റെ പേരിൽ തകരുന്നത് …ആരോട് പറയാൻ ..ആര് കേൾക്കാൻ ??

😢വർഷ കണ്ണൻ

Varsha Kannan

Share News