“ജന്മംകൊണ്ട് ക്രിസ്ത്യാനിയും സാംസ്കാരികമായി ഹിന്ദുവും ആത്മീയമായി ബൗദ്ധനുമാണ് ഞാൻ”.|പ്രൊഫ. എൻ.എം. ജോസഫ് സാറിന് അന്ത്യാഞ്ജലി
പ്രൊഫ. എൻ.എം. ജോസഫ് സാറിന് അന്ത്യാഞ്ജലി
പ്രഗൽഭനായ ധനതത്വശാസ്ത്രാധ്യാപകൻ, സംഘാടകൻ, മുൻ ജനതാപാർട്ടിയുടെ പാരമ്പര്യം പേറുന്ന രാഷ്ട്രീയനേതാവ്, രണ്ടാം നായനാർ മന്ത്രിസഭയിലെ വനം വകുപ്പു മന്ത്രി… ഇന്നു പുലർച്ചേ അന്തരിച്ച ജോസഫ് സാറിന് വിശേഷണങ്ങൾ ഏറെയാണ്.
അഴിമതി ആരോപണങ്ങൾ ഏൽക്കാതെ വനം വകുപ്പ് ഭരിച്ച ഒരേയൊരു മന്ത്രി ഒരുപക്ഷേ അദ്ദേഹമായിരിക്കും. മരംമുറി, വനം ഉദ്യോഗസ്ഥരുടെ അഴിമതി തുടങ്ങിയവ നേരിട്ട് അന്വേഷിക്കാൻ കേരളത്തിലെ വനമേഖലകളിൽ എമ്പാടും നേരിട്ട് കടന്നുചെന്നു അദ്ദേഹം. ഇ.എം.എസ് സർക്കാരിന്റെ കാലത്ത് നിശ്ചയിച്ച നിസ്സാരവിലയ്ക്ക് കേരളത്തിലെ ഈറ്റക്കാടുകൾ വ്യവസായവമ്പൻ ബിർളയുടെ മാവൂർ റയോൺസിന് വർഷാവർഷം തീറെഴുതിക്കൊടുക്കുന്ന സമ്പ്രദായം നായനാരുടെയും ഗൗരിയമ്മയുടെയും എതിർപ്പിനെ മറികടന്നുകൊണ്ട് അവസാനിപ്പിച്ചത് പ്രൊഫ. എൻ എം ജോസഫ് എന്ന വനം വകുപ്പു മന്ത്രിയാണ്.
അന്ന് കേന്ദ്ര വനം, പരിസ്ഥിതി വകുപ്പു മന്ത്രിയും തന്റെ പാർട്ടിക്കാരിയുമായ മനേകാ ഗാന്ധിയുടെ കടുംപിടിത്തത്തെ തന്ത്രപൂർവം നേരിട്ട് പമ്പയിൽ അയ്യപ്പൻമാരുടെ സൗകര്യത്തിനായി കുറെ മരങ്ങൾ വെട്ടി നീക്കാൻ ദേവസ്വത്തിനും വനം വകുപ്പു ജീവനക്കാർക്കും അനുമതി കൊടുത്ത കാര്യം അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്; അതുപോലെ, തിരുവനന്തപുരത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വലിയ ശല്യമുണ്ടാക്കിയ ഒരു കുരങ്ങനെ കൈകാര്യം ചെയ്തതും. സുഗതകുമാരി അറിയിച്ചതനുസരിച്ച് മേനകാ ഗാന്ധി നേരിട്ട് ഇടപെട്ടെങ്കിലും ആ കുരങ്ങനെ കാട്ടിൽ കൊണ്ടുപോയി ഇല്ലായ്മ ചെയ്യാൻ വനം അധികൃതർക്ക് അദ്ദേഹം അനുവാദം കൊടുത്തു.
ഇന്ന് തെരുവുനായ് ശല്യത്തിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന ഭരണകർത്താക്കൾക്ക് മാതൃകയാണദ്ദേഹം.അദ്ദേഹത്തിന്റെ ആത്മകഥയുടെ സഹരചയിതാവാകാനുള്ള സുദീർഘമായ അഭിമുഖ സംഭാഷണങ്ങളുമായി 2016 ൽ പാലാ കൊട്ടാരമറ്റത്തുള്ള വീട്ടിൽ താമസിക്കുമ്പോഴാണ് വനസാമീപ്യമില്ലാത്ത തൃത്താലയിലെ എന്റെ അയൽപ്പക്കത്തെ കിണറ്റിൽ ഏതാനും കാട്ടുപന്നികൾ വീണ കാര്യം അറിയുന്നത്.
അക്കാര്യം പറഞ്ഞപ്പോൾ, മനുഷ്യജീവനും കൃഷിക്കും പരിഗണന കൊടുക്കാതെ കേന്ദ്ര ഫണ്ടുകളിൽ മാത്രം കണ്ണുവെച്ച് വന്യജീവി പ്രേമം നടിക്കുന്ന ഭരണകർത്താക്കളെ കർശനമായി വിമർശിച്ചു അദ്ദേഹം.എന്നാൽ, സജീവരാഷ്ട്രീയം വിട്ട് വിറയൽ രോഗവുമായി കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ വിവേകപൂർണമായ വാക്കുകൾ ആരും ചെവിക്കൊണ്ടില്ല. ഇത്തരം വാക്കുകൾ പറയാൻ ഇനി കാര്യമായി ആരും ഉണ്ടാകാനുമിടയില്ല…
പാലാ അച്ചായനായ രാഷ്ട്രീയക്കാരൻ എന്ന് പലരും മുദ്രകുത്തിയിരുന്നെങ്കിലും തന്റെ വിശ്വാസപ്രമാണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതും തന്റെ ആത്മകഥയായ “അറിയപ്പെടാത്ത ഏടുകളി” ൽ രേഖപ്പെടുത്തിയതുമായ ഒരു പ്രസ്താവന ഉദ്ധരിക്കട്ടെ: “ജന്മംകൊണ്ട് ക്രിസ്ത്യാനിയും സാംസ്കാരികമായി ഹിന്ദുവും ആത്മീയമായി ബൗദ്ധനുമാണ് ഞാൻ”.
P. V. Alby
മുന്‍മന്ത്രി പ്രൊഫ. എന്‍ എം ജോസഫ് അന്തരിച്ചു
കോട്ടയം: മുന്‍മന്ത്രിയും ജനതാദള്‍ എസ് നേതാവുമായ പ്രൊഫ. എന്‍ എം ജോസഫ് അന്തരിച്ചു. 79 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു.
1987 മുതല്‍ 1991 വരെ വനം വകുപ്പ് മന്ത്രിയായിരുന്നു. ജനതാദള്‍ സംസ്ഥാന പ്രസിഡന്റും സെക്രട്ടറി ജനറലുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എം പി വീരേന്ദ്രകുമാര്‍ മന്ത്രിയായശേഷം 48 മണിക്കൂറിനകം രാജിവെച്ചതിനെത്തുടര്‍ന്നാണ് എന്‍ എം ജോസഫ് മന്ത്രിയാകുന്നത്.
1987ല്‍ പൂഞ്ഞാറില്‍നിന്ന് ജനതാപാര്‍ട്ടി പ്രതിനിധിയായാണ് എന്‍ എം ജോസഫ് നിയമസഭയിലെത്തിയത്. പി സി ജോര്‍ജിനെയാണ് ജോസഫ് പരാജയപ്പെടുത്തിയത്. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, പാലാ മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, എകെപിസിടിഎ ജനറല്‍ സെക്രട്ടറി, ജനതാപാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1943 ഒക്‌ടോബര്‍ 18 ന് ജോസഫ് മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകനായിട്ടാണ് ജോസഫിന്റെ ജനനം. ബിരുദാനന്തര ബിരുദധാരിയാണ്. ‘അറിയപ്പെടാത്ത ഏടുകള്‍’ ആണ് എന്‍ എം ജോസഫിന്റെ ആത്മകഥ. സംസ്‌കാരം നാളെ പാലാ കടപ്പട്ടൂരില്‍ നടക്കും.