
”ഇടുക്കിയെക്കുറിച്ച് പറയാൻ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ”||ടോമിൻ ജെ തച്ചങ്കരി IPS (ഡിജിപി )
ഇടുക്കിയെക്കുറിച്ച് പറയാൻ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.
തൊടുപുഴക്കടുത്ത് കലയന്താനിയിലാണ് ഞാൻ ജനിച്ചുവളർന്നത്. എന്റെ അമ്മ കലയന്താനി ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ് ആയിരുന്നു. കലയന്താനി ക്രിസ്ത്യൻ പള്ളിക്കടുത്തായിരുന്നു ഞങ്ങളുടെ വീട്. എന്റെ കലയും സംഗീതവുമെല്ലാം രൂപപ്പെട്ടതിന്റെ പശ്ചാത്തലം ആ പള്ളിയും പ്രദേശവുമാണ്.
വൈകുന്നേരങ്ങളിൽ പള്ളിയിൽ ആരാധനയുണ്ടാകും. അൾത്താര ബാലനായിരുന്നു ഞാൻ. പള്ളി ക്വയറിൽ തബലിസ്റ്റായി ഞാനും ഉണ്ടായിരുന്നു. ആലക്കോട് ഇൻഫൻറ് ജീസസ് എൽ.പി സ്കൂളിലും കലയന്താനി സെന്റ് ജോർജ് ഹൈസ്കൂളിലുമാണ് പഠിച്ചത്.
പിന്നീട് ചങ്ങനാശ്ശേരിയിലേക്ക് താമസം മാറി. എന്റെ പിതാവ് എക്സൈസ് ഇൻസ്പെക്ടറായിരുന്നു. പീരുമേട്ടിൽനിന്നാണ് അദ്ദേഹം വിരമിച്ചത്. കാട്ടുപണിക്കാരെപ്പോലെ ജോലി ചെയ്യുന്നവരും മനസ്സുകൊണ്ട് ശുദ്ധരുമാണ് ഇടുക്കി ജില്ലയിലെ ആളുകൾ. ഉള്ളിന്റെയുള്ളിൽ നിഷ്കളങ്കതയുള്ളവർ. ഇടുക്കിക്കാർ പൊതുവെ ആജാനബാഹുക്കളാണ്.
കുടിയേറിപ്പാർത്തതിന്റെ ഒരുപാട് സവിശേഷതകൾ ഇടുക്കിയിൽ കാണാം. ജവാൻ സിറ്റി, കുവൈത്ത് സിറ്റി, മൈക്ക് സിറ്റി എന്ന പേരുകളൊക്കെ അങ്ങനെ വന്നതാണ്. വൈകീട്ട് സിറ്റിക്കിറങ്ങുക എന്നുപറഞ്ഞാൽ അത് ഒരു ചായക്കടയും മുറുക്കാൻ കടയുമുള്ള സ്ഥലമായിരിക്കും
.
സ്വന്തം നാട്ടിൽ എസ്.പിയായി ജോലി ചെയ്യാനും എനിക്ക് ഭാഗ്യം ലഭിച്ചു. അവിടെനിന്ന് സ്ഥലം മാറ്റപ്പെട്ടപ്പോൾ നാട്ടുകാരുടെ സ്നേഹം അനുഭവിച്ചറിഞ്ഞതാണ്.എസ്.പിയായിരിക്കെ കഞ്ചാവുവേട്ടക്ക് മറയൂരിലെയും മാങ്കുളത്തെയും മലകൾ കയറിയിറങ്ങിയതെല്ലാം ഓർമയിലുണ്ട്. പൈനാവിൽ കുറച്ചുനാൾ താമസിച്ചിട്ടുണ്ട്.
ഇടുക്കി എന്ന് കേൾക്കുമ്പോൾ എപ്പോഴും ഗൃഹാതുരത്വം തോന്നാറുണ്ട്. ഇടുക്കിയുമായി ബന്ധപ്പെട്ട സിനിമകളൊക്കെ കാണും. എറണാകുളത്തെ എന്റെ റിയാൻ സ്റ്റുഡിയോയിൽ കൂടുതലും ഇടുക്കിയിൽ നിന്നുള്ളവരാണ്. അവർ ആത്മാർഥതയോടെ ഇപ്പോഴും എന്റെ കൂടെനിൽക്കുന്നു. ഇടുക്കിക്കാരനാണെന്നും തൊടുപുഴക്കാരനാണെന്നുമൊക്കെ പറയുമ്പോൾ അറിയാതെ എന്റെ മനസ്സ് ഇപ്പോഴും പുളകിതമാകും.”
ടോമിൻ ജെ തച്ചങ്കരി IPS (ഡിജിപി )

