
കനത്ത മഴയെ തുട൪ന്ന് എറണാകുളം ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴക്കെടുതി നേരിടാനായി ജില്ലയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്വീകരിച്ച ക്രമീകരണങ്ങൾ വിലയിരുത്തി.
വിവിധ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഓൺലൈൻ യോഗത്തിൽ അടിയന്തര സാഹചര്യം നേരിടാ൯ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നി൪ദേശം നൽകിയിട്ടുണ്ട്.അപകടകരമായ സാഹചര്യത്തിൽ താമസിക്കുന്ന എല്ലാവരെയും മാറ്റിപ്പാ൪പ്പിക്കും. ജില്ലയിൽ വിവിധ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂ൪ത്തിയായി. ട്രോളിങ് നിരോധനം നീക്കിയെങ്കിലും ശക്തമായ കാറ്റും മഴയും നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യ ബന്ധന തൊഴിലാളികൾ കടലിൽ പോകുന്നത് നിരോധിച്ചു. കടലിൽ പോയിരിക്കുന്ന മത്സ്യ ബന്ധന തൊഴിലാളികളോട് എത്രയും വേഗം മടങ്ങി വരാൻ നിർദേശം നൽകിയിട്ടുണ്ട്.

ജില്ലയിലെ ഡാമുകളിലെയും പുഴകളിലെയും ജലനിരപ്പ് സംബന്ധിച്ച് നിലവിൽ ആശങ്കപ്പെടേണ്ടതില്ല. ഭൂതത്താ൯കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി എൻ. ഡി. ആർ. എഫ് സംഘം തിങ്കളാഴ്ച രാത്രിയോടെ ജില്ലയിലെത്തും. കണയന്നൂർ താലൂക്ക് ഓഫീസർക്കാണ് ക്രമീകരണ ചുമതല. തൃക്കാക്കര യൂത്ത് ഹോസ്റ്റലിലാകും ഇവ൪ ക്യാംപ് ചെയ്യുക. കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. റോഡുകളിൽ ഉണ്ടാവുന്ന വെള്ളക്കെട്ടുകൾ ഓടകൾ വഴി കൃത്യമായി കനാലുകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് നിർദേശിച്ചു. നഗരത്തിലെ ഗതാഗത നിയന്ത്രണം ഉറപ്പാക്കാൻ പോലിസ് ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ നൽകണം. അപകടകരമായ സാഹചര്യങ്ങളിൽ താമസിക്കുന്ന മുഴുവൻ ആളുകളെയും മാറ്റി താമസിപ്പിക്കണമെന്നും നിർദേശം

മലയോര മേഖലകളിൽ ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളിൽ പഞ്ചായത്ത്,വില്ലേജ് തല ഉദ്യോഗസ്ഥരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികളോടും സജ്ജമായിരിക്കണമെന്നും നിർദേശിച്ചു.കോതമംഗലം -ഇടുക്കി റോഡിൽ നീണ്ടപാറ പ്രദേശത്ത് മണ്ണിടിച്ചിൽ സാധ്യത ഉള്ള പ്രദേശങ്ങൾ പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്. അപകട സാധ്യത കണക്കിലെടുത്തു ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനം നിർത്തി വെച്ച് ഉത്തരവായി.

ജില്ലയിലെ എല്ലാ പ്രധാന നദികളും കൈവഴികളും കനാലുകളും ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയാണ്. മുൻ വർഷങ്ങളിൽ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിലെ നിലവിലെ അവസ്ഥ നിരീക്ഷിച്ചു വരികയാണ്. വെള്ളക്കെട്ട് സാധ്യത ഉള്ള പ്രദേശങ്ങളിൽ ക്യാമ്പുകൾക്കായുള്ള സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. താലൂക്ക് തലത്തിലും ജില്ലാ തലത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തിപ്പിക്കും. ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാരും അവധികൾ റദ്ദാക്കി ജോലിയിൽ തിരികെ പ്രവേശിക്കണം. ദൂരെ സ്ഥലങ്ങളിൽ താമസിക്കുന്ന മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ ഓഫീസുകൾക്ക് അടുത്ത് തന്നെ താമസിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

റോഡുകളിലെ കുഴികൾ അടക്കാനും മുന്നറിയിപ്പ് നൽകാനുമുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ജില്ലക്കുള്ളിലും ജില്ലക്ക് സമീപവുമുള്ള ഡാമുകളിൽ നിലവിൽ ജലനിരപ്പ് നിയന്ത്രണവിധേയമാണ്. ഡാമുകളിലെ ജലനിരപ്പും നദികളിലെ ജലനിരപ്പും വിവിധ പ്രദേശങ്ങളിൽ നിരീക്ഷിച്ചു വരികയാണ്. ഉൾപ്രദേശങ്ങളിലേക്കുള്ള ആശയവിനിമയം സംബന്ധിച്ച് പരിശോധന നടത്തുന്നുണ്ട്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മുഴുവ൯ ക്രമീകരണങ്ങളും റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ഏകോപിപ്പിക്കുന്നുണ്ട്. പോലീസിന്റെ നേതൃത്വത്തിലുള്ള കൺട്രോൾ റൂമും പ്രവ൪ത്തനമാരംഭിച്ചിട്ടുണ്ട്.
മുല്ലശ്ശേരി കനാലിലെ വെള്ളക്കെട്ട് ഒഴിവാക്കാ൯ ഫയ൪ ഫോഴ്സിന്റെ നേതൃത്വത്തിൽ വെള്ളം പമ്പ് ചെയ്ത് കളഞ്ഞിട്ടുണ്ട്. ഇതുവഴി വെള്ളക്കെട്ട് കുറയ്ക്കാനും സാധിച്ചു. സിവിൽ വോളന്റിയേഴ്സിന്റെ സഹകരണവും ഫയ൪ ഫോഴ്സ് ഏകോപിപ്പിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടായിരിക്കണം ദുരിതാശ്വാസ പ്രവ൪ത്തനങ്ങൾ നടത്തേണ്ടത്. വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാ൯ ഇറിഗേഷ൯ വകുപ്പ് സൂപ്രണ്ടിംഗ് എ൯ജിനീയ൪മാ൪ക്ക് നി൪ദേശം നൽകിയിട്ടുണ്ട്. പെരിയാറിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിനായി മൂന്ന് എക്സിക്യൂട്ടീവ് എ൯ജിനീയ൪മാരെയും നിയോഗിച്ചിട്ടുണ്ട്.

കൊച്ചി മേഖലയിൽ കടൽക്ഷോഭ സാധ്യതാ പ്രദേശങ്ങളിലും ആവശ്യമായ മു൯കരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ക്യാംപുകളും സജ്ജമാണ്. ആശുപത്രികളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏ൪പ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസ൪ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എ. ഡി. എം എസ് ഷാജഹാൻ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ട൪ കെ. ഉഷ ബിന്ദു മോൾ, തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാർ, റവന്യൂ ഉദ്യോഗസ്ഥർ, ഫയർ ഫോഴ്സ്, പോലീസ്, തദ്ദേശ സ്വയം ഭരണ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Collector, Ernakulam