ഇന്ത്യൻ ശിക്ഷാ നിയമം 1860|1860 ഒക്ടോബർ ആറിനാണ് ഇന്നുള്ള ഇന്ത്യൻ ശിക്ഷാ നിയമം അംഗീകരിക്കപ്പെട്ടത്.

Share News

നിയമം നിലവിൽ വന്നതാകട്ടെ, 1862 ജനുവരി ഒന്ന് മുതല്ക്കും. ഇന്ത്യയിൽ ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവർക്ക് നൽകപ്പെടുന്ന ശിക്ഷകളെപ്പറ്റി പ്രതിപാദിക്കുന്ന ഏകീകൃത കോഡ് ആണിത്.ഇന്ത്യയ്ക്ക് പൊതുവായി ഒരു ശിക്ഷാനിയമം ആവശ്യമായതിനാൽ നിയമമാക്കപ്പെട്ട ഒരുകൂട്ടം നിയമങ്ങൾ അടങ്ങിയതാണ്‌ ഇന്ത്യൻ ശിക്ഷാനിയമം 1860.

പഴയ ശിക്ഷാ നിയമം ഇപ്പോൾ പരിഷ്കരിച്ച് ‘ഭാരതീയ നിയമ സംഹിത’ ആക്കുവാൻ ആണല്ലോ പുതിയ നീക്കം. ശിക്ഷാ നിയമത്തിൽ പറഞ്ഞിട്ടുള്ളതിനു വിരുദ്ധമായോ വീഴ്ചവരുത്തിയോ ഇന്ത്യയ്ക്കുള്ളിൽ പ്രവർത്തിച്ച് കുറ്റക്കാരനാകുന്ന ഏതൊരു വ്യക്തിയേയും ഈ നിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച് ശിക്ഷാർഹനായി തീരും. ഒരു വിദേശി ഇന്ത്യയിൽ വെച്ചു കുറ്റകൃത്യങ്ങൾ നടത്തിയാലും ഇന്ത്യൻ പൗരൻ വിദേശത്ത് വച്ച് കുറ്റകൃത്യം ചെയ്താലും ഈ നിയമം ബാധകമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാനിയമത്തിൽ 511 ക്രമനമ്പർ വകുപ്പുകളുണ്ട്. ഭേദഗതികളിൽ ഇടയ്ക്ക് ഉപവകുപ്പുകൾ ചേർത്തുവെങ്കിലും ക്രമനമ്പർ മാറ്റപ്പെട്ടിട്ടില്ല. ഈ വകുപ്പുകളിലായി ക്രിമിനൽ കുറ്റങ്ങളെ വിവിധരീതിയിൽ വേര് തിരിച്ച് അവയ്ക്കു നൽകപ്പെടേണ്ട ശിക്ഷകൾ ക്രമപ്പെടുത്തിയിരിക്കുന്നു.

ലോകത്ത് ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലും ഇതുപോലെ പീനൽകോഡുകൾ നിലവിലുണ്ട്. ഇഗ്ലണ്ടിൽ ലിഖിത നിയമസംഹിതയില്ല. കീഴ് നടപ്പുകളുടെയും ആചാരാനുഷ്ടാനങ്ങളുടെയും അടിസ്ഥാനത്തിൽ ശിക്ഷാർഹങ്ങളായി കണക്കാക്കപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങളെ ആണ് ക്രിമിനൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടുള്ളത്. അത്തരം ഓരോ കുറ്റകൃത്യത്തിനും ആധാരമായി ഓരോ പാർലമെന്ററി നിയമം അവിടെ ഉണ്ടായിരിക്കും. എന്നാൽ ഇന്ത്യയിലാണ് ഇത്തരം നിയമങ്ങളെല്ലാം ഒന്നാക്കി ക്രോഡീകരിച്ചത്.

1834-ൽ പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ ലാ കമ്മിഷനാണ് പീനൽ കോഡിന്റെ നിർമ്മാതാക്കൾ.

കമ്മിഷനിലെ അംഗങ്ങൾ മെക്കാളെ, മക്ളിയോട്, അൻഡേഴ്സൺ, മില്ലെ എന്നീ നാലുപേരായിരുന്നു; എങ്കിലും ഇതിന്റെ പ്രധാന ശില്പി മെക്കാളെ പ്രഭു തന്നെയായിരുന്നു. മെക്കാളെയും കൂട്ടരും ഇതിൽ കുറ്റകൃത്യങ്ങൾ സസൂക്ഷ്മം നിർ‌‌വചിക്കുകയും തുല്യസ്വഭാവമുള്ള കുറ്റങ്ങൾ പരസ്പരം വേർതിരിച്ചു കാണിക്കുകയും ചെയ്തു.

സമഗ്രമായ ഒരു നിയമസം‌‌വിധാനമെന്നതിനു പുറമേ, മികച്ച ഒരു ഡ്രാഫ്റ്റിങ് എന്ന നിലയിലും പീനൽ കോഡ് സ്വീകാര്യമായിതന്നെ നിലകൊള്ളുന്നു. ഇത്ര മികച്ച ഡ്രാഫ്റ്റിങ് ഉള്ള ഒരു നിയമത്തെ പുതിയ നിയമ സംഹിത കൊണ്ട് ഈ വർഷം തിരുത്തിയെഴുതുവാനാണ് നിലവിൽ നീക്കം.

നിയമ🎓ബോധി

Share News