ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കു ചുവടു പിഴക്കുന്നോ?|.. ഇന്ത്യ എന്ന വികാരത്തിൽ മൈനോരിറ്റിയും മജോറിറ്റിട്ടിയും എന്ന വേർതിരിവ് ഉണ്ടാവുകയില്ല, ഉണ്ടാക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും പ്രസ്ഥാനവും ആഗ്രഹിക്കുകയുമരുത്. അതിനായി പരിശ്രമിക്കുകയുമരുത്.

Share News

കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ ജമ്മു – കാശ്മീരിനു പഴയതുപോലെ ആർട്ടിക്കിൾ 370 പുനസ്ഥാപിച്ചു കൊടുക്കും എന്ന പ്രഖ്യാപനം നടത്തി ഭാരത് ജോഡോ യാത്രയുടെ ശോഭ കെടുത്താൻ രാഹുലിനെ പ്രേരിപ്പിച്ച ഘടകം എന്താണ്‌? പഴയ തിരുവിതാംകൂറും, ഹൈദ്രാബാദും ജമ്മു – കാശ്മീരിനെപോലെ ഇന്ത്യയുടെ ഉള്ളിൽ ഇന്ത്യയല്ലാത്ത സ്വതന്ത്ര രാജ്യങ്ങളായി നിലനിൽക്കാനുള്ള അവകാശത്തിനുവേണ്ടി വാദിച്ച പ്രദേശങ്ങളായിരുന്നു! അവയ്ക്ക് എന്തു സംഭവിച്ചു എന്ന് ചരിത്രം പഠിക്കുന്ന ഓരോ ഇന്ത്യക്കാരനും അറിയാം. ജമ്മു -കശ്മീർ മാത്രം എന്തുകൊണ്ട് ഇന്ത്യയുടെ ‘അവിഭാജ്യ ഘടക’മായില്ല എന്നതിനുള്ള ‘രാഷ്ട്രീയ കാരണങ്ങൾ’ കോൺഗ്രസ്സ് വിലയിരുത്തണം. ഇന്ത്യക്കുള്ളിൽ ഇന്ത്യയല്ലാത്ത ഒരു പ്രദേശമായി ‘ജമ്മു – കാശ്മീർ’ നിലനിന്നതിന്റെ രാഷ്ട്രീയ കാരണങ്ങൾ കോൺഗ്രസ്സ് പരിശോധിക്കണം. അതിനു ഹരിസിങ്ങനെയോ പാട്ടേലിനെയോ ഗാന്ധിജിയെയോ കുറ്റപ്പെടുത്താൻ കഴിയുമോ? ജമ്മു -കാശ്മീരിനു മാത്രമായി അങ്ങനെ ഒരു വേറിട്ട അസ്തിത്വം രാഷ്ട്രീയമായി ഇന്ത്യയെ ശക്തിപ്പെടുത്തുമോ? ഇന്ത്യയിലെ മുസ്ലീങ്ങൾ ഇന്ത്യയിൽനിന്നു വേറിട്ട അത്തരം ഒരു അസ്തിത്വം ഇന്ത്യയിൽ ഏതെങ്കിലും ഒരു പ്രദേശത്തിനുണ്ടാകണം എന്നാഗ്രഹിക്കുന്നുണ്ടോ? പിന്നെ ആർക്കുവേണ്ടിയാണ് ഇന്ത്യയെ അസ്ഥിരപ്പെടുത്തുന്ന അത്തരം ഒരു ആവശ്യം താങ്കൾ ഉന്നയിക്കുന്നത്?

രാഷ്ട്രീയമായി ഇന്ത്യയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽനിന്നും ഒഴിവാകാൻ താങ്കൾ ആഗ്രഹിക്കുകയാണോ? പ്രതീക്ഷയോടെ ഭാരത് ജോഡോ യാത്രയെ നോക്കിക്കണ്ടിരുന്ന ഇന്ത്യയിലെ നാനാജാതിമതസ്ഥരായ ജനങ്ങളെ നിരാശപ്പെടുത്തുന്ന ഈ പ്രഖ്യാപനം താങ്കൾ എന്തിനാണ് നടത്തിയത്? അത് ഇന്ത്യയെ ശക്തിപ്പെടുത്തുമെന്നു താങ്കൾ കരുതുന്നുണ്ടോ? അതോ ഇന്ത്യയെ പിന്നിലേക്ക് നടത്താൻ താങ്കൾ ആഗ്രഹിക്കുകയാണോ? അങ്ങനെ ആഗ്രഹിച്ചാലും, ഒരു കാര്യം താങ്കൾ അറിഞ്ഞിരിക്കണം: ചരിത്രം പിന്നോട്ടല്ല, മുന്നോട്ടാണ് നടക്കുക. ഇന്ത്യയിലെ ജനങ്ങളും ചരിത്രത്തോടൊപ്പം മുന്നോട്ടു നടക്കാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യ എന്ന വികാരത്തിൽ മൈനോരിറ്റിയും മജോറിറ്റിട്ടിയും എന്ന വേർതിരിവ് ഉണ്ടാവുകയില്ല, ഉണ്ടാക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും പ്രസ്ഥാനവും ആഗ്രഹിക്കുകയുമരുത്. അതിനായി പരിശ്രമിക്കുകയുമരുത്.

രാഹുൽ ജീ, താങ്കൾ പരാജയപ്പെടരുത്! ഇന്ത്യ എന്ന ആശയത്തെ പരാജയപ്പെടുത്തരുത്. നാനാ ജാതി മത വിഭാഗങ്ങളിൽപ്പെട്ട, ഞങ്ങൾ, ഇന്ത്യക്കാരെ നിരാശപ്പെടുത്തുകയും ചെയ്യരുത്! 🙏

ഫാ. വർഗീസ് വള്ളിക്കാട്ട്

Share News