കേരളത്തിന്റെ ആരോഗ്യം അത്ര കേമമാണോ? അല്ലെന്ന് പറയുന്നതിൽ തെല്ലും രാഷ്ട്രീയമില്ല.|ഡോ .സി ജെ ജോൺ

Share News

കേരളത്തിന്റെ ആരോഗ്യം അത്ര കേമമാണോ?

അല്ലെന്ന് പറയുന്നതിൽ തെല്ലും രാഷ്ട്രീയമില്ല. എത്ര പേർക്കാണ് ഫാറ്റി ലിവർ?

എത്ര സ്ത്രീകൾക്കാണ് പി. സി. ഓ. ഡി?

ക്യാൻസർ തോത് കൂടുന്നില്ലേ?

പ്രമേഹവും ഹൃദ്രോഗവും കൊടി കുത്തി വാഴുകയാണ്. ഇതിനെല്ലാം പുറമെയാണ് ഡെങ്കുവും, മറ്റ് പകർച്ചവ്യാധികളും.

ഇതിനൊക്കെ ചികിത്സയുമായി സർക്കാരിന്റെയും, സ്വകാര്യ ആരോഗ്യ മേഖലയിലെയും ആളുകൾ ഓടിയെത്തുന്നുണ്ട്.കാരുണ്യയുണ്ട് . മെഡിസെപ്പുണ്ട്. ഒക്കെ കൊള്ളാം. അതൊക്കെ ബെസ്റ്റായി തന്നെ സംഭവിക്കുന്നു.

എന്നാൽ മേൽ വിവരിച്ച പോലെയുള്ള രോഗങ്ങൾ എന്ത് കൊണ്ട് വർദ്ധിക്കുന്നുവെന്നതിനെ കുറിച്ച് ഗൗരവത്തോടെയുള്ള പഠനങ്ങളുണ്ടോ? ലൈഫ് സ്റ്റൈൽ എന്ന മൂടുപടമിട്ട് ന്യായികരിക്കേണ്ട വിഷയമല്ലിത്. ഒരു ലൈഫ് സ്റ്റൈൽ പ്രശ്നവും ഇല്ലാത്ത എത്ര പേരാണ് ഇതിൽ പെടുന്നത്. എന്ത് കൊണ്ട്? പ്രകൃതി മലിനമായത്‌ കൊണ്ടാണോ?

ഇവിടെ എത്തുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ കുഴപ്പം ഉള്ളത് കൊണ്ടാണോ?ഭക്ഷണ രീതിയിലെ ശൈലി മാറ്റത്തെ ചൂഷണം ചെയ്യാൻ അവതരിക്കുന്ന ചേരുവകളിൽ എന്തൊക്കെ രോഗ സാധ്യതകളെന്ന് പഠിച്ച് പൊതുജനങ്ങൾക്കായി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകേണ്ടേ?

ഗവേഷണത്തിലൂടെ അന്വേഷിച്ചാൽ മാത്രമേ ഇതൊക്കെ കണ്ടെത്താൻ കഴിയൂ. പ്രതിരോധം തീർക്കാനാകൂ.

വൈദ്യ ശാസ്ത്ര മേഖലയിൽ നിന്നും ഗവേഷണത്തിൽ കേരളത്തിന്റെ സംഭാവന എത്രയാണ്?

അതും കൂടി ചേർത്താലല്ലേ കേരളം ആരോഗ്യ മേഖലയിൽ കേമമെന്ന്‌ പറയാനാകൂ?

പ്രതിരോധ കുത്തിവയ്പ്പൊക്കെ നൽകി ഒരുക്കിയെടുത്ത കുട്ടികളുടെ തലമുറ വളര്‍ന്ന് വരുമ്പോൾ രോഗം വിതയ്ക്കുന്ന ഒരു പരിസരമാണോ കാത്തിരിക്കുന്നത്?

ലഹരിയുടെ കാറ്റ് വേറെ. വേണ്ടേ ഒരു സമഗ്ര ആക്ഷൻ പ്ലാൻ?

(ഡോ .സി ജെ ജോൺ)

Drcjjohn Chennakkattu

Share News