
ലഹരിച്ചുഴിയില്‍ മുങ്ങി സ്ത്രീകള്‍|പ്രേമം നടിച്ചു പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തുന്നതു നിത്യസംഭവമാണ്. മയക്കുമരുന്നു നല്കി വീഴ്ത്തി പെണ്‍കുട്ടികളെ ചതിക്കുന്നതു കൂട്ടുകാരികള്‍ തന്നെയാണ്.
ലഹരിച്ചുഴിയില്‍ മുങ്ങി സ്ത്രീകള്‍
കേരളം ലഹരിച്ചുഴിയില്‍ വീണു മുങ്ങിത്താഴുന്നതു നമ്മള്‍ കണ്ടില്ലെന്നു നടിക്കുകയാണോ?

കൊച്ചുകുട്ടികള്‍ മുതല്‍ വിദ്യാസമ്പന്നര്‍ വരെ, വിദ്യാര്‍ഥികള്‍ മുതല്‍ ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ഐടി വിദഗ്ധരും വരെ, യുവാക്കള്‍ മുതല്‍ യുവതികള്‍ വരെ, സാഹിത്യകാരന്‍മാര്‍ മുതല്‍ സിനിമതാരങ്ങള്‍ വരെ ലഹരി തേടി അലയുമ്പോള്‍ കേരളം ഒന്നും കാണുന്നില്ല. കേള്‍ക്കുന്നില്ല. പ്രതികരിക്കുന്നില്ല.
എനിക്കും എന്റെ മക്കള്‍ക്കും ഒന്നും സംഭവിക്കരുത് എന്ന ഒറ്റ വാചകം മനസില്‍ ഉരുവിട്ടു കൊണ്ടു നടക്കുമ്പോള്‍ ഓര്‍ക്കേണ്ടതു നമ്മള്‍ അറിയാതെ തന്നെ നമ്മുടെ മക്കളും ലഹരിഗുളികകള്‍ നുണയുന്നുണ്ടെന്ന യഥാര്‍ഥ്യമാണ്. അല്ലെങ്കില്‍ അവരെ കെണി വച്ചുവീഴ്ത്തി എന്ന സത്യമാണ്.
കേരളത്തിലിപ്പോള്‍ ലഹരിവ്യാപാരം മറയില്ലാത്ത ബിസിനസാണ്. പഞ്ചാബ് കഴിഞ്ഞാല്‍ ഏറ്റവുമധികം ലഹരിയിടപാടുകള്‍ നടക്കുന്നതു നമ്മുടെ കൊച്ചുകേരളത്തിലാണ്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എക്‌സൈസ് വകുപ്പ് മാത്രം പിടികൂടിയത് 16,150 കിലോ മയക്കുമരുന്നാണ് എന്ന കണക്കില്‍നിന്നു മനസിലാക്കാം ഇതിന്റെ വ്യാപ്തി. ഇതിലും എത്രയോ ഇരട്ടിയാണ് വിപണിയില്‍ ഒഴുകുന്നത്. ഒന്നരവര്‍ഷത്തിനിടെ 21 വയസുതികയാത്ത 3933 വിദ്യാര്‍ഥികളെയാണ് മയക്കുമരുന്നിന് അടിമകളായി സംസ്ഥാനത്തെ വിവിധ ലഹരിവിമുക്തികേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 40 ശതമാനവും പ്രായപൂര്‍ത്തിയാകാത്തവരാണ്.2021-ല്‍ 5586 നര്‍ക്കോട്ടിക് കേസ് രജിസ്റ്റര്‍ചെയ്ത സംസ്ഥാനത്ത് ഈവര്‍ഷം നാലുമാസത്തിനകം 8124 കേസ് രജിസ്റ്റര്‍ചെയ്തു. യുവാക്കള്‍ മാത്രമല്ല നമ്മള്‍ ഞെട്ടുന്ന യഥാര്‍ഥ്യം തിരിച്ചറിയുക.നമ്മുടെ പെണ്‍മക്കള്‍ പോലും ലഹരി ഉപയോഗിക്കുകയും ലഹരികാരിയര്‍മാരായി വിലസുകയും ചെയ്യുന്ന കൊച്ചു കേരളത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അല്പം കൂടി കടന്നു പോയാല്‍ ലഹരിമാഫിയയെ നിയന്ത്രിക്കുന്ന യുവതികളുള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ പോലും വട്ടംക്കറക്കാന്‍ ലഹരിമാഫിയ കണ്ടെത്തിയ വിദ്യയാണ് സ്ത്രീകളുടെ സാന്നിധ്യം. ആരെങ്കിലും ഒറ്റിയാല്‍ മാത്രമേ ഇത്തരം കേസുകളില്‍ പരിശോധന പോലും ഉണ്ടാകുകയുള്ളൂ.അതായത് നൂറുശതമാനവും സത്യമെന്നു ബോധ്യമുള്ള കേസുകളില്‍ മാത്രമേ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കാന്‍ മുന്നിട്ടിറങ്ങൂ. പിടിക്കപ്പെട്ടാല്‍ ഇവരെ സംരക്ഷിക്കാന്‍ ഭരണത്തിലും അന്വേഷണ ഏജന്‍സികളിലും ആളുകളുള്ളതാണ് മാഫിയയുടെ വിജയം.
സ്ത്രീകളെ മറയാക്കുന്ന തന്ത്രം

ലഹരി കടത്ത് കേസില്‍ പുറത്തു വരുന്ന സ്ത്രീകളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.പിടിയിലാകുന്ന സ്ത്രീകളാകട്ടെ 20 മുതല്‍ 25 വയസ് വരെ പ്രായമുള്ള യുവതികളാണ്. പ്രേമം നടിച്ചു വിദ്യാര്‍ഥിനികളെയും യുവതികളെയും വീഴ്ത്തുന്ന സംഘം ലഹരിക്കടിമയാക്കി രംഗത്തിറക്കുകയാണ്. എംഡിഎംഎ (മെത്തലിന്‍ ഡയോക്‌സി മെത്താംഫെറ്റമിന്‍), ഹഷീഷ് ഒായില്‍, എല്‍എസ്ഡി സ്റ്റാംപ് (ലൈസര്‍ജിക് ഡൈ ആസിഡ് എത്തിലമൈഡ്) എന്നിവ കടത്തുന്ന സംഘങ്ങളിലാണ് യുവതികളുടെ സാന്നിധ്യം കൂടുതലായും കാണപ്പെടുന്നത്. അതില്‍ എംഡിഎംഎ ഉപയോഗിക്കുന്നവരും വില്‍ക്കുന്നവരുടെ എണ്ണമാണ് അധികമെന്നും നര്‍ക്കോട്ടിക്ബ്യൂറോ, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്ഇന്റലിജന്‍സ് വിഭാഗങ്ങള്‍ വ്യക്തമാക്കുന്നത്.
കഞ്ചാവ് കേസില്‍ പിടിക്കപ്പെടുന്ന ബഹു ഭൂരിപക്ഷം സ്ത്രീകളും ഇതര സംസ്ഥാന തൊഴിലാളികളോ മോശം ജീവിത ചുറ്റുപാടുകളോ ഉള്ളവരാണ്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അതല്ല. പ്രഫഷണല്‍ കോഴ്‌സ് വിദ്യാര്‍ഥിനികള്‍ , കോളജ് വിദ്യാര്‍ഥികള്‍, ഐടി മേഖലയില്‍ അടക്കം ജോലി ചെയ്യുന്നവരാണ് ഇന്നു മയക്കുമരുന്നു സംഘത്തിലുള്ളത്. കുടുംബമെന്ന തോന്നല്‍ ഉണ്ടാക്കി അന്വേഷണസംഘത്തെ കബളിപ്പിക്കാനാണ് പെണ്‍കുട്ടികളെയും സംഘത്തില്‍ ഉള്‍പ്പെടുത്തുന്നത്. പലയിടത്തും ഈ പരീക്ഷണം വിജയിച്ചതോടെയാണ് പെണ്‍കുട്ടികളെ കൂടുതലായും സംഘത്തിലേക്ക് എത്തിച്ചു തുടങ്ങിയത്. വാഹനത്തിലാണെങ്കിലും ലോഡ്ജിലാണെങ്കിലും സ്ത്രീകളുടെ സാന്നിധ്യമാണ് ലഹരിക്കടത്തുകാര്‍ക്കു ബലം പകരുന്നത്. കേരളത്തിനുടനീളം ലഹരിക്കടത്തില്‍ യുവതികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് എക്‌സൈസ് ഹൈക്കോടതിയെയും അറിയിച്ചിരുന്നു. എക്‌സൈസ് സംഘത്തിന്റെ വിശദമായ അന്വേഷണത്തില്‍ കോവിഡ് കാലത്താണ് സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനവ് സംഭവിച്ചത്. ഭാര്യാഭര്‍ത്താക്കന്മാരെന്ന വ്യാജേന മുറിയെടുക്കുകയും അതു വഴി കഞ്ചാവ് വില്‍പ്പനയും ലഹരിമരുന്ന് കടത്തും സജീവമാകുകയാണ്. പതിനെട്ട് വയസ് കഴിഞ്ഞാല്‍ പിന്നെ ഹോട്ടലുകളില്‍ റെയ്ഡിനും മറ്റും പോലീസ് എത്തില്ലെന്നതാണ് സ്ത്രീകളെ കൂടുതല്‍ ഇറക്കാന്‍ കാരണം. സ്ത്രീകളുമായി യാത്ര ചെയ്യുമ്പോള്‍ അത്ര പെട്ടെന്ന് പോലീസ് പിടികൂടാനുള്ള സാധ്യതയില്ലാത്തതും ഇവരെ കൂടുതല്‍ ഉപയോഗിക്കുന്നതിനു കാരണമാകുന്നു. യുവതികള്‍ ശരീരത്തില്‍ ലഹരിമരുന്ന് ഒളിപ്പിച്ചു കൊണ്ടുവരുന്നത് വ്യാപകമാണിപ്പോള്‍. എംഡിഎംഎ, സ്റ്റാംപുകള്‍ എന്നിവ രഹസ്യഭാഗങ്ങളില്‍ സൂക്ഷിക്കുന്നതും നിത്യസംഭവമാണ്.ഒരു ഉദ്യോഗസ്ഥരും പരിശോധനക്കൊന്നും തയാറാകില്ല. ഇതെല്ലാം ലഹരിമാഫിയയുടെ കച്ചവടതന്ത്രമാണ്.
ചതിക്കപ്പെടുന്ന യുവതികള്‍
പ്രേമം നടിച്ചു പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തുന്നതു നിത്യസംഭവമാണ്. മയക്കുമരുന്നു നല്കി വീഴ്ത്തി പെണ്‍കുട്ടികളെ ചതിക്കുന്നതു കൂട്ടുകാരികള്‍ തന്നെയാണ്. ലഹരി മരുന്ന് വാങ്ങാന്‍ പണം തികയാതെ വരുമ്പോഴാണ് പലരും ലഹരിക്കടത്തിലേക്ക് നീങ്ങുന്നത്. ചെറിയ ഇടപാടുകള്‍ക്ക് പോലും കൈനിറയെ പണം നല്‍കും. ആഴ്ചയില്‍ നല്ലൊരു തുക ലഭിച്ചു തുടങ്ങുന്നതോടെ ലഹരി മാഫിയയുടെ പിടുത്തത്തില്‍ നിന്ന് മോചനമുണ്ടാകില്ല. ചതിയില്‍പ്പെട്ടു സംഘത്തിലെത്തപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു വിധത്തിലും രക്ഷപ്പെടാനും സാധിക്കില്ല. ശാരീരികമായും മാനസികമായും പീഡനം ഏറ്റുവാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. മാതാപിതാക്കളെ പോലും ഉപേക്ഷിച്ചൂ പ്രേമിക്കുന്ന യുവാവിന്റെ കൂടെ പോകുന്ന പെണ്‍മക്കളുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം തൊടുപുഴയിലെ ലോഡ്ജില്‍ അഞ്ചു ലക്ഷം രൂപയുടെ എംഡിഎംഎയുമായി പിടിയിലായ കോതമംഗദലം നെല്ലിക്കുഴിസ്വദേശിനി അക്ഷയയുടെ കരച്ചില്‍ കേരളം കേട്ടതാണ്. വാവിട്ടു കരയുന്ന പെണ്‍കുട്ടി ചതിക്കപ്പെടുകയായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ അലറിക്കരയുന്ന യുവതിയെ രക്ഷിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയാണ്. നന്നായി പാട്ടുപാടുകയും പ്രസംഗിക്കുകയും കലാമത്സരങ്ങളില്‍ ട്രോഫികള്‍ വാരികൂട്ടുകയും നന്നായി പഠിക്കുകയും ചെയ്തിരുന്ന പെണ്‍കുട്ടി, കൊച്ചിയില്‍ ജോലിക്കു പോയപ്പോള്‍ യൂനസുമായി പ്രേമിക്കുകയായിരുന്നു. വിവാഹം കഴിക്കില്ലെന്നു മുഖത്തു നോക്കി പറഞ്ഞതാണ് യൂനസ്. എന്നിട്ടും മാതാപിതാക്കളെ ധിക്കരിച്ചു അവന്റെ കൂടെ പോയ പെണ്‍കുട്ടിയേയാണ് അവന്‍ മയക്കുമരുന്നു വില്പനയിലേക്കു കൂട്ടി കൊണ്ടു പോയത്. ഇത്തരം ആളുകള്‍ക്കു ലക്ഷ്യം ഒന്നു മാത്രം, തന്റെ ചോല്‍പ്പടിക്കു നില്‍ക്കുന്ന പെണ്‍കുട്ടികളെ മതി. ഇവനെ പോലെയുള്ളവര്‍ സ്വന്തം രക്തബന്ധത്തിലുള്ള ഒരു പെണ്‍കുട്ടിയേയും ലഹരിക്കച്ചടവടത്തിലേക്ക് കൊണ്ടുവരില്ല. ലഹരിക്കടിമയാക്കി അവന്‍ കച്ചവടം കൊഴുപ്പിക്കും. ഇതു പോലെ ആലപ്പുഴയിലും സംഭവിച്ചതു കേരളം കണ്ടതാണ്. യുവാവിനൊപ്പം നാടുവിട്ട പ്‌ളസ്ടു വിദ്യാര്‍ത്ഥിനി വിവാഹിതയായി. അടുത്ത ദിവസം ഈ ദമ്പതികളെ ലഹരിമരുന്നുമായി കായംകുളത്ത് പോലീസ് പിടികൂടുകയായിരുന്നു.. ഏതു ചതിക്കും ക്രൂരതയ്ക്കും മാഫിയ തയാറാകുമെന്നതു കേരളം കണ്ടതാണ്. മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും നേരിട്ട ദുരന്തം മയക്കുമരുന്നു മാഫിയയുടെ സ്വാധീനശേഷിയുടെ ബാക്കിപത്രമാണ്.
ഡിജെ, മോഡലിംഗ്
കോടികള്‍ ഒഴുക്കുന്ന ബിസിനസാണ് ലഹരിക്കച്ചവടം. സംസ്ഥാനത്തെ മുന്തിയ ഹോട്ടലുകളില്‍ അരങ്ങേറുന്ന ഡിജെ പാര്‍ട്ടികള്‍ സംഗീതം അസ്വദിക്കുന്നവരുടെ കേന്ദ്രമല്ല. പകരം ലഹരി നുണയാനും പുകവലിച്ചു തള്ളാനും എത്തുന്നവരാണ്. ഇതൊന്നും അറിയാതെ വരുന്ന പെണ്‍കുട്ടികളും ഈ കൂട്ടത്തിലുണ്ട്. ഡിജെ. പാര്‍ട്ടിയുടെ മറവില്‍ വന്‍തോതില്‍ മയക്കുമരുന്നു വില്‍പന നടക്കുന്നുണ്ടെന്നു പോലീസ് കണ്ടെത്തിയതാണ്.ഫോട്ടോഷൂട്ടിനെത്തിയ കോഴിക്കോടു സ്വദേശിയായ ഇരുപത്തേഴുകാരിയെ കാക്കനാടുള്ള ഹോട്ടലില്‍ കൂട്ട ബലാല്‍സംഗം ചെയ്തതു സുഹൃത്തായ യുവാവും കൂട്ടരുമാണ്. മോഡലിംഗ് ് രംഗത്തു ശ്രദ്ധിക്കപ്പെട്ടശേഷം സിനിമയിലും സീരിയലിലും എത്തുകയെന്ന മോഹത്തോടെയാണു പെണ്‍കുട്ടികള്‍ എത്തുന്നത്. ഇവരെ കെണിയില്‍ വീഴ്ത്താന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഇടപാടുകാരുമുണ്ട്. ഇവരാണു ഡിജെ. പാര്‍ട്ടികളിലേക്കും മറ്റും പെണ്‍കുട്ടികളെ കൊണ്ടുവരുന്നത്.മിക്ക ഡിജെ. പാര്‍ട്ടികളിലും പെണ്‍കുട്ടികള്‍ക്കു സൗജന്യമാണ്. പണം നല്‍കാന്‍ ആളുകളുമുണ്ട്. ആദ്യമായി വരുന്ന പെണ്‍കുട്ടിക്കു പ്രത്യേക പരിഗണനയും നല്‍കും. ഇവരൊന്നും മയക്കുമരുന്നിന് അടിമയായി കഴിഞ്ഞാല്‍ പിന്നെ രക്ഷപ്പെടുക പ്രയാസമാണ്. സ്ത്രീകളടക്കം മയക്കുമരുന്ന് വിതരണം ചെയ്യാനുണ്ടാകും. ഇവരുടെ സഹായത്തോടെയാണു യുവതികള്‍ക്കിടയില്‍ വില്‍പനയും പെണ്‍വാണിഭവും നടക്കുന്നത്.
എല്ലാറ്റിനും ഒരു പരിഹാരം വേണം
ലഹരിക്കെതിരെ ഫലപ്രദമായ ഇടപെടലുകള്‍ സ്‌കൂളുകളില്‍ നിന്ന് ആരംഭിക്കണം. സ്‌കൂള്‍ ജാഗ്രതാ സമിതികള്‍, ലഹരി വിരുദ്ധ ക്ളബുകള്‍ എന്നിവ കൂടുതല്‍ ഫലപ്രദമായി ഇടപെടണം. ചില സ്‌കൂളുകളില്‍ സംഭവങ്ങള്‍ പിടിക്കപ്പെട്ടാലും പേരുദോഷമെന്ന് കരുതി നിയമപാലകരെ അറിയിക്കില്ല. ഈ പ്രവണത ഒഴിവാക്കണം. ലഹരിയുടെ വേരുകള്‍ പൂര്‍ണമായും അറുത്തുമാറ്റിയില്ലെങ്കില്‍ അതു കൂടുതല്‍ കുട്ടികളിലേക്ക് പടര്‍ന്നു കയറുമെന്ന കാര്യം മറക്കരുത്. ലഹരിമാഫിയ മരുന്ന് കടത്തിനായി പലവിധ മാര്‍ഗങ്ങളാണ് പയറ്റുന്നത്. അതിനാല്‍, അവയെ നിയന്ത്രിക്കാനും പിടികൂടാനും അന്വേഷണ ഏജന്‍സികളും പുതിയ രീതികള്‍ അവലംബിക്കേണ്ടതുണ്ട്. ലഹരിമരുന്ന് പിടികൂടിയാല്‍ ശക്തമായ കുറ്റങ്ങള്‍ ചുമത്താന്‍ നിയമമുണ്ടെങ്കിലും അന്വേഷണങ്ങള്‍ കൃത്യമായ ഉറവിടങ്ങളിലേക്ക് എത്തുന്നില്ലെന്നതാണ് വാസ്തവം. കാരിയര്‍മാരായിരിക്കും പ്രധാനമായി പിടിയിലാകുന്നത്. ഉറവിടം തേടിയുള്ള അന്വേഷണം പാതിവഴിയില്‍ നിലയ്ക്കുന്നതാണ് സമീപകാല കാഴ്ച. പോലീസ്, എക്സൈസ്, കേന്ദ്ര നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, നര്‍ക്കോട്ടിക് സെല്‍ എന്നിവര്‍ സംയുക്തമായി അന്വേഷണ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരം കേസുകളില്‍ കോ – ഓര്‍ഡിനേഷന്റെ അഭാവമാണ് മുഖ്യപ്രതികളെ പിടികൂടാനാകാത്തതിന് കാരണം. അവര്‍ പുതിയ കാരിയര്‍മാരെ കണ്ടെത്തി മയക്കുമരുന്ന് വിപണനം തുടര്‍ന്നു കൊണ്ടേയിരിക്കും. യഥാര്‍ത്ഥത്തില്‍ മയക്കുമരുന്ന് അന്വേഷണ രീതികളില്‍ മാറ്റം അനിവാര്യമാണ്. എങ്കിലെ ചിലന്തിവല പോലെ പടരുന്ന ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാനാകൂ. എന്നാല്‍ രാഷ്ട്രീയസ്വാധീനവും ഭരണതലത്തില്‍ നിന്നുള്ള ഇടപെടലുകളും ലഹരിമാഫിയയെ സഹായിക്കുകയാണ്.
പാര്‍ട്ടിഡ്രഗ്‌സ് ആളെ കൊല്ലും
പാര്‍ട്ടി ഡ്രഗ്സ് എന്ന പേരില്‍ അറിയപ്പെടുന്ന മെത്തലിന്‍ ഡയോക്സി മെത് ആംഫ്റ്റമൈന്‍ എന്ന സിന്തറ്റിക് രാസവസ്തുവാണ് എംഡിഎംഎ.വളരെ ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ തന്നെ കൂടുതല്‍ സമയം നീണ്ടു നില്‍ക്കുന്ന ലഹരി ലഭിക്കുമെന്നതിനാല്‍ നിശാപാര്‍ട്ടികളിലെ സജീവ സാന്നിധ്യമാണ്. കൃത്രിമമായി നിര്‍മിച്ചെടുക്കുന്നു എന്ന പ്രത്യേകതയാണ് എംഡിഎംഎയ്ക്കുള്ളത്.
മോളി, എക്സ്റ്റസി എന്നാണ് പലപ്പോഴും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ ഇതിനെ വിശേഷിപ്പിക്കാറുള്ളത്. മറ്റു മയക്കുമരുന്നുകളില്‍ നിന്നു വ്യത്യസ്തമായി പെട്ടെന്നുണ്ടാകുന്ന ഉന്മാദാവസ്ഥയാണ് മയക്കുമരുന്നുകള്‍ക്ക് അടിമപ്പെട്ടവരെ എംഡിഎംഎ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഒരു തവണ ഉപയോഗിച്ചാല്‍ തന്നെ അടിമപ്പെടും. ഉപയോഗിക്കുന്ന വ്യക്തിയുടെ വിശപ്പ് കെട്ടുപോകും. ഹൃദയമിടിപ്പ് കൂടുകയും രക്തസമര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുകയും ചെയ്യും. ഉപയോഗം തുടങ്ങി കുറഞ്ഞ കാലയളവില്‍ തന്നെ വ്യക്തിയുടെ ആരോഗ്യം ക്ഷയിക്കുകയോ മരണപ്പെടുകയോ ചെയ്യാം. ഒന്നോ രണ്ടോ തവണയിലെ ഉപയോഗം കൊണ്ടുതന്നെ മാരകമായ ആസക്തി ഉണ്ടാക്കുന്നതിനാല്‍ എംഡിഎംഎ ഉപയോഗിച്ചു തുടങ്ങുന്നവര്‍ വളരെ എളുപ്പം അതിന് അടിമയാകുകയും പിന്നീട് സ്ഥിരമായി ഉപയോഗിക്കേണ്ടി വരുന്ന ഒരു മാനസികാവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്യും. അര ഗ്രാം എംഡിഎംഎ 5,000 മുതല്‍ 6000 രൂപ നിരക്കിലാണ് ചില്ലറ വില്‍പ്പന നടത്തുന്നത്. എംഡിഎംഎ വാങ്ങാന്‍ പണത്തിനായി ഇതിന് അടിമകളായവര്‍ എന്തു മാര്‍ഗവും സ്വീകരിക്കും. വിഷാദ രോഗം, ഓര്‍മ്മക്കുറവ്, കാഴ്ച ശക്തി നഷ്ടമാകല്‍, ഹൃദ്രോഗം, നാഡികളുടെ തളര്‍ച്ച എന്നിവയ്ക്ക് കാരണമാകും. തുടര്‍ച്ചയായ ഉപയോഗം വളരെപ്പെട്ടെന്ന് മറ്റ് മാരകരോഗങ്ങളിലേക്കും മരണത്തിലേക്കും വഴിതുറക്കും.

ജോണ്‍സണ്‍ വേങ്ങത്തടം
കടപ്പാട് ദീപിക