കാത്തിരിപ്പിൻ്റെ ദിനമാണിത് – സ്നേഹം മരണത്തെ കീഴടക്കിയിരിക്കുന്നു എന്നതിൻ്റെ ആത്യന്തികതെളിവായ ഉത്ഥാനാചരണത്തിനായുള്ള പ്രാർത്ഥനാപൂർവകമായ കാത്തിരിപ്പ്.|*നിശ്ശബ്ദം, ധ്യാനലീനം ഈ കാത്തിരിപ്പ്*

Share News

*നിശ്ശബ്ദം, ധ്യാനലീനം ഈ കാത്തിരിപ്പ്*

സൃഷ്ടിചെയ്ത തമ്പുരാന്‍ വിശ്രമിച്ച ഏഴാംദിനത്തില്‍ത്തന്നെ പുതുസൃഷ്ടി ചെയ്തു തളര്‍ന്ന തമ്പുരാനും വിശ്രമിച്ചു. “അങ്ങേ കരങ്ങളിൽ എൻ്റെ ആത്മാവിനെ സമർപ്പിക്കുന്നു” എന്നു പറഞ്ഞ് തളർന്നുവീണ പുത്രൻ്റെ ആ വിശ്രമത്തിന് ഏറെ ചാരുതയുണ്ട്. അപ്പൻ്റെ മാറിലെ ചൂടുകൊണ്ടുള്ള ആ വിശ്രമത്തിൻ്റെ അർത്ഥതലങ്ങൾ വലുതാണ്.

പിതാവിന്റെ ഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച് ഏദന്‍തോട്ടത്തില്‍നിന്നു പുറത്തായ ആദിമാതാപിതാക്കളുടെ സ്ഥാനത്ത് പിതാവിന്റെ ഹിതത്തിനു പൂര്‍ണമായും കീഴ്‌വഴങ്ങി തോട്ടത്തിനകത്തുതന്നെ അറസ്റ്റും കല്ലറയും വരിക്കുന്ന പുത്രന്‍, ദൈവഹിതത്തിന്റെ തോട്ടത്തില്‍ വീണഴുകി നൂറുമേനി ഫലം പുറപ്പെടുവിക്കുന്ന ഗോതമ്പുമണിയാണെന്നു (യോഹ 12,24) പറഞ്ഞുവയ്ക്കുകയല്ലേ സുവിശേഷകന്‍? അതിന്, മഗ്ദലനാമറിയത്തെപ്പോലെ കാവലിരിക്കാന്‍ കൊതിക്കുന്ന മനസ്സാണ് വലിയ ശനിയാഴ്ച സഭയുടേത്. നടക്കാനിരിക്കുന്ന മുളപൊട്ടലിന്റെ മൃദുസ്വനം ഇപ്പോഴേ കേള്‍ക്കാനാകും.

*വിശ്രമവും വിമോചനവും*

സാബത്തുകല്പനയുടെ കാരണമായി പുറപ്പാടുഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത് സൃഷ്ടിക്കുശേഷം ദൈവം വിശ്രമിച്ചു എന്നതാണ് (പുറ 20,11). എന്നാല്‍, നിയമാവര്‍ത്തനഗ്രന്ഥത്തില്‍ സാബത്തുകല്പനയുടെ കാരണമായി പരാമർശിച്ചിരിക്കുന്നത്, ഈജിപ്തില്‍നിന്ന് ദൈവം ഇസ്രായേല്യരെ മോചിപ്പിച്ചു എന്ന യാഥാര്‍ത്ഥ്യമാണ് (നിയ 5,15). വിമോചനത്തിന്റെ ആഘോഷമെന്നോണം സാബത്താചരിക്കാന്‍ ഈ വിശുദ്ധഗ്രന്ഥഭാഗം നമ്മെ ആഹ്വാനം ചെയ്യുന്നു.

“ജീവനെ പാതാളത്തിൽ നിന്നു വിടുവിക്കാൻ ആർക്കു കഴിയും” എന്ന സങ്കീർത്തകൻ്റെ ചോദ്യത്തിന് (സങ്കീ 89,48) ഉത്തരം ലഭിച്ചത് വലിയ ശനിയാഴ്ചയാണ്! “ആത്മാവോടുകൂടെ ചെന്ന് അവൻ ബന്ധനസ്ഥരായ ആത്മാക്കളോട് സുവിശേഷം പ്രസംഗിച്ചു” എന്നാണ് 1പത്രോ 3,19 രേഖപ്പെടുത്തിയിരിക്കുന്നത്. വലിയ ശനിയാഴ്ചയുടെ ഈ വിമോചനമാനം വെളിവാക്കുന്നതാണ്, “അടക്കപ്പെട്ട് പാതാളത്തിൽ ഇറങ്ങി” എന്ന അപ്പോസ്തലന്മാരുടെ വിശ്വാസ പ്രമാണത്തിൻ്റെ ഭാഗം.

ഹീബ്രുവിൽ ‘ഷ്ഓൾ’ എന്നും ഗ്രീക്കിൽ ‘ഹാദെസ്’ എന്നുമുള്ള പദങ്ങളാൽ അറിയപ്പെടുന്ന പാതാളം ദുഷ്ടർക്കും ശിഷ്ടർക്കും ഒരുപോലെയല്ല. ‘അബ്രാഹത്തിൻ്റെ മടിത്തട്ട്’ എന്ന് ലൂക്കാ 16,22.23 വിശേഷിപ്പിക്കുന്നത് നീതിമാൻ്റെ പാതാളാനുഭവമാണ്. ഇത്തരം നീതിമാന്മാരുടെ ആത്മാക്കളെയാണ് കർത്താവ് പാതാളത്തിൽനിന്നു മോചിപ്പിച്ചത് എന്ന സഭയുടെ പുരാതനമായ പ്രബോധനം കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തിൽ വ്യക്തമായി കാണാം (CCC 633).

*മിശിഹാദൗത്യത്തിൻ്റെ അന്ത്യപ്രവൃത്തി*

തനിക്കു മുമ്പേ മരണമടഞ്ഞവരെ മോചിപ്പിക്കാനുള്ള യേശുവിൻ്റെ പാതാളഗമനവും മൃതരോടുള്ള പ്രഘോഷണവും (1പത്രോ 4,6) രക്ഷയുടെ സുവിശേഷ സന്ദേശത്തിന് പൂർണത കൈവരുത്തുകയായിരുന്നു. അവിടുത്തെ മെസയാനിക ദൗത്യത്തിൻ്റെ ഈ അന്തിമഘട്ടം സമയത്തിൽ സംക്ഷിപ്തമെങ്കിലും ഏറെ അർത്ഥവിശാലതയുള്ളതാണെന്ന് CCC 634 പ്രസ്താവിക്കുന്നു. ഈശോയുടെ പാതാളാവരോഹണം വിവരിക്കുന്ന പുരാതനമായ ഒരു പ്രഭാഷണത്തിൽ ആദത്തോട് ഈശോ ഇങ്ങനെ പറയുന്നതായി പ്രസ്താവിച്ചിരിക്കുന്നു: “നിനക്കുവേണ്ടി നിൻ്റെ മകനായിത്തീർന്ന നിൻ്റെ ദൈവമാണ് ഞാൻ… ഉറങ്ങുന്നവനേ, എഴുന്നേല്ക്കുക എന്നു ഞാൻ നിന്നോടു കല്പിക്കുന്നു. പാതാളത്തിൽ തടവുകാരനാകാനല്ല നിന്നെ ഞാൻ സൃഷ്ടിച്ചത്. മൃതരിൽനിന്ന് ഉണരുക; കാരണം, മൃതരുടെ ജീവനാണ് ഞാൻ!” (വലിയ ശനിയാഴ്ചയ്ക്കുള്ള ലത്തീൻ യാമപ്രാർത്ഥനയിലെ വായന).

ഉപസംഹാരം

നിശ്ശബ്ദതയുടെയും ധ്യാനത്തിൻ്റെയും ദിനമാണിത്. സാന്ദ്രനിശ്ശബ്ദതയില്‍ മുമ്പു പറഞ്ഞതിന്റെയും ആചരിച്ചതിന്റെയും അര്‍ത്ഥം കൂടുതല്‍ മിഴിവുള്ളതാകും.

കാത്തിരിപ്പിൻ്റെ ദിനമാണിത് – സ്നേഹം മരണത്തെ കീഴടക്കിയിരിക്കുന്നു എന്നതിൻ്റെ ആത്യന്തികതെളിവായ ഉത്ഥാനാചരണത്തിനായുള്ള പ്രാർത്ഥനാപൂർവകമായ കാത്തിരിപ്പ്.

Joshy mayyattil

Joshyachan Mayyattil

Share News