
പൊന്തിഫിക്കൽ ഡെലഗേറ്റിനോടുള്ള അനാദരവും എതിർപ്പും പരിശുദ്ധ പിതാവിനോടുള്ള അനുസരണക്കേടും അവഗണനയുമാണ്.|ഇത്തരം സമരമാർഗ്ഗത്തിലൂടെ തിരുസഭയെ മുഴുവനുമാണ് അപമാനിതയാക്കിയത്.|സീറോമലബാർസഭ
പ്രസ്താവന
കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവ് തന്റെ ദൗത്യനിർവ്വഹണത്തിന്റെ ഭാഗമായി ഇന്നലെ ഓഗസ്റ്റ് 14ന് വൈകുന്നേരം എറണാകുളം കത്തീഡ്രൽ ബസിലിക്ക സന്ദർശിച്ചപ്പോൾ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങൾ അങ്ങേയറ്റം ഖേദകരവും പ്രതിഷേധാർഹവുമാണ്.

പൊന്തിഫിക്കൽ ഡെലഗേറ്റിനെ ആവശ്യപ്പെട്ടവർ തന്നെ അദ്ദേഹത്തെ തടയുന്നതും പ്രതിഷേധസമരങ്ങൾ നടത്തുന്നതും തീർത്തും അപലപനീയമാണ്. അദ്ദേഹത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും സംഘർഷ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തത് നീതികരിക്കാനാവാത്തതും ക്രൈസ്തവവിരുദ്ധവുമായ രീതികളാണെന്ന് അതിന് നേതൃത്വം നൽകിയവരെയും പങ്കെടുത്തവരെയും ഓർമപ്പെടുത്തുന്നു.
ഏത് ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണെങ്കിലും ക്രൈസ്തവരുടെ സംസ്കാരത്തിന് നിരക്കാത്ത ഇത്തരം പ്രതിഷേധങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറേണ്ടതാണ്. കത്തീഡ്രൽ ബസിലിക്കയുടെ പരിസരം സമരവേദിയാക്കുന്നതും സഭാപരമായ അച്ചടക്കത്തിന്റെ സകല അതിർവരമ്പുകളും ലംഘിച്ചതുമായ ഇത്തരം സമരമാർഗ്ഗത്തിലൂടെ തിരുസഭയെ മുഴുവനുമാണ് അപമാനിതയാക്കിയത്. പൊന്തിഫിക്കൽ ഡെലഗേറ്റിനോടുള്ള അനാദരവും എതിർപ്പും പരിശുദ്ധ പിതാവിനോടുള്ള അനുസരണക്കേടും അവഗണനയുമാണ്.

അത്യന്തം നീചവും നിന്ദ്യവുമായ പദപ്രയോഗങ്ങളിലൂടെ തന്നെ അവഹേളിക്കുമ്പോഴും പരിശുദ്ധ കുർബാനയും കയ്യിൽ പിടിച്ച് പ്രാർത്ഥനാപൂർവം എതിർപ്പുകളെ നേരിട്ട പൊന്തിഫിക്കൽ ഡെലഗേറ്റ് ഉദാത്തമായ ക്രൈസ്തവസാക്ഷ്യമാണ് നമുക്ക് നൽകിയത്. അദ്ദേഹത്തോട് അനാദരവ് കാണിച്ചവർ ക്ഷമാപണം നടത്തുകയും തെറ്റുകൾ തിരിച്ചറിഞ്ഞ് പ്രാദേശികമായ സങ്കുചിത താത്പര്യങ്ങൾ മാറ്റിവെച്ച് സഭയോട് ചേർന്ന് നിൽക്കാൻ ശ്രമിക്കണം.

ഇത്തരം സമര ആഭാസങ്ങൾക്ക് നേതൃത്വം നൽകുന്നവരുടെ സ്ഥാപിത താത്പര്യങ്ങളും സഭയെ തകർക്കാൻ ശ്രമിക്കുന്നവരുടെ ഗൂഢ പദ്ധതികളും വിശ്വാസിസമൂഹം മനസ്സിലാക്കുകയും പിന്മാറുകയും ചെയ്യേണ്ടതാണ്. ആയതിനാൽ ഇത്തരം സമരങ്ങൾക്ക് ഇറങ്ങുന്ന വൈദികരും അല്മായരും സഭാപരമായ അച്ചടക്കം പാലിണമെന്ന് അഭ്യർത്ഥിക്കുന്നു.

ഫാ. ഡോ. ആന്റണി വടക്കേകര വി.സി.

പി.ആർ.ഒ, സീറോമലബാർസഭ &
സെക്രട്ടറി, മീഡിയാ കമ്മീഷൻ
ഓഗസ്റ്റ് 15, 2023