ജോസഫ് പിശാചുക്കളുടെ പരിഭ്രമം
ജോസഫ് നീതിമാനായിരുന്നു, ആ നീതിമാനെ സ്വാധീനിക്കാൻ സാത്താൻ പല വിധത്തിലും പരിശ്രമിച്ചെങ്കിലും തോറ്റു പിന്മാറാനായിരുന്നു വിധി. വി. യൗസേപ്പിതാവിനോടുള്ള ലുത്തിനിയായിൽ ജോസഫിനെ പിശാചുക്കളുടെ പരിഭ്രമമായിട്ടാണ് വിശേഷിപ്പിക്കുന്നത്. ആത്മീയ ജീവിതം സാത്താനുമായുള്ള ഒരു തുറന്ന യുദ്ധമാണ്. ഈ യുദ്ധത്തിൽ വിജയം വരിക്കാൻ നമുക്കാകണമെങ്കിൽ ശക്തമായ സൈന്യ ബലം വേണം . ഈ പോരാട്ടത്തിനു നേതൃത്വം വഹിക്കാൻ അനുഭവസമ്പത്തും വിവേചനാശക്തിയുമുള്ള ഒരാളുണ്ടായാൽ വിജയം സുനിശ്ചയം. വിശുദ്ധ യൗസേപ്പിനു നമ്മുടെ ആത്മീയ ജീവിതത്തെ ഭരമേല്പിച്ചാൽ നരകം പരിഭ്രമിക്കും.
വിശുദ്ധ യൗസേപ്പിൻ്റെ മാധ്യസ്ഥ്യം ആശ്രയിക്കുന്നതും മധ്യസ്ഥം തേടുന്നതും നരകത്തെ പരിഭ്രമിപ്പിക്കും, കാരണം ഈശോയുടെ വളർത്തപ്പൻ ഉള്ളിടത്ത് തിരുക്കുടുംബത്തിൻ്റെ സാന്നിധ്യവും സംരക്ഷണവുമുണ്ട്. പിശാചിനു യൗസേപ്പിനെ കീഴ്പ്പെടുത്താനുള്ള ഒരു ശക്തിയുമില്ല എന്നു വിശുദ്ധ ഫൗസ്റ്റീനാ തൻ്റെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ജിവിതത്തിൽ പരീക്ഷണങ്ങളും പ്രലോഭനങ്ങളും വരിഞ്ഞുമുറുക്കുമ്പോൾ അവയെ അതിജീവിക്കാനായി യൗസേപ്പിതാവിൻ്റെ പക്കലക്കു തിരിയുക. ജിവിത കാലത്ത് പിശാചിൻ്റെ പ്രലോഭനങ്ങളെ ദൈവാശ്രയം കൊണ്ടു തകർത്തെറിഞ്ഞ ജോസഫിനെ ഇന്നും നരകത്തിനു പേടിയാണ്.
ഫാ. ജയ്സൺ കുന്നേൽ mcbs