കെ സി റോസക്കുട്ടി കോണ്‍ഗ്രസ് വിട്ടു

Share News

കല്‍പ്പറ്റ : കോണ്‍ഗ്രസ് നേതാവ് കെ സി റോസക്കുട്ടി പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് പ്രാഥമികാംഗത്വവും രാജിവെക്കുന്നതായി റോസക്കുട്ടി ടീച്ചര്‍ അറിയിച്ചു. കെപിസിസി വൈസ് പ്രസിഡന്റാണ് റോസക്കുട്ടി ടീച്ചര്‍.

വനിതകളെ തഴയുന്ന പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുന്നത്. സ്ത്രീകളെ പാര്‍ട്ടി നിരന്തരം അവഗണിക്കുകയാണെന്ന് റോസക്കുട്ടി ആരോപിച്ചു.

നിലവിലെ അവസ്ഥയില്‍ ഒരു മതനിരപേക്ഷ സമൂഹം കെട്ടിപ്പടുക്കുന്നതിനും, രാജ്യത്തെ വര്‍ഗീയപാര്‍ട്ടികള്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കാനും കോണ്‍ഗ്രസിന് കഴിയില്ല. മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചത് ഏറെ വേദനിപ്പിച്ചെന്നും റോസക്കുട്ടി പറഞ്ഞു.

കൊല്ലം ജില്ലയില്‍ ഒരു സീറ്റ് കിട്ടുന്നതിന് ഡിസിസി പ്രസിഡന്റായിരുന്ന ബിന്ദു കൃഷ്ണയ്ക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരയേണ്ടി വന്നു. ഇത്രയേറെ ലിംഗ അസമത്വം ഉണ്ടായ കാലഘട്ടം ഉണ്ടായിട്ടില്ല. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അതിപ്രസരമാണ്. വയനാട്ടില്‍ ഇനി ഹൈക്കമാന്‍ഡ് ഗ്രൂപ്പ് കൂടി ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നു എന്നും റോസക്കുട്ടി പറഞ്ഞു.

മൂന്ന് പതിറ്റാണ്ടായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു റോസക്കുട്ടി. 1991 ല്‍ ബത്തേരി നിയമസഭ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി. വനിതാ കമ്മീഷന്‍ അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Share News