നെഞ്ചിൽ ചോര പൊടിയുന്ന വേദനയോടെ ഡോ. വന്ദന ദാസിന് കേരളം വിട ചൊല്ലിയിരിക്കുന്നു.| ആതുരസേവനരംഗത്തെ ഏകോപിപ്പിക്കുന്ന പ്രവർത്തനം മികവോടെ നയിക്കുന്ന മന്ത്രിയാണ് ശ്രീമതി വീണ ജോർജ്.

Share News

നെഞ്ചിൽ ചോര പൊടിയുന്ന വേദനയോടെ ഡോ. വന്ദന ദാസിന് കേരളം വിട ചൊല്ലിയിരിക്കുന്നു. ആരുടെയും കരളലിയിക്കുന്നതായി അമ്മയും അച്ഛനും അവൾക്കു നൽകിയ യാത്രാമൊഴിയും അന്ത്യചുംബനവും.

സ്വജീവൻ അപകടത്തിലാക്കിയും ആതുരസേവനം നടത്തുന്ന ഡോക്‌ടർമാരും ആരോഗ്യപ്രവർത്തകരും ചേർന്നാണ് കേരളത്തെ ലോകത്തിനുമുന്നിൽ തിളങ്ങുന്ന മാതൃകയായി മാറ്റിയിട്ടുള്ളത്. സമീപകാലത്ത് കേരളത്തെയാകെ ഉലച്ച പകർച്ചവ്യാധികളുടെ ഘട്ടത്തിലും മറ്റു പ്രകൃതിദുരന്തവേളയിലും ആ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കേരളത്തെ രക്ഷിച്ചെടുത്തത്. അവർക്കുണ്ടായ വേദനയും ആധിയും ഏറ്റവും ആഴത്തിൽ ഉൾക്കൊണ്ടു മനസ്സിലാവുന്നവരാണ് കേരളം ഭരിക്കുന്നത്. മുൻപറഞ്ഞ സേവനപ്രവർത്തനങ്ങളെയാകെ ഏകോപിപ്പിച്ച് പ്രവർത്തിച്ചതിന്റെ അനുഭവം നിപ്പയുടെയും കോവിഡിന്റേയും വെള്ളപ്പൊക്കത്തിന്റെയുമൊക്കെ നാളുകളിൽ ഉള്ളവരെന്ന നിലക്കുതന്നെയാണ് ആരോഗ്യപ്രവർത്തകരുടെ സേവനത്തിന്റെ ഉദാത്തമൂല്യം ഏറ്റവുമധികം മനസ്സിലാക്കുന്നവരാണ് കേരളം ഭരിക്കുന്ന സർക്കാരും മുന്നണിയുമെന്ന് കരളുറപ്പോടെ പറയുന്നത്.

കേരളം അംഗീകരിച്ച ഉത്തരവാദിത്തത്തുടർച്ചയിൽ ആതുരസേവനരംഗത്തെ ഏകോപിപ്പിക്കുന്ന പ്രവർത്തനം മികവോടെ നയിക്കുന്ന മന്ത്രിയാണ് ശ്രീമതി വീണ ജോർജ്. കേരളത്തെ നടുക്കി നടന്ന, നമ്മുടെയാകെ പ്രിയങ്കരിയായ ഡോ. വന്ദന ദാസിന്റെ കൊലയ്ക്ക് ശേഷം ഇനിയിങ്ങനെയൊരു ദുരന്തം കേരളത്തിൽ ആവർത്തിക്കില്ലെന്നുറപ്പാക്കാനുള്ള നിശ്ചയിച്ചുറപ്പിച്ച പ്രവർത്തനങ്ങളിലാണ് സംസ്ഥാന സർക്കാറിനു വേണ്ടി ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജിന്റെ നേതൃത്വത്തിൽ നടക്കുന്നത്. അവരുടെ വാക്കുകളെ സന്ദർഭത്തിൽനിന്നും അടർത്തിമാറ്റി അവരെയും അതുവഴി സംസ്ഥാന സർക്കാരിനെയാകെയും അപകീർത്തിപ്പെടുത്താനുള്ള ദുഷിച്ച ഒരു ശ്രമം ഡോ. വന്ദനയുടെ ദാരുണാന്ത്യത്തിന്റെ മറവിൽ ചിലർ നടത്തിയിട്ടുണ്ട്. മണിക്കൂറുകളുടെ ആയുസ്സു പോലുമില്ലാതെ ആ ദുരാരോപണക്കാർക്ക് വായടക്കേണ്ടി വന്നിട്ടുമുണ്ട്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി വന്ന അക്രമിയുടെ കുത്തേറ്റ് യുവ വനിതാഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും തീരാവേദനയുണ്ടാക്കുന്നതുമാണ്.
കൃത്യനിർവ്വഹണത്തിനിടെ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഇത്തരം അക്രമങ്ങൾ കൂട്ടായി അപലപിക്കപ്പെടണം. ഒരു സ്ത്രീക്കുനേരെയാണ് ഇങ്ങനെയൊന്നുണ്ടായതെന്നത് കൂടുതൽ ഗൗരവതരമാണ്. നമ്മുടെ പൊതുജനാരോഗ്യ രംഗത്തെ നേട്ടങ്ങളെയാകെ പിറകോട്ടടിപ്പിക്കുന്ന തരത്തിലുള്ള ഈയൊരു പ്രവണതയെ പൊതുസമൂഹവും വളരെ ജാഗ്രതയോടെ കാണണം.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച്, ആരോഗ്യസേവന രംഗത്തുള്ള സ്ത്രീകൾക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുമെന്നത് ഈ സർക്കാരിന്റെ കർക്കശമായ നിലപാടാണ്. അതിനെതിരായ സംഭവങ്ങളെയും പ്രവണതയെയും അതേ കാർക്കശ്യത്തോടെ നേരിടും. ശക്തമായ നടപടി സ്വീകരിക്കും.
ഡോക്ടര്‍ വന്ദനാ ദാസിന്‍റെ ദാരുണമായ അന്ത്യം പോലൊന്ന് ഒരു വിധത്തിലും ഇനിയുണ്ടായിക്കൂടാ. ആരോഗ്യ പ്രവർത്തകരുടെ ഒരു കാരണവശാലും ഇനിയൊരു ആരോഗ്യ പ്രവർത്തകരുടെയും വേണ്ടപ്പെട്ടവരുടെ കണ്ണീരു വീഴാൻ ഇടവന്നു കൂടാ. അതിനു പോന്ന നടപടികൾ സർക്കാരിൽ നിന്നുമുണ്ടാവും. നമ്മുടെ സാമൂഹ്യജീവിതത്തിന്റെ ഏറ്റവും വലിയ കരുത്തുകളിലൊന്നായ ആരോഗ്യപ്രവർത്തക സമൂഹത്തിന് ഭയാശങ്കകൾ കൂടാതെ സേവനത്തിനുള്ള അന്തരീക്ഷം സർക്കാർ ഉണ്ടാക്കും.
ആദരണീയയായ ചികിത്സകയുടെ കുടുംബത്തിന്‍റെയും ഉറ്റവരുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

കണ്ണീരിൽപ്പോലും കക്ഷിരാഷ്ട്രീയ നേട്ടം ചികയുന്നവർക്ക് എന്ത്‌ മനുഷ്യവേദന!

വന്ദനയുടെ ദേഹത്തു നിഷ്ഠൂരമായി പതിഞ്ഞ മാരകായുധമുണ്ടാക്കിയ വേദന വിവാദകുതുകികളുടെ മനസ്സുകളുടെ ഏഴയലത്തുപോലും വന്നിട്ടുണ്ടാവില്ല. പ്രിയ മകളേ, എന്നാലത് കേരളീയരുടെയാകെ നെഞ്ചിൽ എന്നുമെന്നും നീറി നിൽക്കും.

അന്ത്യയാത്ര, മോളേ.

Dr. R. Bindu

 Minister for Higher Education and Social Justice, Kerala State

Share News