കേരളം നാളെയും നിലനിൽക്കണം, വളരണം, വികസിക്കണം
ചരിത്രത്തിൽ കോൺഗ്രസ്സ് പാർട്ടി രാജ്യത്തിനുവേണ്ടി ചെയ്ത നന്മകളെ ഉയർത്തിക്കാണിക്കുന്നതിലും, ചരിത്ര പഥങ്ങളിൽ കോൺഗ്രസ്സ് പാർട്ടിക്കു സംഭവിച്ച അപചയങ്ങളെ വ്യക്തമായും കൃത്യമായും വസ്തുനിഷ്ഠമായും അപഗ്രഥിക്കുന്നതിലും ഡോ. ശശി തരൂരിനോളം കൃത്യത പുലർത്തിയിട്ടുള്ള സമകാലിക ഇന്ത്യൻ എഴുത്തുകാർ വിരളമായിരിക്കും.
ഒരു പക്ഷേ അതുതന്നെയായിരിക്കും, കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ അദ്ദേഹത്തെ അനഭിമതനാക്കുന്നതും!ഇന്നത്തെ ഇന്ത്യയിൽ, അദ്ദേഹത്തെപ്പോലുള്ള വ്യക്തികളെ മാറ്റിനിർത്തിക്കൊണ്ടോ, പാർശ്വവൽക്കരിച്ചുകൊണ്ടോ ഉള്ള കോൺഗ്രസ്സ് രാഷ്ട്രീയത്തിനു ഉൽബുദ്ധമായ ഒരു ജനതയെ സ്വാധീനിക്കാൻ കഴിയില്ല.
വിജ്ഞാന വിപ്ലവത്തിന്റെ കാലത്ത്, വസ്തുതകൾ മറച്ചുവച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ നിലപാടിനും നിലനിൽപ്പില്ല എന്ന തിരിച്ചറിവ് കോൺഗ്രസ്സിനു മാത്രമല്ല, ഇടതുപക്ഷം ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഉണ്ടാകണം. കേരളം പോലെ, പ്രകൃതി വിഭവത്തിലും മനുഷ്യ വിഭവവികസന രംഗത്തും മുന്നിട്ടുനിൽക്കുന്ന ഒരു സംസ്ഥാനത്തു പതിറ്റാണ്ടുകളായി വികസനം അസാധ്യമാക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളും, ഇതര രാഷ്ട്രീയ വൈകല്യങ്ങളും പരിഹരിക്കപ്പെട്ടേ മതിയാകൂ.
അടിസ്ഥാന ഉല്പാദന, വികസന രംഗങ്ങളെ അവഗണിച്ചുകൊണ്ടും, ബോധപൂർവം തകർത്തുകൊണ്ടും, കേരളത്തെ കടക്കെണിയിൽ കുരുക്കിയ, കേരളം ഭരിച്ച ഇരു മുന്നണികളും, ജനങ്ങൾക്കു താങ്ങാനാവാത്ത നികുതിഭാരം ചുമത്തിയും, അനധികൃത മാർഗങ്ങളിലൂടെ തങ്ങളുടെ സാമ്പത്തികനില സുരക്ഷിതമാക്കിയും, കേരളത്തിൽ ഭരണം തുടരാമെന്ന നിലപാട് അപലപനീയമാണ്. അസാധ്യവുമാണ്.ജനങ്ങൾക്കു ജീവിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ സൃഷ്ടിച്ചുകൊണ്ടും, നിയമാനുസൃതമല്ലാത്ത മാർഗങ്ങളിലൂടെ സമാന്തര സമ്പദ് വ്യവസ്ഥകൾ സൃഷ്ടിച്ചുകൊണ്ടും, കേരളത്തെ പ്രതിസന്ധിയിലാക്കുന്ന സമകാലിക സാഹചര്യങ്ങൾ മാറിയേ മതിയാകൂ.കേരള രാഷ്രീയം ജനങ്ങൾക്കു പ്രതീക്ഷനൽകുംവിധം പുതിയ ദിശാബോധം ഉൾക്കൊണ്ടു നിലപാടു സ്വീകരിക്കണം.
ഇന്ത്യ വളരുകയാണെങ്കിൽ, കേരളവും വളരണം, വികസിക്കണം. നാളെയും ഇവിടെ ജീവിക്കാമെന്ന പ്രതീക്ഷ ജനങ്ങളിൽ രൂഡമൂലമാകണം! രാഷ്ട്രീയ പാർട്ടികൾക്കും രാഷ്ട്രീയം തൊഴിലാക്കിയിട്ടുള്ളവർക്കും മാത്രമല്ല, സാധാരണ ജനങ്ങൾക്കും ഇവിടെ നിലനിൽപ്പും വികസനവും വളർച്ചയുമുണ്ടകണം!
ഫാ. വർഗീസ് വള്ളിക്കാട്ട്