വിസ്മയ കേസിൽ കിരൺ കുമാർ കുറ്റക്കാരൻ: ശിക്ഷ നാളെ

Share News

കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനെന്ന് കോടതി. കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ചൊവ്വാഴ്ച വിധിക്കും.

കിരണിനെതിരേ സ്ത്രീധന പീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവും തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. കിരൺകുമാറിന് സുപ്രീം കോടതി നൽകിയ ജാമ്യം റദ്ദാക്കുകയും ചെയ്തു.

വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. അമ്മ ഉള്‍പ്പെടെ വീട്ടിലിരുന്നാണ് വിധി കേട്ടത്

വിസ്മയ മരിച്ച്‌ 11 മാസവും 2 ദിവസവും പൂര്‍ത്തിയാകുമ്ബോഴാണ് 4 മാസം നീണ്ട വിചാരണയ്ക്കു ശേഷം വിധി പറഞ്ഞത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും സ്ത്രീധന നിരോധന നിയമത്തിലെയും പ്രധാന വകുപ്പുകളാണ് കിരണ്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീപീഡനം, ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ ഉൾപ്പെടെ ഒമ്പത് വകുപ്പുകളാണ് കിരൺകുമാറിനെതിരേ ചുമത്തിയിട്ടുള്ളത്.

കേസിൽ പ്രോസിക്യൂഷൻ 42 സാക്ഷികളെ വിസ്തരിച്ചിരുന്നു. 120 രേഖകളും 12 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിഭാഗത്തുനിന്നും രണ്ടു സാക്ഷികളെ വിസ്തരിക്കുകയും 40 രേഖകൾ ഹാജരാക്കുകയും ചെയ്തു.

507 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷി മൊഴികൾ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരുന്നു. ഫോൺ കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും പ്രധാന രേഖകളാക്കി തയാറാക്കിയ കുറ്റപത്രത്തിൽ വിസ്മയയുടെ ഭർത്താവ് സർക്കാർ ഉദ്യോഗസ്ഥനായിരുന്ന കിരൺ കുമാർ മാത്രമാണ് പ്രതി. കഴിഞ്ഞ ജനുവരി പത്തിനാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നിൽ പ്രോസിക്യൂഷൻ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്‍റെ സഹോദരിക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21നു വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്.

2020 മേയ് 30 നാണ് ബിഎഎംഎസ് വിദ്യാര്‍ഥിയായിരുന്ന വിസ്മയയെ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കിരണ്‍കുമാര്‍ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് 9ാം ദിവസം വിസ്മയ, അച്ഛന്‍ ത്രിവിക്രമനോട് ഇങ്ങനെ തുടരാന്‍ വയ്യെന്നും താന്‍ ആത്മഹത്യ ചെയ്തു പോകുമെന്നും കരഞ്ഞു പറയുന്ന ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സമാനമായ ഏതാനും ശബ്ദസന്ദേശം മരണത്തിനു ശേഷം പ്രചരിച്ചതോടെയാണ് വിസ്മയയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതും കിരണ്‍ അറസ്റ്റിലായതും. കിരണിനെ പിന്നീട് സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു.

വിധി എന്തായാലും കിരണ്‍കുമാറിനെ സര്‍വീസിലേക്ക് തിരിച്ചെടുക്കില്ല:മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കോടതി വിധി എന്തായാലും കിരണ്‍കുമാറിനെ സര്‍വീസിലേക്ക് തിരിച്ചെടുക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.

ഇക്കാര്യത്തില്‍ സര്‍ക്കാരിന് വിവേചനാധികാരമുണ്ടെന്നും ആന്റണി രാജു പറഞ്ഞു. പ്രതി കിരണ്‍ കുമാറിനെതിരെ ഏറ്റവും വലിയ ശിക്ഷയാണ് അന്ന് ഗതാഗത വകുപ്പ് നല്‍കിയത്. പൊതുസമൂഹം അതിനെ മൊത്തമായി സ്വാഗതം ചെയ്തതാണ്. എന്നാല്‍ ചില നിയമവൃത്തങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടായാതായും ചിലര്‍ ആ നടപടിയെ രാഷ്ട്രീയ കാരണങ്ങളാല്‍ വിമര്‍ശിക്കുകയും ചെയ്തത് ഏറെ പ്രയാസമുണ്ടാക്കിയെന്നും ആന്റണി രാജു പറഞ്ഞു.

സ്ത്രീധന പീഡനത്തെത്തുടര്‍ന്നു നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ പ്രഖ്യാപിക്കും. കിരണിന്റെ ജാമ്യം കോടതി റദ്ദാക്കി.കൊല്ലം അഡിഷനല്‍ സെഷന്‍സ് കോടതിയാണു വിധി പറഞ്ഞത്.

Share News